ലഹരിക്കടത്ത് പിടിക്കാനിറങ്ങിയ എക്‌സൈസ് കണ്ടത് നോട്ടുകെട്ടുകള്‍; കളിയക്കാവിളയില്‍ കുഴല്‍പ്പണവേട്ട

പിടിയിലായ ആദം, പിടിച്ചെടുത്ത പണം
പിടിയിലായ ആദം, പിടിച്ചെടുത്ത പണം

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച മുക്കാല്‍ കോടിയോളം രൂപയാണ് പിടികൂടിയത്. 

സംസ്ഥാന അതിര്‍ത്തിയായ കളിയക്കാവിളയില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. പണം കടത്തിയ ചെന്നൈ സ്വദേശിയായ ആദം (42) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് 72 ലക്ഷം രൂപ എക്‌സൈസ് സംഘം പിടിച്ചെടുത്തു. വിദേശ കറന്‍സിയും കണ്ടെടുത്തിട്ടുണ്ട്. 

നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രികനായിരുന്നു ആദം. കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാള്‍ കളിയക്കാവിളയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ആര്‍ക്കുവേണ്ടിയാണ് കാശ് എത്തിച്ചതെന്നോ കാശിന്റെ സ്രോതസ്സോ ഇയാള്‍ക്ക് വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എക്സൈസ് സംഘം പിടികൂടിയ ഇയാളെ പോലീസിന് കൈമാറി.

ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലഹരിക്കടത്ത് നടക്കാന്‍ സാധ്യയുള്ളതിനാലാണ് എക്‌സൈസ് സംഘം അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. 

Content Highlights: 72 lakhs hawala money seized in kaliyakkavila border

Content Highlights: