മെഡിക്കൽ പുനരധിവാസ കോഴ്സുകൾ: കരിയർ സാധ്യതകൾ അറിയാം

#ടോമി വർഗീസ് മണ്ണടി
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

യു.എസ്. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (ബി.എൽ.എസ്.) പ്രസിദ്ധീകരിക്കുന്ന ‘ഒക്യുപേഷണൽ ഔട്ട്‌ലുക്ക് ഹാൻഡ്ബുക്ക്’ പ്രകാരം ഒക്യുപ്പേഷണൽ തെറപ്പിസ്റ്റുകൾ, ഫിസിയോ തെറപ്പിസ്റ്റുകൾ, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുകൾ തുടങ്ങിയ പുനരധിവാസവുമായി ബന്ധപ്പെട്ട ജോലികൾക്ക് വരുംവർഷങ്ങളിൽ ഒട്ടേറെ അവസരങ്ങൾ വരുമെന്നാണ് പറയുന്നത്.

കോഴ്സുകളുടെ അടിസ്ഥാനലക്ഷ്യങ്ങൾ

പരിമിതികളുള്ള വ്യക്തികളുടെ സ്വാശ്രയവും ഉൾച്ചേർക്കലും മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യവഴി നൈപുണി പരിശീലനം നൽകുക, ദിനചര്യാ പ്രവർത്തനങ്ങളിൽ സ്വാശ്രയത്വം ഉറപ്പാക്കുക, ശാരീരികചലനം, ഇന്ദ്രിയപരം, വൈജ്ഞാനികം, ആശയവിനിമയം തുടങ്ങിയ മേഖലകളിലെ ബുദ്ധിമുട്ടുകൾ കൈകാര്യംചെയ്യുക എന്നിവയാണ് ഈ മേഖലകളുമായി ബന്ധപ്പെട്ട പഠന–തൊഴിൽ കോഴ്സുകളുടെ പ്രധാന ലക്ഷ്യങ്ങൾ.

കേരളത്തിൽ ലഭ്യമായ പ്രധാനപ്പെട്ട ചില പുനരധിവാസ കോഴ്സുകൾ

ബാച്ച്‌ലർ ഓഫ് ഒക്യുപ്പേഷണൽ തെറപ്പി (ബി.ഒ.ടി.)

ജന്മനാലോ അപകടം, രോഗം, വാർധക്യം തുടങ്ങിയ കാരണങ്ങളാലോ ദൈനംദിന പ്രവർത്തനങ്ങളിൽ പരിമിതിയുള്ള വ്യക്തികളെ തെറപ്പിയുടെയും പരിശീലനത്തിന്റെയും സഹായക ഉപകരണങ്ങളുടെയും പ്രയോഗത്തിലൂടെ പരമാവധി സ്വാശ്രയജീവിതത്തിലേക്ക് നയിക്കുന്ന അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദകോഴ്സാണിത്. രോഗികളെ അവരുടെ ചുറ്റുപാടുമായി പൊരുത്തപ്പെടുത്തുകയും അവരുടെ ചികിത്സ, പുനരധിവാസം, പ്രതിരോധം, ആരോഗ്യകരമായ ദിനചര്യകൾ എന്നിവയിൽ ഊന്നിയുമുള്ള പഠനരീതിയാണ്. എർഗണോമിക്സ്, ബദൽ മെഡിസിൻ സമീപനങ്ങളെക്കുറിച്ചും പഠിക്കാനുണ്ട്. പ്രോഗ്രാം ദൈർഘ്യം: നാലുവർഷത്തെ കോഴ്‌സ് വർക്ക്, ആറുമാസത്തെ ഇന്റേൺഷിപ്പ്.

അവസരങ്ങൾ: ആശുപത്രികൾ, പുനരധിവാസകേന്ദ്രങ്ങൾ, സ്കൂളുകൾ, കമ്യൂണിറ്റി ക്ലിനിക്കുകൾ, സ്പെഷ്യലൈസ്ഡ് കെയർ സെന്ററുകൾ. ഇന്ത്യയിലും വിദേശത്തും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ പ്രതീക്ഷിക്കാം.

ബാച്ച്‌ലർ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി.)

പരിക്കുകൾ, രോഗങ്ങൾ, ശാരീരിക വെല്ലുവിളികൾ എന്നിവയിൽനിന്ന് രോഗികളെ സുഖപ്പെടുത്താൻ ഭൗതികമാർഗങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് ഫിസിയോതെറപ്പി, ചലനം പുനഃസ്ഥാപിക്കുന്നതിനും വേദന കുറയ്ക്കുന്നതിനും ഭാവിയിലെ പ്രശ്നങ്ങൾ തടയുന്നതിനുമുള്ള പുനരധിവാസപരിപാടികൾ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. വ്യായാമതെറപ്പി, അൾട്രാസൗണ്ട്, ഹീറ്റ് തെറപ്പി, ലേസർ ചികിത്സകൾ, പ്രതിരോധ സ്ക്രീനിങ് രീതികൾ എന്നിവയുൾപ്പെടെ വിവിധ സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നു.

നാലുവർഷത്തെ അക്കാദമിക് കോഴ്‌സ് വർക്കിനുശേഷം ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ്.

അവസരങ്ങൾ: പുനരധിവാസ കേന്ദ്രങ്ങൾ, സ്പോർട്സ് ആൻഡ് ഫിറ്റ്നസ് കേന്ദ്രങ്ങൾ, ജിമ്മുകൾ, വെൽനസ് സെന്ററുകൾ, സ്പോർട്സ് അക്കാദമികൾ (ദേശീയ, സംസ്ഥാന ടീമുകൾക്കൊപ്പം ജിമ്മുകൾ വെൽനസ് സെന്ററുകൾ എന്നിവിടങ്ങളിലും എർഗണോമിക്സ് കൺസൾട്ടന്റായി ഐ.ടി./നിർമാണ മേഖലകളിലെ സ്ഥാപനങ്ങളിലും പ്രവർത്തിക്കാം.

ബാച്ച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച്-ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി.)

ജന്മനാലോ ആർജിതമായതോ ആയ കേൾവി, ആശയവിനിമയ വൈകല്യങ്ങൾ എന്നിവ നിർണയിക്കുന്നതിലും ചികിത്സിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംസാരം, ഭാഷ, ശ്രവണകഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും പഠിപ്പിക്കുന്നു. കോഴ്‌സിന്റെ ദൈർഘ്യം മൂന്നു വർഷവും ഇന്റേൺഷിപ്പ് 10 മാസം.

അവസരങ്ങൾ: സ്പീച്ച്-ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ക്ലിനിക്കൽ സൂപ്പർവൈസർ, റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് (സ്പീച്ച് ആൻഡ് ഹിയറിങ്), കോക്ലിയർ ഇംപ്ലാന്റ് ഓഡിയോളജിസ്റ്റ്, ഡിസ്ഫേജിയ തെറപ്പിസ്റ്റ്. ശ്രവണസഹായി വ്യവസായങ്ങളിലും കോക്ലിയർ ഇംപ്ലാന്റ് കമ്പനികളിലും അവസരമുണ്ട്.

ബാച്ച്‌ലർ ഓഫ് പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ.)

ജന്മനാലോ അപകടം, ശസ്ത്രക്രിയ എന്നിവമൂലമോ ഇണ്ടാകുന്ന അവയവ വൈകല്യങ്ങളോ അസ്ഥി-പേശീ സംബന്ധമായ ബലഹീനതകളോ ഉള്ള വ്യക്തികൾക്കായി പ്രോസ്തെറ്റിക്സ്, ഓർത്തോട്ടിക് ഉപകരണങ്ങൾ രൂപകല്പനചെയ്യുന്നതിലും ഘടിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലുമുള്ള അനുബന്ധ മെഡിക്കൽശാസ്ത്ര പഠനം. പ്രോസ്തെറ്റിക് കൈകാലുകൾ, ഓർത്തോട്ടിക് ഉപകരണങ്ങൾ (ബ്രേസുകൾ) എന്നിവ രൂപകല്പനചെയ്യാനും നിർമിക്കാനും ഘടിപ്പിക്കാനും പരിശീലിപ്പിക്കുന്നു. മനുഷ്യ ശരീരഘടന, ബയോമെക്കാനിക്സ്, മെറ്റീരിയലുകൾ, ആധുനിക ഫാബ്രിക്കേഷൻ ടെക്നിക്കുകൾ എന്നിവയെക്കുറിച്ചുള്ള പഠനവും ഉൾപ്പെടുന്നു. നാലുവർഷം ക്ലാസ് റൂം പഠനവും ആറുമാസം നിർബന്ധിത ഇന്റേൺഷിപ്പും.

അവസരങ്ങൾ: ആശുപത്രികളും പുനരധിവാസ കേന്ദ്രങ്ങളിലും പ്രോസ്തെറ്റിസ്റ്റുകളോ ഓർത്തോട്ടിസ്റ്റുകളോ ആയി പ്രവർത്തിക്കാം. പ്രോസ്തെറ്റിക്സ്, ഓർത്തോട്ടിക്സ് നിർമാണ വ്യവസായങ്ങളിലും അവസരങ്ങളുണ്ട്.

പ്രാക്ടീസിനായി നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് (എൻ.സി.എ.എച്ച്.പി.)/ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലുകളുടെ രജിസ്ട്രേഷൻ–ലൈസൻസിങ് ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്

Content Highlights: According to the US Bureau of Labor Statistics, rehabilitation courses like BOT, BPT, BASLP, and BPO offer extensive career growth and high global employment potential for students aiming to help individuals achieve independent living.