ദീപക്കിന്റെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുത്തു; യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യം

#ന്യൂസ് ഡെസ്‌ക്
മരിച്ച ദീപക് | Photo: special arrangement
മരിച്ച ദീപക് | Photo: special arrangement

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനുപിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. മെഡിക്കൽ കോളേജ് പോലീസ് യുവാവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.

ഗോവിന്ദപുരം ടി.പി. ഗോപാലൻ റോഡിൽ ഉള്ളാട്ട് 'ദീപക് ഭവന'ത്തിൽ യു. ദീപക്കിനെ(42) ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദീപക്കിന്റെ കുടുംബം തിങ്കളാഴ്ച കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്.

അതിനിടെ, നടപടിയെടുക്കാൻ വൈകിയെന്നാരോപിച്ച് ദീപക്കിന്റെ വീട്ടിലെത്തിയ പോലീസിനുനേരേ നാട്ടുകാരിൽ ചിലർ പ്രതിഷേധിച്ചു.

ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുന്നതിനിടെയാണ് യുവതി വീഡിയോ പകർത്തിയത്. തിരക്കുള്ള ബസിൽ ഇരിക്കാൻ സ്ഥലമില്ലാതെ ദീപക് നിൽക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് മനപ്പൂർവ്വം ചെയ്തതാണ്. യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.

Content Highlights: Police investigate youth`s suicide after sexual assault accusation. Family demands murder charges against accuser. Learn more about this sensitive case.