ചാറ്റ് ജിപിടി തൊഴിലവസരങ്ങളെ ബാധിക്കുമോ? സാധ്യതകള്‍, വെല്ലുവിളികള്‍ | Edu Talk

ആഗോളതലത്തില്‍ ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ്, സാങ്കേതികവിദ്യ എന്നിവയിലൂന്നി ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു. ഇതിന്റെ മേന്മകളും, ഭവിഷ്യത്തുകളുമാണ് ചര്‍ച്ചചെയ്തുവരുന്നത്. തൊഴില്‍ മേഖലയില്‍ ചാറ്റ് ജിപിടി സൃഷ്ടിക്കാനിടയുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം ഭാവി തൊഴിലുകളെ ബാധിക്കുമോയെന്ന ആശങ്കയും നില നില്‍ക്കുന്നു! ചാറ്റ് ജിപിടി ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനുമായാണ് ഇപ്പോള്‍ മത്സരിക്കുന്നത്. ഏത് ചോദ്യത്തിനും എഴുതി തയ്യാറാക്കിയ ഉത്തരങ്ങളുമായി വരുന്ന ചാറ്റ് ജിപിടി സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ഇടം നേടുമെന്നാണ് സാങ്കേതിക വിദഗ്ദര്‍ വിലയിരുത്തുന്നത്.
ചാറ്റ് ജിപിടിയും ഗൂഗിളും
ചാറ്റ് ജിപിടി എന്നാല്‍ ചാറ്റ് ജനറേറ്റീവ് പ്രീ ട്രെന്‍ഡ് എന്നാണ്. ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത് ഓപ്പണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൈപ്പ് ചാറ്റ് ബോട്ടാണ്. ഇംഗ്ലീഷ് ഭാഷയിലാണ് എപ്പോള്‍ ഇതിന്റെ സേവനങ്ങള്‍ ലഭിക്കുന്നത്. ക്രമേണ പ്രാദേശിക ഭാഷയിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 2022 നവംബറില്‍ പുറത്തിറങ്ങിയ ചാറ്റ് ജിപിടി യില്‍ ഇപ്പോള്‍ ലോകത്താകമാനം 25 ലക്ഷത്തില്‍ താഴെ ഉപഭോക്താക്കളെ ഉള്ളൂ! 2015-ല്‍ ലാഭേച്ഛയില്ലാതെ സാം ആള്‍ട്മാനും, എലോണ്‍ മാസ്‌കും കൂടി ആരംഭിച്ച കമ്പനി പിന്നീട് മാസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ വരുമാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ചാറ്റ് ജിപിടി യിലൂടെ സെര്‍ച്ച് ചെയ്യുമ്പോള്‍ മറ്റ് സെര്‍ച്ച് എന്‍ജിനുകളെ അപേക്ഷിച്ച് വ്യക്തമായ ഉത്തരം ലഭിക്കും. ലഭിക്കുന്ന ഉത്തരം കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ എല്ലാ സേവനങ്ങളും പൂര്‍ണമായും സൗജന്യമാണ്. ചാറ്റ് ജിപിടി യില്‍ ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് ഉത്തരങ്ങള്‍ ലഭിക്കുന്നത്. ലഭ്യമായ ഡാറ്റയും കുറവാണ്. ഡാറ്റായുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങളും നിലനില്‍ക്കുന്നു. ഇത് ഗൂഗിള്‍ സെര്‍ച്ചിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍ ഗൂഗിള്‍ ഓഡിയോ, വീഡിയോ, ഫോട്ടോ, വേര്‍ഡ് ഫോര്‍മാറ്റില്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ആധുനിക അല്‍ഗോരിതം സാങ്കേതികവിദ്യ അവര്‍ അനുവര്‍ത്തിച്ചു വരുന്നു.
ചാറ്റ് ജിപിടി യുമായി മത്സരിക്കാന്‍ അടുത്തിടെയാണ് ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ഡ് എ ഐ പുറത്തിറക്കിയത്. ഇന്ത്യയടക്കമുള്ള 180 രാജ്യങ്ങളില്‍ ഗൂഗിള്‍ ബാര്‍ഡ് ലഭിക്കും. ഏറ്റവും പുതിയ കാര്യങ്ങള്‍ ബാര്‍ഡിലൂടെ അപ്‌ഡേറ്റ് നല്കാന്‍ സാധിക്കും.
ചാറ്റ് ജിപിടിയും തൊഴില്‍ നഷ്ടവും
ചാറ്റ് ജിപിടി മനുഷ്യ വിഭവശേഷിയുടെ ഉപയോഗം കുറക്കുന്നതോടെ തൊഴില്‍ മേഖലകളെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. എന്നാല്‍ ഭാവിയില്‍ ചാറ്റ് ജിപിടി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു. ചാറ്റ് ജിപിടിയിലൂടെയുള്ള ഉത്തരങ്ങള്‍ നിലവില്‍ 100 ശതമാനവും ശരിയല്ലാത്തതിനാല്‍ തൊഴിലിനെ ബാധിക്കുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഇതുമായി ബന്ധപ്പെട്ട് യഥേഷ്ടം വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. പക്ഷെ ചാറ്റ് ജിപിടി അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തികമാകുന്നതോടെ സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ഭീഷണിയാകാനിടവരും. മാത്രമല്ല, സമാന സ്വഭാവമുള്ള തൊഴില്‍ മേഖലകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
കസ്റ്റമര്‍ കെയര്‍ രംഗത്ത് സ്ഥിരമായി അനുവര്‍ത്തിക്കുന്ന സേവനങ്ങള്‍ ചാറ്റ്ജിപിടി വഴി എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതിനാല്‍ പ്രസ്തുതമേഖലയില്‍ മനുഷ്യവിഭവശേഷിയുടെ ആവശ്യകത കുറയാനിടവരും. ഫ്രന്റ് ഓഫീസ് തൊഴിലിനും ഇത് ഭീഷണിയാകും. ടീച്ചിങ്, കോച്ചിങ് മേഖലകളില്‍ തുടര്‍സേവനങ്ങള്‍ ഉറപ്പുവരുത്താനും, വിശകലനത്തിനും, ചോദ്യപേപ്പര്‍ രൂപപ്പെടുത്താനും ഈ ടെക്നോളജി ഏറെ സഹായിക്കും. കണ്ടെന്റ് ഡെവലപ്മെന്റ് രംഗത്ത് ചാറ്റ് ജിപിടി വളരെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കണ്ടെന്റ് എഡിറ്ററായും ഇവ പ്രയോജനപ്പെടുത്താം. ഡാറ്റ അനലിറ്റിക്സ് രംഗത്ത് ഡാറ്റയുടെ സമര്‍ത്ഥമായ വിശകലനം, റിപ്പോര്‍ട്ടിങ്, ഡോക്യൂമെന്റിങ് എന്നിവയ്ക്ക് ചാറ്റ് ജിപിടി ഏറെ സഹായകരമാകും. സ്വാഭാവികമായും മേല്‍ സൂചിപ്പിച്ച തൊഴിലുകളില്‍ റിക്രൂട്ട്മെന്റ് കുറയാനിടവരുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ടീച്ചിങ് തൊഴിലുകള്‍, എഡുടെക് പ്ലാറ്റ് ഫോമുകള്‍, അനിമേഷന്‍, കോമിക്‌സ്, ഗെയിമിംഗ് ടെക്നോളജി എന്നിവ ഭാവിയില്‍ ചാറ്റ് ജിപിടി കീഴടക്കിയാല്‍ തൊഴിലവസരങ്ങള്‍ കുറയാനിടവരും.
പുതിയ തൊഴിലുകള്‍ ഉണ്ടാക്കപ്പെടും, ചിലതിന് ഡിമാന്റേറും
അന്ധമായി എതിര്‍ക്കുന്നതിനു പകരം ശൈശവ ദശയിലുള്ള ചാറ്റ് ജിപിടി സൃഷ്ടിച്ചേക്കാവുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യേണ്ടത്. ചാറ്റ് ജിപിടി പ്രയോജനപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങളും യഥേഷ്ടം സംരംഭങ്ങളും, സ്റ്റാര്‍ട്ടപ്പുകളും ആരംഭിക്കാനാകും. ഇന്റര്‍നെറ്റ് വന്നപ്പോഴും ഇത്തരം അനാവശ്യ ആകുലതകള്‍ നമുക്കുണ്ടായിരുന്നു. മനുഷ്യന്റെ ചിന്തയെയും ബുദ്ധി ശക്തിയെയും പ്രതികൂലമായി ബാധിക്കുമെന്നും, മെഷീനുകളെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുമെന്നുമുള്ള അന്നത്തെ പ്രചാരണം ഇന്ന് ചാറ്റ് ജിപിടിയെക്കുറിച്ചും നിലവിലുണ്ട്. എന്നാല്‍ പുതിയ തൊഴിലുകളും, ഭാവി ഇന്നോവേഷനുകളെ ലക്ഷ്യമിട്ട തൊഴില്‍ മേഖലകളും, സംരംഭങ്ങളും രൂപപ്പെടും എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളില്ല.
2040 ഓട് കൂടി ഇപ്പോഴുള്ള 40 ശതമാനം തൊഴിലുകളും അപ്രസക്തമാകുമെന്നും, പകരം അറിയപ്പെടാത്ത പുത്തന്‍ തൊഴില്‍ അവസരങ്ങള്‍ രൂപപ്പെടുമെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
വരാനിരിക്കുന്നത് വന്‍തൊഴിലവസരങ്ങള്‍
ടെക്നോളജി അധിഷ്ഠിത സേവന മേഖലയില്‍ കൂടുതല്‍ തൊഴിലുകള്‍ രൂപപ്പെടുന്നതിനാല്‍ സ്‌കില്‍ വികസനത്തിന് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 2025-ഓടു കൂടി വരുമാനം 35000 കോടി ഡോളറിലെത്തും. സോഫ്‌റ്റ്വെയര്‍ സേവന കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ദൃശ്യമാണ്.
ആഗോള മേഖലയ്ക്കിണങ്ങിയ പ്രാപ്തി കൈവരിക്കുന്നതോടെ പുത്തന്‍ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, സ്പേസ് ടെക്, ഫിന്‍ ടെക് എന്നിവയില്‍ കൂടുതല്‍ സാധ്യതകളേറും. മുന്‍ഗണനാ ക്രമത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യക്ക് പ്രസക്തിയേറും. ആഗോള ഡെലിവറി മോഡല്‍, ഹൈബ്രിഡ് മോഡല്‍ എന്നിവ വിപുലപ്പെടും. ഇന്നോവേഷന്‍, ഉല്‍പ്പന്ന ഗുണനിലവാരം, ആഗോള സേവനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യമേറും. മൂല്യ വര്‍ദ്ധനവിന് ഡിജിറ്റല്‍ വിശ്വാസം, സുരക്ഷ, ഉത്തരവാദ ടെക്നോളജി, സേവനത്തിലൂടെയുള്ള മികവ്, പ്രവൃത്തി പരിചയം, സ്‌കില്‍ വികസനം, നൂതനസാങ്കേതിക സ്‌കില്ലുകള്‍ എന്നിവ വേണ്ടിവരും. സാങ്കേതിക വിദഗ്ധര്‍ക്ക് വേണ്ടിയുള്ള റിക്രൂട്മെന്റില്‍ വര്‍ദ്ധനവുണ്ടാകും. മികച്ച ടാലന്റ് അത്യന്താപേക്ഷിതമാകും. സൈബര്‍സെക്യൂരിറ്റി വെല്ലുവിളികള്‍ വര്ധിക്കാനിടവരും. ഹൈപ്പര്‍ ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, 5 ജി, 6 ജി എന്നിവയിലൂടെ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കും. മെറ്റാവേഴ്സ്, വെബ് 3.0, ക്‌ളൗഡ് സേവനങ്ങള്‍, എഡ്ജ് കമ്പ്യൂട്ടിങ്, ക്വാന്റം കമ്പ്യൂട്ടിങ് എന്നിവ വിപുലപ്പെടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സൈബര്‍ സെക്യൂരിറ്റിക്ക് സൈബര്‍ ക്രൈം നിയന്ത്രിക്കുന്നതില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ സാധിക്കും.
Content Highlights: Will Chat GPT take your job? TP Sethumadhavan Edutalk