മോഷണമുതൽ കാണിക്കയായി നൽകിയ പ്രതികൾ; ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണക്കടത്ത് ബന്ധവും വീണ്ടും ചർച്ചയിൽ

അര്‍ജുന്‍, ബാലഭാസ്‌കര്‍ | Photo: Mathrubhumi
അര്‍ജുന്‍, ബാലഭാസ്‌കര്‍ | Photo: Mathrubhumi

രിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയായി വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തെ നടുക്കിയ മരണത്തില്‍ വീണ്ടും ചര്‍ച്ചകളുയരുന്നത്. 

ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു ആരോപണം. അപകടത്തിന് തൊട്ടുമുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കുന്നത് കണ്ടതായി കലാഭവന്‍ സോബിയും മൊഴി നല്‍കിയിരുന്നു. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതോടെ ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ.യും സംഭവത്തില്‍ അന്വേഷണം നടത്തി.

അപകടത്തില്‍ ദുരൂഹതയില്ലെന്നും അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐ.യും അപകടമരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. സി.ബി.ഐ. റിപ്പോര്‍ട്ട് കോടതിയും അംഗീകരിച്ചു. എന്നാല്‍, കേസില്‍ തങ്ങള്‍ ഉന്നയിച്ച പല ആക്ഷേപങ്ങളും അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ അച്ഛന്‍ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി.

കേസില്‍ അര്‍ജുൻ ഉള്‍പ്പെടെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച് തുടക്കംമുതല്‍ സംശയങ്ങളുണ്ടായി. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, അര്‍ജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. 

പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ച...

പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നത്. ആസൂത്രിതമായി നടന്ന വന്‍കവര്‍ച്ചയില്‍ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുനും(28) ഉണ്ടായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് നേരത്തെ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനാണെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വര്‍ണവുമായി ചെര്‍പ്പുളശ്ശേരിയിലെത്തിയ ഒരു സംഘത്തെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണെന്നാണ് പോലീസ് പറയുന്നത്.

പിടിയിലായ വിപിൻ, ഷിഹാബുദീൻ, അനസ്, അനന്തു, സലീഷ്, മിഥുൻരാജ്, അർജുൻ, സതീഷ്, ലിസൺ എന്നിവർ

കഴിഞ്ഞദിവസം പ്രതികളില്‍നിന്ന് 1.72 കിലോഗ്രാം സ്വര്‍ണവും 32 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളായ തൃശ്ശൂര്‍ സ്വദേശികളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണവും പണവും. തൃശ്ശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി മിഥുന്‍രാജ് എന്ന അപ്പുവിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണത്തിന്റെ ഉരുക്കിയ നാല് കട്ടകള്‍ കണ്ടെടുത്തത്.

തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ എന്നയാളുടെ വീട്ടില്‍നിന്ന് രണ്ട് സ്വര്‍ണ കട്ടകളും അരക്കിലോ സ്വര്‍ണം വിറ്റതിന്റെ പണവും കണ്ടെത്തി. പ്രതിയായ പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഉരുക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. 

കൈച്ചെയിനുകള്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്കയായിട്ടു...

പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ഉള്‍പ്പെട്ട കൈച്ചെയിനുകള്‍ തൃശ്ശൂരിലെ ക്ഷേത്ര ഭണ്ഡാരത്തില്‍നിന്നാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിന് ശേഷം തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ പ്രതികള്‍ കൈച്ചെയിനുകള്‍ ക്ഷേത്രത്തില്‍ കാണിക്കയിടുകയായിരുന്നു. 

പ്രതികളില്‍നിന്ന് പോലീസ് കണ്ടെടുത്ത പണവും സ്വര്‍ണവും

ജൂവലറി ഉടമകള്‍ നല്‍കിയ വിവരങ്ങളില്‍ കൈച്ചെയിനുകളും നഷ്ടപ്പെട്ടതായി പറഞ്ഞിരുന്നു.  പ്രതികളെ  ചോദ്യംചെയ്തതോടെയാണ് കൈച്ചെയിനുകള്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്കയിട്ടെന്ന് സമ്മതിച്ചത്. ഇതോടെ ക്ഷേത്ര ഭാരവാഹികളെ ബന്ധപ്പെട്ട് ഭണ്ഡാരം തുറന്നാണ് ഇവ പോലീസ് കണ്ടെടുത്തത്. 

Content Highlights: perinthalmanna gold robbery case and balabhaskar death mystery