അങ്കണവാടി വളപ്പില്‍നിന്ന് കണ്ടെടുത്തത് 13 വടിവാളുകള്‍; പി.വി.സി. പൈപ്പിലാക്കി കുഴിച്ചിട്ടനിലയില്‍

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ കുന്നത്തുകര അങ്കണവാടിയുടെ വളപ്പില്‍ നിന്ന് 13 വടിവാളുകള്‍ കണ്ടെടുത്തു.
പി.വി.സി. പൈപ്പില്‍ ഒളിപ്പിച്ച് മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. അങ്കണവാടിയുടെ സ്ഥലത്ത് മരച്ചീനി നടുന്നതിനുവേണ്ടി തൊഴിലുറപ്പു തൊഴിലാളികള്‍ കിളയ്ക്കുമ്പോഴാണ് മണ്ണിനടിയില്‍ കുഴിച്ചിട്ടിരുന്ന പി.വി.സി. പൈപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ഇരുവശവും അടച്ചിരുന്ന പൈപ്പ് തുറന്നുനോക്കിയപ്പോഴാണ് വടിവാളുകള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
പെരുമ്പാവൂരില്‍ നിന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വടിവാളുകളും സൂക്ഷിച്ചിരുന്ന പി.വി.സി. പൈപ്പും പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.
രണ്ടടിയില്‍ താഴെ നീളമുള്ളതാണ് ആയുധങ്ങള്‍. 11 എണ്ണം അഗ്രം വളഞ്ഞതും രണ്ടെണ്ണം വളവില്ലാത്തതുമാണ്. ഇവിടെ ഒളിപ്പിച്ചിട്ട് അധികദിവസങ്ങളായിട്ടില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പഞ്ചായത്ത് പരിധിയിലെ ക്രിമിനല്‍, ക്വട്ടേഷന്‍ സംഘങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.
Content Highlights: