കുഞ്ഞൂട്ടിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മണിമല: മണിമല നെല്ലിത്താനത്തിനു സമീപം നടന്ന സംഘട്ടനത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ച കുഞ്ഞൂട്ടിയെ(61) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാെണന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നെല്ലിത്താനം കോളനിയിലെ താമസക്കാരായ സന്തോഷ് (40), രാജേഷ് (38) എന്നിവരെ പ്രതികളാക്കി മണിമല പോലീസ് കേസെടുത്തു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സന്തോഷിന്റെ വീടിന് സമീപമായിരുന്നു കുഞ്ഞൂട്ടി ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇവർ തമ്മിൽ സ്ഥലം സംബന്ധമായ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് നടന്ന സംഘട്ടനത്തിൽ കുഞ്ഞൂട്ടി അവശനായി വീണു. ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് സമീപവാസികൾ അറിയിച്ചതനുസരിച്ച് മണിമല പോലീസിന്റെ നിർദേശാനുസരണം സന്തോഷും രാജേഷും ചേർന്ന് കുഞ്ഞൂട്ടിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് മണിമല പോലീസ് സന്തോഷിനെയും രാജേഷിനെയും കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്തശേഷം വിട്ടയച്ചു.
ചൊവ്വാഴ്ച നടന്ന പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞൂട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. സന്തോഷ് കുമാർ സ്ഥലത്തെത്തി.
Content Highlights: Manimala, kunjutty death case, autopsy report, murder
Content Highlights: