എന്തിനാണ് ശാസ്ത്രം പഠിക്കുന്നത്: തൊഴിലിനോ അതോ കൗതുകത്തിനോ?

‘ഫിസിക്സ്മാത്രമേ കിട്ടിയുള്ളൂ’ എന്ന ലേഖനത്തിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാനശാസ്ത്രശാഖ നേരിടുന്ന അപചയത്തിന്റെ ദൂരവ്യാപകമായ ആഘാതത്തെക്കുറിച്ച് ഒരു വിചിന്തനം.
കുറെ വർഷമായി അലട്ടിക്കൊണ്ടിരുന്ന, പല വേദിയിലും പങ്കുവെച്ചിരുന്ന ഒരു ആശങ്കയുണ്ട്. ശാസ്ത്രത്തിൽ, പ്രത്യേകിച്ച് അടിസ്ഥാനശാസ്ത്രത്തിൽ, താത്പര്യവും അഭിരുചിയും കഴിവും അന്വേഷണ മനോഭാവവുമുള്ള പല വിദ്യാർഥികളും അതിൽനിന്ന് അകന്ന് കൂടുതൽ തൊഴിൽകേന്ദ്രിതമായ മേഖലകളിലേക്ക് മാറുന്നു എന്നതാണത്. അത്തരം വിദ്യാർഥികളുമായി ഇടപഴകാൻ അവസരംലഭിച്ചപ്പോഴൊക്കെ അടിസ്ഥാനശാസ്ത്രത്തിൽ തുടരേണ്ടതിന്റെ പ്രാധാന്യം അവരോട് ഊന്നിപ്പറയാൻ ശ്രദ്ധിക്കുമായിരുന്നു. ഒരു അടിസ്ഥാനശാസ്ത്ര കണ്ടെത്തൽ ഉടൻതന്നെ പ്രായോഗിക പ്രയോഗത്തിലേക്കുള്ള (immediate application) വഴി തുറക്കണമെന്നില്ല. പലപ്പോഴും അത്തരം കണ്ടെത്തലുകൾ വലിയ സാങ്കേതികമുന്നേറ്റങ്ങൾക്കും നിർണായക വഴിത്തിരിവുകൾക്കും അടിത്തറയാകുന്നത് ക്രമേണയാണ്. അതുമാത്രമല്ല, ഇത്തരം പല ഗവേഷണഫലങ്ങളും വാണിജ്യവത്കരണത്തിന്റെ ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ഒട്ടേറെ കടമ്പകൾ പിന്നിട്ടിട്ടുണ്ടാകും. അതിനാൽ, ഭാവിയിലെ സാങ്കേതികവളർച്ചയ്ക്ക് അടിസ്ഥാനശാസ്ത്രശാഖകളുടെ വളർച്ച അത്യാവശ്യമാണ്.
ഭാവിയിലെ വെല്ലുവിളികൾ
ഊർജം, കാലാവസ്ഥാവ്യതിയാനം, ആരോഗ്യം, കൃഷി, പരിസ്ഥിതി സംരക്ഷണം, ബഹിരാകാശ ഗവേഷണം, തന്ത്രപ്രധാനമായ ആവശ്യങ്ങൾ തുടങ്ങി മനുഷ്യരാശി നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്ക് ശാസ്ത്രീയ ഗവേഷണത്തിലൂടെയുള്ള പുതിയ അറിവും പരിഹാരങ്ങളും ആവശ്യമാണ്. അവയിൽ പലതിനും പരിഹാരം കണ്ടെത്തുന്നതിന് ഒരു തലമുറമാത്രം മതിയാകണമെന്നില്ല. വർഷങ്ങളുടെയും ചിലപ്പോൾ പല പതിറ്റാണ്ടുകളുടെയും തുടർച്ചയായ ഗവേഷണം ആവശ്യമായി വരും.
ഊർജമേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരാളെന്ന നിലയിൽ, ഭാവിയിലെ ഊർജാവശ്യങ്ങൾക്കായി പുതിയ വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗവേഷണത്തിന്റെ ഓരോ നാഴികക്കല്ലിനും ആവശ്യമായ സമയദൈർഘ്യത്തെക്കുറിച്ചും എനിക്ക് നേരിട്ട് ബോധ്യമുള്ളതാണ്. ഫോസിൽ ഇന്ധനങ്ങൾ അനന്തമല്ല. സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം, ന്യൂക്ലിയർ ഫിഷൻ, ഫ്യൂഷൻ തുടങ്ങിയ ഇതര ഊർജമാർഗങ്ങളുടെ മേഖലകളിൽ ഇന്ന് നടക്കുന്ന ഗവേഷണങ്ങൾക്കുപിന്നിലും ദീർഘകാലമായുള്ള അടിസ്ഥാനശാസ്ത്ര ഗവേഷണങ്ങളുണ്ട്.
അതുകൊണ്ടുതന്നെ ഇന്നത്തെ യുവതലമുറയ്ക്ക് നാളെയുടെ ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് ഉത്തരങ്ങൾ തേടുകയും ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്.
ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളെപ്പോലെത്തന്നെ ശ്രദ്ധയും കരുതലും അർഹിക്കുന്ന മറ്റൊരു വിഭാഗമുണ്ട്: ശാസ്ത്രത്തിൽ താത്പര്യമോ അഭിരുചിയോ ഇല്ലാത്ത വിദ്യാർഥികൾ. ഇവർ മാതാപിതാക്കളുടെ സമ്മർദത്താലോ മറ്റേതെങ്കിലും കാരണങ്ങളാലോ 11, 12 ക്ലാസുകളിൽ സയൻസ് തിരഞ്ഞെടുക്കുന്നു. പിന്നീട് തങ്ങൾ ആഗ്രഹിച്ചതോ തങ്ങൾക്ക് യോജിച്ചതോ ആയ വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കാതെയോ പ്രവേശനം ലഭിക്കാതെയോ വരുമ്പോൾ, ഗത്യന്തരമില്ലാതെ എളുപ്പത്തിൽ ലഭ്യമായ ശാസ്ത്രശാഖയിലേക്ക് വഴുതി വീഴുന്നു. ഒന്നുകൂടി ആലോചിച്ചാൽ, പരസ്പരവിരുദ്ധമെന്ന് തോന്നുന്ന ഈ രണ്ട് അവസ്ഥകളും- കഴിവും അഭിരുചിയുമുള്ളവർ ശാസ്ത്രത്തിൽനിന്ന് അകന്നുപോകുന്നതും മറ്റുചിലർ ഗത്യന്തരമില്ലാതെ ശാസ്ത്രത്തിലേക്ക് എത്തിപ്പെടുന്നതും- യഥാർഥത്തിൽ വേർതിരിച്ച് കാണാവുന്ന പ്രശ്നങ്ങളല്ല. അവതമ്മിൽ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. താത്പര്യവും കഴിവും അഭിരുചിയുമുള്ള പല വിദ്യാർഥികളും മറ്റുമേഖലകളിലേക്ക് മാറിപ്പോകുമ്പോൾ, അതുവഴി അടിസ്ഥാനശാസ്ത്രശാഖകളിൽ വലിയ തോതിൽ ഒഴിവുകൾ ഉണ്ടാവുകയും അവ നികത്താൻ ശാസ്ത്രത്തിൽ ഒട്ടുംതന്നെ അഭിരുചിയില്ലാത്തവർക്കുപോലും പ്രവേശനം ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
ദുരവസ്ഥയുടെ മാനം
ഫിസിക്സിനോടുള്ള തങ്ങളുടെ താത്പര്യത്തിനും അഭിരുചിക്കും മുൻതൂക്കംനൽകി, മറ്റുപ്രലോഭനങ്ങൾക്ക് വഴങ്ങാതെ ആ വിഷയംതന്നെ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളെക്കുറിച്ചും നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്. അത്തരം കുട്ടികൾക്ക്, നമ്മുടെ രാജ്യത്തെ IISc, IISER-കൾ, NISER, IIST, IIT-കൾ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ ഫിസിക്സ് പഠനത്തിന് പ്രവേശനം നേടുന്നതിന് വിവിധ മത്സരാധിഷ്ഠിത പ്രവേശനനടപടികളിലൂടെ യോഗ്യത തെളിയിക്കേണ്ടിവരുന്നു.
ഇതിന് കടകവിരുദ്ധമായി, മുകളിൽ പറഞ്ഞതുപോലെ, ചില സർവകലാശാലകളിലും കോളേജുകളിലും ഫിസിക്സിൽ ഒട്ടും താത്പര്യമോ ചിന്താശേഷിയോ ഇല്ലാത്തവർക്കുപോലും വളരെ എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്ന ഒരു ശാഖയായി ഈ വിഷയം മാറിയിരിക്കുന്നു.
ഒരേ വിഷയത്തിലേക്കുള്ള പ്രവേശനത്തിനുള്ള അർഹതയിൽ കാണപ്പെടുന്ന ഈ വലിയ വ്യത്യാസം സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാണ്.
അടിസ്ഥാനശാസ്ത്രത്തിൽ കഴിവും താത്പര്യവുമുള്ള ഒരു വിഭാഗം വിദ്യാർഥികൾ മറ്റുമേഖലകളിലേക്ക് പൂർണമായും മാറിപ്പോകുമ്പോൾ നഷ്ടമാകുന്നത് ഒരു വിദ്യാർഥിയുടെ വ്യക്തിപരമായ അവസരംമാത്രമല്ല; ശാസ്ത്രഗവേഷണത്തിനും അധ്യാപനത്തിനും അടുത്ത തലമുറയെ ശാസ്ത്രത്തിലേക്ക് നയിക്കുന്നതിനും അതുവഴി രാജ്യത്തിന്റെ ശാസ്ത്രപുരോഗതി ഉറപ്പാക്കുന്നതിനും ആവശ്യമായ ശാസ്ത്രപ്രതിഭകളുടെ ഒരു വിഭാഗത്തെയാണ് നമുക്ക് നഷ്ടമാകുന്നത്.
എന്താണ് പരിഹാരം?
ഒരു കുട്ടിക്ക് എന്താണ് പഠിക്കാൻ കഴിയുക എന്നതുമാത്രമല്ല, നോക്കേണ്ടത്; എന്താണ് പഠിക്കാൻ അവന് യഥാർഥത്തിൽ താത്പര്യം എന്നതും നോക്കേണ്ടതുണ്ട്. കുട്ടികളോട് ‘ഈ കോഴ്സ് പഠിച്ചാൽ എന്തുജോലികിട്ടും?’ എന്ന ചോദ്യംമാത്രം ചോദിക്കുന്നതിനുപകരം, ‘നിനക്ക് എന്താണ് അറിയാൻ താത്പര്യം, എന്താണ് മനസ്സിലാക്കാൻ ഇഷ്ടം’ എന്നും ചോദിക്കണം.
ഫിസിക്സ് പഠിക്കാൻ കഴിയുന്ന ഒരു വിദ്യാർഥിയും ഫിസിക്സ് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിയും ഒരുപോലെയല്ല. പരീക്ഷയിൽ നല്ല മാർക്ക് നേടാൻ കഴിയുന്നതുമാത്രം ഒരു ശാസ്ത്രജ്ഞനാകാനുള്ള താത്പര്യത്തിന്റെ തെളിവല്ല. എന്തുകൊണ്ട്, എങ്ങനെ? എന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള കൗതുകവും ഒരു പ്രതിഭാസത്തെ മനസ്സിലാക്കാനുള്ള ആഗ്രഹവും പരീക്ഷിച്ചുനോക്കാനുള്ള മനസ്സുമാണ് ശാസ്ത്രീയ മനോഭാവത്തിന്റെ അടിസ്ഥാനം.
അതോടൊപ്പം, സർവകലാശാലാതലത്തിലെ പ്രവേശനത്തിന് ആവശ്യമായ അടിസ്ഥാനയോഗ്യതകളും മാനദണ്ഡങ്ങളും ഒന്ന് പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വിഷയം പഠിക്കാനുള്ള കഴിവും അതിനോടുള്ള താത്പര്യവും അഭിരുചിയും ഉറപ്പാക്കുന്ന തരത്തിലായിരിക്കണം പ്രവേശന മാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടത്.
(ആണവോർജവകുപ്പിനുകീഴിലുള്ള ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മാ റിസർച്ചിലെ മുൻ സയന്റഫിക് ഒാഫീസറാണ് ലേഖിക)
Content Highlights: Talented students are moving away from basic sciences toward job-oriented fields.