സോംബികൾ സിനിമയിൽ മാത്രമല്ല, അമേരിക്കൻ തെരുവുകളിലും ഉണ്ട്; 'ട്രാങ്കി'ൽ തകരുന്ന യുവത | Sins & Sorrow

സ്വബോധം നഷ്ടപ്പെട്ട് തെരുവിലൂടെ ഇഴഞ്ഞുനടക്കുന്ന മനുഷ്യര്‍. നടപ്പാതയില്‍ ചിലര്‍ സിറിഞ്ചുമായി ഇരിക്കുന്നത് കാണാം. പലരുടെയും തൊലി ചുക്കിച്ചുളിഞ്ഞിരിക്കുന്നു. ചിലരുടെ ശരീരത്തില്‍ വലിയ വ്രണങ്ങള്‍ പഴുത്ത് പൊട്ടിയൊലിച്ച് ചീഞ്ഞളിഞ്ഞിരിക്കുന്നത് കാണാം. കണ്ണുകള്‍ മിഴിച്ചിരിക്കുന്നുണ്ടെങ്കിലും ദൃഷ്ടിയുറക്കുന്നില്ല. ശ്വസിക്കാനാകാത്തതിന്റെ വെപ്രാളവും അവരില്‍ കാണാന്‍ സാധിക്കും. അമേരിക്കയിലെ ചില തെരുവുകളുടെ അവസ്ഥ ഇപ്രകാരമാണ്. സോംബി ഡ്രഗുകള്‍ എന്ന് വിളിക്കുന്ന ഈ ലഹരിമരുന്നിന്റെ വ്യാപകമായ ഉപയോഗം സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭൂരിഭാഗവും ചെറുപ്പക്കാരാണ് ഈ മാരകവിഷത്തിന്റെ ഇര.
ഹോളിവുഡ് സിനിമകളിലും സീരീസുകളിലും സാഹിത്യത്തിലും നാം കണ്ടു ശീലിച്ച വിചിത്രമായ മനുഷ്യരാണ് സോംബികള്‍. വ്രണങ്ങളും മുറിവുകളും നിറഞ്ഞ സോംബികളുടെ കടിയേറ്റാല്‍ നമ്മളും അവരില്‍ ഒരാളായി തീരും. സോംബികളെ നേരിടുന്ന ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് മിക്ക സിനിമകളും. സോംബി സിനിമകള്‍ക്ക് ലോകമൊട്ടാകെ ഒട്ടേറെ ആരാധകര്‍ ഉണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും അവരെ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സിനിമയിലെ സോംബികളെപ്പോലെ മനുഷ്യരെ കാര്‍ന്നു തിന്നുന്ന ലഹരിയായതിനാലാണ് ഇവയെ സോംബി ഡ്രഗുകള്‍ എന്ന് വിളിക്കുന്നത്. 'ട്രാങ്ക്' എന്ന മറ്റൊരു വിളിപ്പേരും ഇതിനുണ്ട്.
Content Highlights: zombi drug victims in american's streets