കേരളത്തെ മെഡിക്കൽ വിദ്യാഭ്യാസ ഹബ്ബാക്കാം, പ്രശ്നങ്ങളും പരിഹാരങ്ങളും

കുറച്ചുകാലമായി നമ്മുടെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ഉയരുന്ന വിമർശനം ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയെക്കുറിച്ചാണ്. അതിനുകാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉന്നതവിദ്യാഭ്യാസകോഴ്‌സുകൾ പഠിക്കാൻ, പ്രത്യേകിച്ച് താരമൂല്യമുള്ള മെഡിക്കൽ, എൻജിനിയറിങ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാൻപോലും മലയാളിവിദ്യാർഥികൾ ഇതരസംസ്ഥാനങ്ങളിലെയും വിദേശത്തെയും സ്ഥാപനങ്ങളെ ആശ്രയിക്കുന്നുവെന്നതാണ്.
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർഥികൾ എം.ബി.ബി.എസ്. പഠനത്തിനായി വരുന്നുവെന്നതാണ് യാഥാർഥ്യം. ഇതരസംസ്ഥാന വിദ്യാർഥികൾക്കായി നീക്കിവെച്ച സീറ്റുകൾ പരിമിതമായ സാഹചര്യത്തിലാണ് ഇവിടേക്കുള്ള കുത്തൊഴുക്ക് എന്ന് മനസ്സിലാക്കണം.
കഴിഞ്ഞവർഷം സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ റാങ്ക്നില പരിശോധിച്ചാൽ 15 ശതമാനം ഓൾ ഇന്ത്യ ക്വാട്ടയിൽ റാങ്ക് നേടിയ വിദ്യാർഥികളുടെ ശരാശരി റാങ്ക് സംസ്ഥാനത്തെ സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിൽ പ്രവേശനംനേടിയ വിദ്യാർഥികളുടെ റാങ്കിനെക്കാൾ ബഹുദൂരം മുൻപിലാണെന്നുകാണാം. ഓൾ ഇന്ത്യ ക്വാട്ടയിൽ സംസ്ഥാന സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇടംനേടിയ വിദ്യാർഥികളുടെ നീറ്റ് റാങ്ക് 6995 വരെ ആണെന്നിരിക്കെ, പ്രസ്തുത കോളേജുകളിൽ ഇടംനേടിയ സ്റ്റേറ്റ് മെറിറ്റ് വിദ്യാർഥികളുടെ റാങ്ക് 9760 വരെയാകുന്നു.
മെഡിക്കൽവിദ്യാഭ്യാസ ഹബ്ബായി മാറാൻ എന്തുകൊണ്ടും യോഗ്യമാണ് കേരളം. ഇപ്പോൾ ഓൾ ഇന്ത്യ ക്വാട്ടയിൽ 15 ശതമാനംമാത്രമാണ് അനുവദിച്ചുവരുന്നത്. ഇതുവർധിപ്പിച്ച് 50 ശതമാനമെങ്കിലും ആക്കണമെന്ന് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സുപ്രീം കോടതിമുമ്പാകെ നിലവിലുള്ള ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അത് സഫലമായാൽ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് ഇതരസംസ്ഥാനത്തെ മിടുക്കരായ വിദ്യാർഥികളുടെ പ്രവാഹമുണ്ടാകുമെന്നതിൽ സംശയമില്ല. അതുവഴി കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്., പി.ജി സീറ്റുകളുടെ ഡിമാൻഡുകൾ വർധിപ്പിക്കാനും കൂടുതൽ സീറ്റുകൾ ലഭ്യമാക്കാനും വഴിയൊരുങ്ങും. കേരള മോഡൽ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകും. കേരളം വൈകാതെ മെഡിക്കൽവിദ്യാഭ്യാസ ഹബ്ബായി മാറുകയും ചെയ്യും.
പ്രശ്നങ്ങളും പരിഹാരങ്ങളും
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഫാക്കൽറ്റികൾ വിശിഷ്യാ പ്രീക്ലീനിക്കൽ, പാരാക്ലിനിക്കൽ വിഷയങ്ങളിൽ കുറവാണ്. അത് കേരളത്തിലും യാഥാർഥ്യമാണ്. ഇത് കേരളത്തിലെ മെഡിക്കൽവിദ്യാഭ്യാസ മേഖലയെയും പുറകോട്ടുവലിക്കുന്നുണ്ട്. പ്രീക്ലിനിക്കൽ വിഷയങ്ങളായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ കൂടാതെ പാരാ ക്ലിനിക്കൽ വിഷയങ്ങളായ മൈക്രോബയോളജി, പാത്തോളജി. ഫാർമക്കോളജി, ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ എന്നിവയിൽ ഇന്ത്യയിലാകമാനം മെഡിക്കൽകോളേജുകളിലേക്ക് ആവശ്യമുള്ള ഫാക്കൽറ്റിക്ക് ആനുപാതികമായി മേൽപ്പറഞ്ഞ വിഷയങ്ങളിൽ പി.ജി. യോഗ്യതയുള്ള (MD/MS) അധ്യാപകരില്ല. എം.ബി.ബി.എസ്. ബിരുദമുള്ള ഏതൊരു ഡോക്ടറും ക്ലിനിക്കൽ വിഷയങ്ങളിൽ ആകൃഷ്ടനായി വിവിധ മെഡിക്കൽ സർജിക്കൽ സ്പെഷ്യാലിറ്റികളിൽ പി.ജി. ബിരുദത്തിനായി പോകുമ്പോൾ പ്രീക്ലിനിക്കൽ, പാരാ ക്ലിനിക്കൽ വിഷയങ്ങൾക്ക് ചേരാൻ ആളില്ലാതെ വരുന്നതാണ് ഇത്തരം ഫാക്കൽറ്റികളുടെ ദൗർലഭ്യത്തിന് കാരണം.
ക്ലിനിക്കൽ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടിവരുന്ന ഡോക്ടറെക്കാൾ തൊഴിൽസാധ്യതയും താരതമ്യേന ഉയർന്ന ശമ്പളവും നോൺ ക്ലിനിക്കൽ ഡോക്ടർമാർക്ക് മെഡിക്കൽ കോളേജുകളിൽ ലഭ്യമാകുന്നുണ്ട്. പ്രീക്ലിനിക്കൽ പാരാ ക്ലിനിക്കൽ വിഷയങ്ങളിൽ എം.ഡി., എം.എസ്. ബിരുദാനന്തരബിരുദ കോഴ്‌സുകൾക്ക് ചേരാൻ നീറ്റ് മാനദണ്ഡം ഒഴിവാക്കിയാൽ ഒരു പരിധിവരെ ഇപ്പോൾ ഈ വിഷയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ബിരുദാനന്തരസീറ്റുകളിലേക്ക് ആളെ കണ്ടെത്താനാകും.
ബി.ഡി.എസ്. ബിരുദധാരികൾക്ക് മേൽപ്പറഞ്ഞ പ്രീ, പാരാ ക്ലിനിക്കൽ വിഷയങ്ങളിൽ അഡ്മിഷൻ ലഭ്യമാക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിബന്ധനകളിൽ മാറ്റംവരുത്തിയാൽ മെഡിക്കൽ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകുകയും തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്ന ബി.ഡി.എസ്. ബിരുദധാരികൾക്കും ആശ്വാസമാകുകയുംചെയ്യും.
കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പോസ്റ്റ്മോർട്ടത്തിന് അനുമതിയില്ലാത്തത് ഇവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് പോസ്റ്റ്‌മോർട്ടത്തിൽ പ്രാവീണ്യം നേടാൻ തടസ്സമാണ്. മറ്റുസംസ്ഥാനങ്ങളിൽ അത്തരമൊരു തടസ്സമില്ല. അത് ഇവിടെയും അനുവദിച്ചാൽ ആ പ്രശ്നത്തിന് പരിഹാരമാകും.
സർക്കാർ സഹായിക്കണം
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ മെഡിക്കൽ വിദ്യാഭ്യാസരംഗത്തും ആരോഗ്യപരിപാലനരംഗത്തും തനതായ സംഭാവനകൾചെയ്ത് സംസ്ഥാനത്തിന് മുതൽക്കൂട്ടായി മാറിയിട്ടുണ്ടെങ്കിലും കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾ വേണ്ടത്ര പരിഗണന, പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന ഈ സ്ഥാപനങ്ങൾക്ക് നൽകുന്നില്ല എന്നത് ദുഃഖസത്യമാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ഫീസിൽ എം.ബി.ബി.എസ്., എം.ഡി., എം.എസ്. കോഴ്‌സുകൾക്ക് പ്രവേശനം നൽകുന്ന കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ വരവും െചലവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ്.
നാഷണൽ മെഡിക്കൽ കമ്മിഷൻ ഈയിടെ പുറപ്പെടുവിച്ച പുതിയ മാറ്റങ്ങൾ പ്രകാരം ജനസംഖ്യാധിഷ്ഠിതമായി മെഡിക്കൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുകയാണ്. അതുപ്രകാരം പത്തുലക്ഷം ജനങ്ങൾക്ക് 100 എം.ബി.ബി.എസ്. സീറ്റ് എന്ന അനുപാതം പ്രാവർത്തികമാകും. അങ്ങനെ വരുമ്പോൾ മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിന് പരമാവധി 3500 എം.ബി.ബി.എസ്. സീറ്റുമാത്രമേ അനുവദിച്ചുകിട്ടൂ. ഇക്കാരണംകൊണ്ട് കേരളത്തിൽ പുതിയ കോളേജുകൾ നിലവിൽ വരാനോ നിലവിലുള്ള കോളേജുകളിൽ സീറ്റ് വർധിപ്പിക്കാനോ കഴിയില്ല. ഈ സാഹചര്യത്തിൽ ഫാക്കൽറ്റി ലഭ്യതയും മറ്റുസൗകര്യങ്ങളും കണക്കിലെടുത്ത് പി.ജി. സീറ്റുകൾ വർധിപ്പിക്കാൻ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് സർക്കാരും ആരോഗ്യസർവകലാശാലയും നിരാക്ഷേപപത്രം നൽകുന്നത് ഉചിതമാകും.
മലബാർ മെഡിക്കൽ കോളേജ്കോഴിക്കോട്, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വാളയാർ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനും കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റുമാണ് ലേഖകൻ
Content Highlights: Kerala can be made a medical education hub