സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് 17-കാരി ജീവനൊടുക്കി

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് സ്വയം തീകൊളുത്തിയ പതിനേഴുകാരി ചികിത്സയിലിരിക്കേ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ ശിവകാശി സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യശ്രമം നടത്തിയത്. വീട്ടുകാര്‍ ഉടന്‍ പെണ്‍കുട്ടിയെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു.
ഗുരുതരമായി പൊള്ളലേറ്റിരുന്ന യുവതി ശിവകാശി മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയിലാണ് കാമുകന്‍ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ശിവകാശി ടൗണ്‍ പോലീസ് കോവില്‍പ്പട്ടി സ്വദേശിയായ വെങ്കിടേഷ് (വിക്കി-21) എന്ന കോളേജ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു.
കുറച്ചുമാസംമുമ്പ് തെറ്റായി വന്ന ഫോണ്‍കോള്‍ മുഖാന്തരമാണ് പെണ്‍കുട്ടിയും വെങ്കിടേഷും പരിചയപ്പെട്ടത്. അതേത്തുടര്‍ന്ന് ഫോണില്‍ ബന്ധം തുടര്‍ന്ന ഇരുവരും പിന്നീട് പ്രണയത്തിലായി. വിവാഹം ചെയ്യാമെന്നുപറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറിയ വെങ്കിടേഷ് ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് അയച്ചുനല്‍കിയെന്നും പറയപ്പെടുന്നു.
ഇതോടെ മനോവിഷമത്തിലായ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: 17 year old commits suicide in tamilnadu
Content Highlights: