എത്ര ശ്രമിച്ചാലും ഐകെഎസിന്റെ ഉള്ളടക്കം സാർഥകമാക്കാൻ കഴിയില്ല; തലക്കെട്ടുതന്നെ പ്രശ്നമാണ്

ഇന്ത്യൻ വിജ്ഞാനവ്യവസ്ഥയും അത് രൂപംകൊണ്ട ചുറ്റുപാടും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് ദേശീയ വിദ്യാഭ്യാസനയം (2020) ശുപാർശചെയ്തതനുസരിച്ച് യുജിസി ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) നാലുവർഷ ബിരുദപദ്ധതിയുടെ മൂന്നാം സെമസ്റ്ററിൽ ബഹുവിഷയ നിർബന്ധകോഴ്‌സായി ഉൾപ്പെടുത്തിയിരിക്കുന്നു. പാശ്ചാത്യേതര വിജ്ഞാനവ്യവസ്ഥയും അത് രൂപംകൊണ്ട സാഹചര്യവും മനസ്സിലാക്കുക എന്നതാണ് യുജിസി നിർദേശത്തിലെ കാതലായ വശം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ കാതൽമാത്രം നടപ്പാക്കുന്ന സംസ്ഥാനമാകുന്നു കേരളം. അതിനാൽ കേരളീയ വിജ്ഞാനവ്യവസ്ഥകളും അവ രൂപംകൊണ്ട സാഹചര്യവും പഠിപ്പിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാർ യോഗംചേർന്ന് മാസങ്ങൾക്കുമുൻപ് തീരുമാനിച്ചത്.
ഐകെഎസ് സിലബസ്
ഐകെഎസ് സിലബസിൽ ഇന്ത്യൻ വിജ്ഞാനവ്യവസ്ഥയുടെ പശ്ചാത്തലം പരമ്പരാഗത വിജ്ഞാനം, വിദ്യാഭ്യാസപാരമ്പര്യചരിത്രം, ഗുരുകുലസമ്പ്രദായം, പാഠശാല, വിദ്യാലയം, വിശ്വവിദ്യാലയം തുടങ്ങിയവയാണ്
ഗുരുകുലങ്ങളുടെ രീതി വിവരിക്കാനേ നിവൃത്തിയുള്ളൂ. പാഠശാലയുടെയും വിദ്യാലയത്തിന്റെയും കാര്യവും അതുതന്നെ. വിശ്വവിദ്യാലയം ഉദാഹരിക്കാൻ തക്ഷശിലയും നാളന്ദയുമൊക്കെയുണ്ട്. അവ ബ്രാഹ്മണകേന്ദ്രങ്ങളായിരുന്നെന്ന് ധരിച്ചതുപോലെയുണ്ട്. യുജിസി ഇന്ത്യൻ നോളജെന്നപേരിൽ ഉയർത്തിപ്പിടിക്കുന്നത് വേദജ്ഞാനവും ബ്രാഹ്മണചിന്തകളുമാണ്. അവയിൽത്തന്നെ അദ്വൈതമോ ബൃഹസ്പത്യ-ചാർവാക-കൗത്സയുക്തിയോ ഉദ്ദേശിക്കുന്നില്ല. വേദഗണിതത്തിന് പ്രാധാന്യംകൊടുക്കുന്ന രീതിയിലാണ് ജ്യോതിർഗണിതംപോലും ഉൾപ്പെടു ത്തിയിരിക്കുന്നത്. വിജ്ഞാനരംഗത്ത് ജൈന-ബൗദ്ധ സംഭാവനകളും സുപ്രധാനമാണ്.
എത്ര ശ്രമിച്ചാലും ഐകെഎസിന്റെ ഉള്ളടക്കം സാർഥകമാക്കാൻ കഴിയില്ല. തലക്കെട്ടുതന്നെ പ്രശ്നമാണ്. ഏതാണീ ഇന്ത്യൻ ജ്ഞാനവ്യവസ്ഥ? നാനാവ്യവസ്ഥകളല്ലേ, അതും പരസ്പരവിരുദ്ധം. അവയുടെ സുപ്രധാന അംശങ്ങൾപോലും ഉൾപ്പെടുത്താനാവില്ല. എന്നിട്ടും ഇങ്ങനെയൊന്ന് നിർദേശിച്ചതിനുപിന്നിൽ സാമുദായിക-വരേണ്യ സങ്കുചിതത്വമുണ്ട്. അതിനെ പ്രതിരോധിക്കുന്ന ബദലാണ് കേരളം തയ്യാറാക്കിയത്. എല്ലാസമൂഹത്തിന്റെയും ജ്ഞാനപാരമ്പര്യത്തെ അത് സ്പർശി ക്കുന്നു. സയൻസിന്റെ ധാർഷ്ട്യമില്ലാതെ ഏതറിവിനോടും നീതിപുലർത്താനും അത് ശ്രമിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രധാന സന്ദേശങ്ങളിലൊന്നാണത്.
കേരളീയ വിജ്ഞാനവ്യവസ്ഥകൾ
കേരളംമാത്രമെടുത്താലും വിജ്ഞാനവ്യവസ്ഥകളുടെ പഠനം പൂർണമാവില്ല. എന്നാൽ, യുജിസി നിഷ്കർഷിക്കുന്ന പഠനഫലം നേടാൻ കേരളീയ വിജ്ഞാനവ്യവസ്ഥകൾ പഠിച്ചാൽമതി. ലോഹവിദ്യയും വാസ്തുവിദ്യയും ഗുരുകുലവും അർഥശാസ്ത്രവും തത്ത്വചിന്തയും സങ്കീർണ ജ്യോതിർഗണിതവും നാട്യശാസ്ത്രവുമെല്ലാം പഠിപ്പിക്കാനും പ്രയാസമില്ല. ഇരുമ്പായാലും ഓടായാലും ലോഹവിദ്യയുടെ കാര്യത്തിൽ കേരളത്തിന്റെ സംഭാവന ശ്രദ്ധേയമാണ്. കേരളത്തിൽ ഗുരുകുലത്തിന് ഉദാഹരണങ്ങൾ എടുത്തുകാട്ടാനാവും. കൂടല്ലൂർ മന പേരുകേട്ട ഗുരുകുലമായിരുന്നു. നിളയും തൂതപ്പുഴയും കൂടിച്ചേരുന്ന ഗ്രാമം. മഹാപണ്ഡിതശ്രേഷ്ഠരുടെ കേന്ദ്രം. അവിടെനിന്നുലഭിച്ച ഗ്രന്ഥങ്ങൾക്ക് കണക്കില്ല. ‘ഭാഷാകൗടിലീയം’ ഇവിടെ എടുത്തുപറയണം. അർഥശാസ്ത്രത്തിന്റെ വെറും വിവർത്തനമല്ലത്.
ജ്യോതിർഗണിതം, തത്ത്വചിന്ത, യോഗ, വാസ്തുവിദ്യ, ആയുർവേദം, ഭാഷാശാസ്ത്രം, സാഹിത്യം, മീമാംസ എന്നുവേണ്ട ഏതുവിഷയത്തിലും അവിടെ ഉപരിപഠനം സാധ്യമായിരുന്നു. കൂട്ടത്തിൽ പ്രധാനം ഒരുപക്ഷേ, സങ്കീർണ ജ്യോതിർഗണിതമായിരുന്നിരിക്കാം. അതിൽ മികച്ച സംഭാവനകൾ നൽകിയ ഗണിതജ്ഞരുടെ ഗ്രാമങ്ങൾ കൂടല്ലൂരിന്റെ ചുറ്റുവട്ടത്തായിരുന്നുവെന്നത് യാദൃച്ഛികമല്ല-തലക്കുളത്തൂർ, ആലത്തൂർ, കേളല്ലൂർ, തൃപ്രങ്ങോട്, കണ്ടിയൂർ.
സംഗ്രമഗ്രാമ മാധവൻ ഇന്ന് ലോകപ്രശസ്തനാണ്. വൃത്ത വൃത്താർധങ്ങളുടെ അനുപാതം (3.1415 9 ----) ആദ്യമായി പതിമ്മൂന്നുദശാംശംവരെ ഗണിച്ചതും ആവർത്തനത്തെ അടിസ്ഥാനമാക്കുന്ന അതീത സമവാക്യങ്ങൾ തീർത്തതും അപരിമിത ശ്രേണികളെ സിദ്ധാന്തീകരിച്ചതും അദ്ദേഹമായിരുന്നു.
കേരളത്തിലാണ് സങ്കീർണ ഗണിതശാസ്ത്രം അതിന്റെ പരമോന്നതിപ്രാപിച്ചത്. ലോകത്താദ്യമായി കാൽക്കുലസിന് പാഠപുസ്തകം രചിക്കപ്പെട്ടത് മലയാളഗദ്യത്തിലാണ് (ജ്യേഷ്ഠദേവന്റെ യുക്തിഭാഷ). കേരളീയ വിജ്ഞാനപാരമ്പര്യം സ്പർശിക്കാതെ ഐകെഎസ് പഠിപ്പിക്കാനാവില്ല എന്നർഥം. ഐകെഎസിന്റെ പരിമിതികൾ ഒരതിരോളം പരിഹരിക്കാൻ കേരളത്തിന്റെ വിജ്ഞാനവ്യവസ്ഥകൾ (കെകെഎസ്) മതി.
സംസ്കാരപഠനങ്ങൾ പോരാ
വിജ്ഞാനവ്യവസ്ഥകൾക്കുപകരം കേരളീയസംസ്കാരപഠനം പോരാ. ഭാഷാധ്യാപകരാണ് ഇത് പഠിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചത് അവരെ അവഗണിക്കുന്ന യുജിസി നയവും പ്രത്യാഘാതങ്ങളും ഒഴിവാക്കാനാണ്. അതിനർഥം യുജിസി നിർദേശിക്കുന്ന പഠനഫലം വേണ്ടെന്നുവെക്കാമെന്നല്ല. ഭാഷാധ്യാപകർ അവർക്ക് പരിചിതമായ സാംസ്കാരികപാഠം പഠിപ്പിച്ചാൽ വിദ്യാർഥികൾ നിർദിഷ്ട ഫലപ്രാപ്തി എങ്ങനെ നേടും? മാത്രമല്ല, ബഹുവിഷയസമീപനംവഴി വിഷയാതീത വിജ്ഞാനാവബോധം നേടുക എന്നലക്ഷ്യവും അസാധ്യമാവും. ഈ പ്രശ്നങ്ങൾ കണക്കിലെടുക്കാതെയാണ് ചില സർവകലാശാലകൾ കോഴ്‌സും പഠനസാമഗ്രിയും തയ്യാറാക്കിയിരിക്കുന്നത്. Understanding Kerala: Science, Culture and Literature എന്ന പേരിൽ കോഴ്‌സും പഠനസാമഗ്രിയും തയ്യാറാക്കിയിരിക്കുന്നതിലും ഈ അശ്രദ്ധയുണ്ട്. ഇതും വൈജ്ഞാനിക വ്യവസ്ഥകൾക്കുപകരമാവില്ല.
വിദ്യാർഥികളുടെ വ്യക്തിത്വം, ധാർമികമൂല്യബോധം, വിമർശാവബോധം എന്നിവ പോഷിപ്പിക്കുന്ന മൂല്യവർധക കോഴ്സ് തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്. അപ്പോഴും ഇന്ത്യൻ വിജ്ഞാനവ്യവസ്ഥ നിർബന്ധമാണ്. പഠനം ബഹുവിഷയസമീപനം പുലർത്തണം. വ്യത്യസ്ത വിഷയങ്ങളുടെ പരിധിയിൽനിന്ന് പഠിക്കണമെന്നല്ല. ഓരോ വിഷയത്തിന്റെയും പരിധിക്കപ്പുറം വിഷയങ്ങൾക്കുകുറുകെ (cross-disciplinary) പഠിക്കണമെന്നാണ്. അങ്ങനെ വിഷയാതീത വിജ്ഞാനബോധം വളർത്തണം. അതാണ് യുജിസി നിഷ്കർഷിക്കുന്ന പഠനഫലപ്രാപ്തി (learning outcome). അതിനുപയുക്തമാണ് വിജ്ഞാനവ്യവസ്ഥകളുടെ പഠനം. എൻഇപിയും യുജിസിയും ലക്ഷ്യമാക്കുന്നത് മറ്റെന്തൊക്കെയായാലും ദേശീയ-തദ്ദേശീയ വിജ്ഞാനപൈതൃകം എല്ലാവിദ്യാർഥികളും അറിഞ്ഞിരിക്കണമെന്നത് പ്രധാനംതന്നെയാണ്. അതിനനുയോജ്യമായ കോഴ്സും പഠനസാമഗ്രിയുംവെച്ചായിരിക്കണം അധ്യാപകർ പഠിപ്പിക്കേണ്ടത്.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാണ് ലേഖകൻ
Content Highlights: UGC's Indian Knowledge System (IKS): A Critical Analysis of its Curriculum