ഏതു സെമസ്റ്ററിലും ഏതു കോഴ്‌സും പഠിക്കാം, തൊഴിലവസരങ്ങളേറെ; ഇന്ത്യക്കാര്‍ക്കായി തുറക്കുന്ന ജപ്പാന്‍

#ഡോ.ടി.പി.സേതുമാധവന്‍
Representational Image | Photo: freepik.com
Representational Image | Photo: freepik.com

അടുത്തയിടെയാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജപ്പാനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി/സര്‍വകലാശാലകളുമായി സഹകരണം ഉറപ്പുവരുത്തുക, വ്യവസായ സ്ഥാപനങ്ങളുമായുള്ള അക്കാഡമിയ - ഇന്‍ഡസ്ട്രി സഹകരണം ഉറപ്പുവരുത്തുക, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്ലേസ്‌മെന്റ് സാധ്യതകള്‍ വിലയിരുത്തുക, സ്‌കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് എന്‍.ഐ.ടി നേതൃത്വം നല്‍കിയ സന്ദര്‍ശനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍, ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ എന്നിവയുടെ പ്രതിനിധികളുമുണ്ടായിരുന്നു.

തൊഴിലിന് ജാപ്പനീസ് ഭാഷയും, സ്‌കില്ലും വേണം 

ഉന്നതവിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ജപ്പാനില്‍ അവസരങ്ങളേറെയുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ ജാപ്പനീസ് ഭാഷ അറിഞ്ഞിരിക്കണം. ആശയവിനിമയം പൂര്‍ണമായും ജാപ്പനീസ് ഭാഷയിലാണ്. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പക്ഷേ, പഠനശേഷം തൊഴില്‍ ലഭിക്കാന്‍ മികച്ച ഭാഷാപ്രാവീണ്യം ആവശ്യമാണ്. 

ടെക്‌നോളജി രംഗത്ത് ലോകത്തിലെ മൂന്നാമത്തെ മികച്ച സമ്പദ്‌വ്യവസ്ഥ എന്ന രീതിയില്‍ ജപ്പാന്‍ മുന്നിലാണ്. ഗതാഗത രംഗത്ത് ബുള്ളറ്റ് ട്രെയിനുകളും, വിപുലപ്പെട്ട മെട്രോ റെയില്‍ സംവിധാനവും ജപ്പാന്റെ പ്രത്യേകതകളാണ്. ടോക്കിയോവിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. സെബി ജോര്‍ജ് സൂചിപ്പിച്ച കാര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ജപ്പാനില്‍ സ്‌കില്‍ വികസനത്തിന് സാധ്യതയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കുള്ള മികച്ച ഉപരിപഠന, തൊഴില്‍ മേഖലയാകാന്‍ ജപ്പാന് സാധ്യതയേറെയുണ്ട്.  ഏതാണ്ട് അരലക്ഷം ഇന്ത്യക്കാരെ ഇപ്പോള്‍ ജപ്പാനിലുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ ജര്‍മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ കൂടുതലായി ജപ്പാനില്‍ തൊഴില്‍ ചെയ്തിരുന്നു. ജര്‍മ്മന്‍ സാങ്കേതികവിദ്യ ജപ്പാന്‍കാര്‍ ഇന്നും ഇഷ്ടപ്പെടുന്നു. എന്നാല്‍ തൊഴില്‍ മേഖലയില്‍ ചൈനക്കാരെ അപേക്ഷിച്ചു ഇന്ത്യക്കാരെ ലഭിക്കാനാണ് അവര്‍ക്കു താത്പര്യം! നാളിതുവരെയായി ഇന്ത്യയില്‍ നിന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. എന്നാല്‍ മാറുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ബിരുദപഠനത്തോടൊപ്പം ജാപ്പനീസ് ഭാഷാപ്രാവീണ്യം കൂടി കൈവരിക്കുന്നത് ജപ്പാനില്‍ തൊഴില്‍ ലഭിക്കാന്‍ ഉപകരിക്കും. ഇന്‍ഡോ ജപ്പാന്‍ സഹകരണത്തിന്റെ ഭാഗമായി എന്‍.ഐ.ടി കോഴിക്കോട് അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇതിനകം ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്നു. 

ജപ്പാനില്‍ ഇന്റേണ്‍ഷിപ്പുകള്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് നിരവധി സ്‌കോളര്‍ഷിപ്പുകളും, ഫെലോഷിപ്പുകളുമുണ്ട്. ഗവേഷണരംഗത്ത് നിരവധി മേഖലകളില്‍ ജപ്പാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കിവരുന്നു. ഓട്ടോമേഷന്‍, മെക്കട്രോണിക്സ്, റോബോട്ടിക്സ്, ഓട്ടോമൊബൈല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ബയോ ടെക്‌നോളജി, ബയോ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, പ്രെസിഷന്‍ ടെക്‌നോളജി എന്നിവയില്‍ ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ഏറെയുണ്ട്.

ഡിസൈന്‍, ടെക്‌നോളജി കോഴ്‌സുകള്‍

ഡിസൈന്‍ എന്‍ജിനീയറിങ്, നോവല്‍ കമ്പ്യൂട്ടിങ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, അഡ്വാന്‍സ്ഡ് ബയോസയന്‍സ്, എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍, പോളിസി ഡിസൈന്‍, സോഷ്യല്‍ ഇന്നോവേഷന്‍, ബിസിനസ്സ് & അഡ്മിനിസ്‌ട്രേഷന്‍ എന്നിവ പ്രധാനപ്പെട്ട ഉപരിപഠന മേഖലകളാണ്.  

ജപ്പാനില്‍ ബിരുദ പഠനം സെമസ്റ്റര്‍ രീതിയിലാണ്. എന്നാല്‍ ചില കോഴ്‌സുകള്‍ പകുതി സെമസ്റ്റര്‍ വരെ മാത്രമേയുള്ളൂ. ഗഹനമായ പഠനമാണ് സര്‍വകലാശാലകള്‍ വിഭാവനം ചെയ്യുന്നത്. ഏതു സെമെസ്റ്ററിലും ഏതു കോഴ്സും പഠിക്കാം. പ്രീ റിക്വിസിറ്റ് ഇല്ല. താത്പര്യവും, അഭിരുചിയും വിലയിരുത്തിയുള്ള കോഴ്സ് പഠിക്കാം. ഗവേഷണമേഖല തെരഞ്ഞെടുക്കാം. വിവിധ മേഖലകള്‍ കൂട്ടിച്ചേര്‍ന്നുള്ള ക്രോസ് ഡിസിപ്ലിനറി കോഴ്‌സുകളുമെടുക്കാം. അക്കാഡമിക് നിബന്ധനകള്‍  ജാപ്പനീസ് സര്‍വകലാശാലകളില്‍ വളരെ ലളിതമാണ്. ഇന്റേണ്‍ഷിപ്പ്, ഫീല്‍ഡ്‌വര്‍ക്ക് എന്നിവയ്ക്ക് അവസരങ്ങളേറെയുണ്ട്.

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് GIGA പ്രോഗ്രാം

ജാപ്പനീസ് സര്‍വകലാശാലകളിലെ അന്താരാഷ്ട്ര പ്രോഗ്രാമുകള്‍ GIGA (Global Information and Governance Academic Program) എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുണ്ട്. ടെക്‌നോളജി, വികസനം എന്നിവ ലക്ഷ്യമിട്ടുള്ള അക്കാദമിക്, സ്‌കില്‍ വികസന പ്രോഗ്രാമാണിത്. ആഗോള തൊഴില്‍ മേഖലയില്‍ മികച്ച തൊഴില്‍ ലഭിക്കാന്‍ ഇവ ഉപകരിക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ GIGA പ്രോഗ്രാമിലൂടെ അണ്ടര്‍ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഇംഗ്ലീഷില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ GIGA പ്രോഗ്രാമിലൂടെ പ്രവേശനം നേടണം.                 

GIGA പ്രോഗ്രാമിലൂടെയുള്ള പ്രവേശനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. ഇതിനായി പ്രത്യേക ഇന്റര്‍വ്യൂ ഇല്ല. ജാപ്പനീസ് ഭാഷയില്‍ N 5 - N 1 നിലവാരത്തിലുള്ള പ്രാവീണ്യ ടെസ്റ്റുകളുണ്ട്.  വിവിധ മേഖലകളുമായി ബന്ധപ്പെട്ട സ്‌പെഷ്യലൈസ്ഡ് കോഴ്സുകള്‍, ഗവേഷണം ലക്ഷ്യമിട്ട സെമിനാറുകള്‍, ഗ്രാജ്വേഷന്‍ പ്രൊജക്ടുകള്‍ എന്നിവയ്ക്ക് ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രാധാന്യം നല്‍കിവരുന്നു. ഇന്‍ട്രൊഡക്ടറി വിഷയങ്ങള്‍, ഭാഷ, കമ്യൂണിക്കേഷന്‍, ഡാറ്റ സയന്‍സ്, ഐ.ടി, വെല്‍നെസ്സ്, ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങള്‍, പോളിസി മാനേജ്മന്റ്, എന്‍വയോണ്മെന്റ്& ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സംരംഭകത്വം, എന്‍ജിനീയറിങ്, സയന്‍സ്, ടെക്‌നോളജി, ബയോസയന്‍സ്, സിസ്റ്റംസ് ബയോളജി, സൈബര്‍ ഇന്‍ഫോമാറ്റിക്‌സ്, ഡിസൈന്‍, ബയോഫിസിക്‌സ് എന്നിവ മികച്ച ഉപരിപഠന മേഖലകളാണ്. വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസ്സില്‍ വെച്ച് തന്നെ സംരംഭകരാകാനും, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുമുള്ള അവസരങ്ങളുണ്ട്.  എന്‍വയോണ്മെന്റല്‍ ഇന്നോവേറ്റര്‍, സോഷ്യല്‍ ഇന്നോവേറ്റര്‍, സൈബര്‍ സെക്യൂരിറ്റി, ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റ് എന്നിവ പ്രൊഫഷണല്‍   കോഴ്‌സുകളാണ്.

ജപ്പാനിലെ 900-ത്തോളം സര്‍വകലാശാലകളില്‍ 77 ശതമാനവും സ്വകാര്യ സര്‍വകലാശാലകളാണ്. 30000- ത്തിലധികം വിദ്യാര്‍ഥികള്‍ ഓരോ സര്‍വകലാശാലയിലുമുണ്ട്. റീടെയ്ല്‍, ഐ.ടി, ഫാക്ടറി നിര്‍മാണമേഖലകളില്‍ 23 ശതമാനത്തോളം വീതം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുണ്ട്. മലയാളികള്‍ നടത്തുന്ന ഐ.ടി കമ്പനികളും, ഹോട്ടലുകളും ടോക്യോവിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, നിര്‍മാണമേഖല എന്നിവയില്‍ അഭ്യസ്തവിദ്യരുടെ ക്ഷാമം ജപ്പാനിലുണ്ട്. ഓട്ടോമേഷന്‍, ഐ.ടി വിദഗ്ധരുടെ ആവശ്യകത വളരെ കൂടുതലാണ്. എന്‍ജിനീയറിങ്, ഭക്ഷ്യസംസ്‌കരണം, റീടെയ്ല്‍, ഡിസൈന്‍, ബയോസയന്‍സ്, പ്രൊജക്ട്് മാനേജ്മന്റ് ബിരുദധാരികള്‍ക്ക്  യഥേഷ്ടം അവസരങ്ങളുണ്ട്.

ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പുകള്‍ 

ജപ്പാനില്‍ ഉപരിപഠനത്തിനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സ്‌കോളര്ഷിപ്പുകളുണ്ട്. ആറോളം ജാപ്പനീസ് ഗവണ്മെന്റ് സ്‌കോളര്ഷിപ്പുകളുണ്ട്. ഇവ MEXT സ്‌കോളര്‍ഷിപ്പുകള്‍ എന്ന പേരിലാണറിയപ്പെടുന്നത്. ജാപ്പനീസ് എംബസിയാണ് വിദ്യാര്‍ത്ഥികളെ ആദ്യഘട്ട തെരെഞ്ഞെടുപ്പ് നടത്തുന്നത്. ഡോക്ടറല്‍ പഠനത്തിനാണ് MEXT സ്‌കോളര്‍ഷിപ് അനുവദിക്കുന്നത്. അടുത്തയിടെ ജപ്പാനിലെ കൊയോട്ടോ യൂണിവേഴ്‌സിറ്റി എന്‍.ഐ.ടി കോഴിക്കോടുമായി അക്കാഡമിക്, ഗവേഷണ മേഖലയില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിമാസം കൊയോടോ യൂണിവേഴ്‌സിറ്റി 80000 യെന്‍ (44298 രൂപ) വീതം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് അനുവദിക്കും. എ.ഡി.ബി, ലോക ബാങ്ക് സ്‌കോളര്‍ഷിപ്പുകളുമുണ്ട്. യോക്കോഹാമ നാഷണല്‍   യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്, സുഖുബ സ്‌കോളര്‍ഷിപ്, ജപ്പാനിലെ കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സ്‌കോളര്‍ഷിപ്പ്്, ഹോന്‍ജോ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ്്, ജപ്പാന്‍ ഫൌണ്ടേഷന്‍ യു.എന്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്, ജസ്സ്‌കോ സ്‌കോളര്‍ഷിപ്പ്്, മിത്‌സുബിഷി സ്‌കോളര്‍ഷിപ്പ്, ജപ്പാന്‍ എഡിബി / ലോക ബാങ്ക് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പുകളാണ്. ജപ്പാന്‍ ഫൌണ്ടേഷന്‍, JICA, ഇന്ത്യ ജപ്പാന്‍ എജ്യൂക്കേഷന്‍ കോര്‍പറേഷന്‍, ഇന്ത്യ ജപ്പാന്‍ കോ-ഓപ്പറേറ്റീവ് സയന്‍സ് പ്രോഗ്രാം മുതലായവ ഉന്നതവിദ്യാഭ്യാസം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രധാനപ്പെട്ട ഏജന്‍സികളാണ്. JETRO വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര വിനിമയം, സേവനങ്ങള്‍, അന്താരാഷ്ട്ര സഹകരണം എന്നിവയുമായി ബന്ധപ്പെട്ടു  പ്രവര്‍ത്തിക്കുന്നു.

എന്‍.ഐ.ടി കോഴിക്കോട് സ്‌കില്‍ അക്കാദമി ജപ്പാനില്‍  

എന്‍ ഐ ടി കോഴിക്കോട് ടോക്യോവിലെ ഇന്ത്യന്‍ എംബസ്സിയുമായി ചേര്‍ന്നുകൊണ്ട് ജപ്പാനില്‍ സ്‌കില്‍ അക്കാദമി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫസര്‍ പ്രസാദ് കൃഷ്ണ അറിയിച്ചു. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്ലേസ്‌മെന്റ് സൗകര്യം ലഭിക്കും. എന്‍.ഐ.ടി കോഴിക്കോട് നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയ നിരവധി ബിരുദദാരികള്‍ ഇതിനകം ജപ്പാനില്‍ ഉയര്‍ന്ന പദവികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  

Photo: freepik.com 

(ബെംഗളൂരു ട്രാന്‍സ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് & ടെക്നോളജി പ്രൊഫസര്‍ ആണ് ലേഖകന്‍)

Content Highlights: Study in Japan, Fully Funded Scholarships, MEXT Scholarship 2024,Best Japan Scholarship, jobs japan