രസവും അച്ചാറും കൊടുത്ത് കുട്ടികളെ പറ്റിക്കണ്ട, കറികളായി കൂട്ടില്ലെന്ന് സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പെരുമ്പാവൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ രസവും അച്ചാറും കറികളായി കൂട്ടാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. ദിവസവും രണ്ടുതരം കറികള്‍ വേണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. കൂടാതെ ആഴ്ചയില്‍ ഒരുദിവസം ഒരു മുട്ട, ഒരു ഗ്ലാസ് പാല്‍ എന്നിവ നല്‍കണം.

ഉത്തരവ് നല്ലതാണെങ്കിലും ഇതിനുള്ള പണം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍. എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഒരാള്‍ക്ക് ആറു രൂപയും യു.പി. വിഭാഗത്തില്‍ 8.17 രൂപയുമാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്നത്. എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിന് ശരാശരി എട്ടുരൂപയെങ്കിലും വേണം.

അധ്യാപകര്‍ ൈകയില്‍നിന്ന് മുന്‍കൂറായി പണമെടുത്താണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. ഈ തുക മൂന്നുമാസം കുടിശ്ശികയാണ്. സാമ്പാര്‍, അല്ലെങ്കില്‍ മോരുകറി, തോരന്‍ അല്ലെങ്കില്‍ അവിയല്‍ എന്നിങ്ങനെയാണ് സാധാരണ നല്‍കുന്നത്. 

ചില ദിവസങ്ങളില്‍ കടല, പയര്‍ എന്നിവയും ഉള്‍പ്പെടുത്തും. ആഴ്ചയിലൊരിക്കല്‍ നല്‍കുന്ന കോഴിമുട്ടയ്ക്ക് ആറു രൂപയാകും. ഒരു ഗ്ലാസ് പാലിന് മൂന്ന്-നാലു രൂപ കണക്കാക്കണം. തുച്ഛമായ തുകകൊണ്ട് ഉച്ചഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും തുക കൂട്ടിനല്‍കണമെന്നും ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ഗവ. ബോയ്സ് എല്‍.പി. സ്‌കൂള്‍ പി.ടി.എ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.


 

Content Highlights: Kerala School Lunch: New Menu, Funding Concerns