‘മറ്റൊന്നും കിട്ടാത്തവരാണ് ബി.എ. എടുക്കുന്നതെന്ന ധാരണ സമൂഹത്തിനുണ്ട്, അത് തെറ്റാണ്’

#അജീഷ് പ്രഭാകരൻ
എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ| ഫോട്ടോ: കൃഷ്ണപ്രദീപ്
എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ| ഫോട്ടോ: കൃഷ്ണപ്രദീപ്

എൻജിനിയറിങ് പഠനം, പ്ലേസ്മെന്റ്, ഗവേഷണം എന്നിവയെക്കുറിച്ച് എൻ.ഐ.ടി. കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്‌ണ മാതൃഭൂമി പ്രതിനിധി അജീഷ് പ്രഭാകരനുമായി സംസാരിക്കുന്നു.

എൻജിനിയറിങ് ബ്രാഞ്ച് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ?

എ.ഐ., മെഷീൻ ലേണിങ് എന്നിവ ടൂൾസ് അല്ലെങ്കിൽ ടെക്‌നിക്‌സ് ആണ്. രാജ്യത്തിന്റെ പുരോഗതിക്ക് കംപ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങിയ കോർ ബ്രാഞ്ചുകളാണ് ആവശ്യം. ഫണ്ടമെന്റൽസ് പഠിച്ചുകഴിഞ്ഞാൽ ബാക്കിയൊക്കെ പഠിച്ചെടുക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) എന്നിവിടങ്ങളിൽ എൻജിനിയറിങ് പഠനംകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു അടിസ്ഥാന ബിരുദം എന്നതാണ്. അവിടത്തെ അധ്യാപകർ, പഠനാന്തരീക്ഷം, സ്ഥാപനത്തിന്റെ മികവ് എന്നിവയ്ക്കാണ് വിദ്യാർഥികൾ പ്രാധാന്യം നൽകേണ്ടത്. ദേശീയ സ്ഥാപനങ്ങളിൽ ബ്രാഞ്ചിനെക്കാൾ സ്ഥാപനത്തിന്റെ മികവിന് പ്രാധാന്യം നൽകണം. അധികം സാധ്യതകളില്ലെന്നു വിചാരിക്കുന്ന ബ്രാഞ്ചുകൾ ഇവിടങ്ങളിൽനിന്ന് എടുത്താൽ അതിൻ്റെ സ്വീകാര്യത വലുതാണ്. മാത്രമല്ല, കോർ ബ്രാഞ്ചുകൾ പഠിച്ചവർക്ക് മാസ്റ്റേഴ്‌സ് തലത്തിൽ പുതിയ ബ്രാഞ്ചുകൾ പഠിക്കാം. മേജർ ഡിഗ്രി മെക്കാനിക്കൽ, മൈനർ ഡിഗ്രി എ.ഐ. -എം. എൽ. എന്നിങ്ങനെയും പഠിക്കാം.

ഐ.ഐ.ടി. റോപ്പാർ ഉത്പന്നം/പിഎച്ച്.ഡി. നൽകുന്ന തീരുമാനമെടു ത്തു. ഇതിന്റെ പ്രാധാന്യമെന്താണ്? 

വളരെ പ്രായോഗികമായ തീരുമാനമാണ്. കഴിഞ്ഞ എൻ.ഐ.ടി. കൗൺസിൽയോഗത്തിലെ ഒരു തീരുമാനമിതാണ്. ജർമനി, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ തീസീസ് ഇല്ലാതെ ഉത്പന്നം അടിസ്ഥാനമാക്കി പിഎച്ച്.ഡി. നൽകുന്നു. അവരുടെ രാജ്യത്തിന് വേണ്ട പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്നാണ് അവർ നോക്കുന്നത്. ഇത് ഏത് മേഖലയിലുമാകാം. ഇതിന് സർക്കാർ ഫണ്ട് ചെയ്യുന്നുണ്ട്. വ്യവസായ -അക്കാദമിക് മേഖലയിലെ വിദഗ്‌ധർ അടങ്ങുന്നവർ അനുമതി നൽകിയ ശേഷമാണ് പിഎച്ച്.ഡി. തുടങ്ങുക. മാത്രമല്ല, പി.എച്ച്.ഡി. കഴിഞ്ഞാലുള്ള സാങ്കേതിക കൈമാറ്റം മറ്റു കമ്പനികൾ ഏറ്റെടുക്കും. വേണമെങ്കിൽ തുടർച്ചയായി സ്റ്റാർട്ടപ്പ് തുടങ്ങാം. അതിലൂടെ മറ്റുള്ളവർക്ക് ജോലി കൊടുക്കാം. മാസ്റ്റേഴ്സിലും ഇങ്ങനെചെയ്യും. പിഎച്ച്.ഡി. കഴിഞ്ഞിട്ടുവരുന്നവർ ജോലിയില്ലാതെ ഇരിക്കുന്ന അവസ്ഥ ഇതിലൂടെ ഒഴിവാകും. ഇങ്ങനെ പി.എച്ച്.ഡി. കഴിഞ്ഞുവരുന്നവരെ ജർമനിയിലും ജപ്പാനിലും കമ്പനികൾ നിയമിക്കുന്നുണ്ട്. ഇന്ത്യയിലിത് കുറവാണ്. പിഎച്ച്.ഡി. കഴിഞ്ഞവരെ ഇൻഡസ്‌ട്രി റിക്രൂട്ട് ചെയ്യണം.

സാങ്കേതിക, സയൻസ് വിഷയങ്ങൾക്ക്  പ്രാധാന്യം നൽകിയ ഐ.ഐ.ടിയും എൻ.ഐ.ടി.യും ഹ്യൂമാനിറ്റീസ്, അധ്യാപക കോഴ്സുകൾ തുടങ്ങി. ഇതിനെ എങ്ങനെയാണ് കാണുന്നത്?

സമൂഹത്തിലെ ഒരു പ്രശ്‌നം പരിഹരിക്കണമെങ്കിൽ മൾട്ടിഡിസിപ്ലിനറി ഇടപെടൽ ആവശ്യമാണ്. ഉദാ: ഒരു പ്രോജക്റ്റ് ടീമിൽ മെക്കാനിക്കൽ വിദ്യാർഥികൾ മാത്രമല്ല. കംപ്യൂട്ടർ, ഇലക്ട്രോണിക്സ് വിദ്യാർഥികൾ ഉണ്ടാകും. ഇങ്ങനെ ഓരോ മേഖലയിലും. എൻ.ഐ.ടി. കാലിക്കറ്റിൽ 24-ൽ കൂ ടുതൽ മൾട്ടി ഡിസിപ്ലിനറി സെന്ററുകളുണ്ട്. ടീച്ചർ എജുക്കേഷൻ ആദ്യമായി തുടങ്ങിയത് എൻ.ഐ.ടി. കാലിക്കറ്റാണ്. ഇനി ലിബറൽ ആർട്സിൽ ബാച്ചർ പ്രോഗ്രാം തുടങ്ങും. മറ്റൊന്നും കിട്ടാത്തവരാണ് ബി.എ. എടുക്കുന്നതെന്ന ധാരണ സമൂഹത്തിനുണ്ട്. അത് തെറ്റാണ്. എല്ലാ വിഷയങ്ങളും നമുക്കാവശ്യമുണ്ട്.

ജോലിയില്ലയെന്ന് ഒരുവിഭാഗം പറയുമ്പോൾ കമ്പനികൾ പറയുന്നത് അവർക്ക് അനുയോജ്യരായവരെ കിട്ടുന്നില്ലെന്നാണ്. എന്താണ് കാരണം?

തിയറിക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം. തിയറിയും ലാബും ഒരുമിച്ച് പോകണം. ഇതിലൂടെ തിയറിയും അറിയാം അതെങ്ങനെ പ്രയോഗിക്കണമെന്ന കാര്യവും മനസ്സിലാകും. ജർമനിയിലൊക്കെ കമ്പനികൾ അവരുടെ പ്രോട്ടോടൈപ്പുകൾ സാങ്കേതിക സർവകലാശാലകൾക്ക് കൊടുക്കും. സർവകലാശാല അതിനെ പുതുക്കി പുതിയ കാര്യങ്ങളൊക്കെ കണ്ടുപിടിച്ചുകൊടുക്കും. അക്കാദമിക്-ഇൻഡസ്ട്രി ബന്ധം അത്രത്തോളമുണ്ട് അവിടെ. കൂടാതെ ലോകത്ത് എന്തു നടക്കുന്നുവെന്നും അറിയണം. ഇന്റേൺഷിപ്പ് മാത്രം പോരാ. ഓരോ വിഷയം പഠിക്കുകയും അതോടൊപ്പം പ്രായോഗിക പരിശീലനം, കൂടെ അതത് മേഖലയിലെ വിദഗ്‌ധരുടെ ക്ലാസും ആവശ്യമാണ്. എൻ.ഐ.ടി.യിലെ കരിക്യുലം കമ്മിറ്റിയിൽ വ്യവസായ മേഖലയിലെ വിദഗ്ധരുണ്ട്. സിലബസിൽ പുതിയതായി എന്തെല്ലാം ചേർക്കണം എന്നെല്ലാം അവർ നിർദേശിക്കും. ലോകത്ത് എന്ത് നടക്കുന്നുവെന്നു പഠിക്കു മ്പോൾത്തന്നെ ഇതിലൂടെ വിദ്യാർഥികൾ അറിയും. അക്കാദമിക്-ഇൻഡസ്ട്രി ബന്ധം ശക്തമാക്കണം.

Content Highlights: Prioritize institutional excellence over specific branches when joining premier institutes like NITs and IITs.