'എന്താണ് ഈ തലമുറ ഇങ്ങനെ?'; ഏഴുവയസ്സുകാരന്റെ ചോദ്യംകേട്ട് ഞെട്ടി, ഇത് തമാശയല്ലെന്ന് യുവതി

ആണ്‍കുട്ടിയില്‍നിന്നുണ്ടായ ദുരനുഭവം യുവതി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നു | Screengrab Courtesy: instagram.com/quirkey_lyf
ആണ്‍കുട്ടിയില്‍നിന്നുണ്ടായ ദുരനുഭവം യുവതി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നു | Screengrab Courtesy: instagram.com/quirkey_lyf

ന്യൂഡല്‍ഹി:  ഏഴുവയസ്സുകാരനില്‍നിന്ന് ദുരനുഭവം നേരിട്ടെന്ന ആരോപണവുമായി യുവതി. കിരണ്‍ ഗ്രെവാല്‍ എന്ന യുവതിയാണ് ഏഴുവയസ്സുകാരന്‍ തന്നെ ശല്യംചെയ്‌തെന്ന് ആരോപിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. 

എന്താണ് ഈ തലമുറ ഇങ്ങനെയെന്ന ചോദ്യത്തോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹൗസിങ് സൊസൈറ്റിയില്‍ നടക്കാനിറങ്ങിയവേളയിലാണ് ആറോ ഏഴോ വയസ്സുള്ള ആണ്‍കുട്ടി തനിക്കുനേരേ മോശംരീതിയില്‍ കമന്റടിച്ചതെന്നാണ് യുവതി പറയുന്നത്. ഇത് കേട്ടതോടെ ഞെട്ടിപ്പോയി. എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് പോലും വ്യക്തമായില്ല. ഈ സമയം കുട്ടിയുടെ കമന്റടി കേട്ട് സൊസൈറ്റിയിലെ സുരക്ഷാജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിക്കുകയായിരുന്നു. എന്നാല്‍, ആണ്‍കുട്ടി വീണ്ടും കമന്റടി തുടര്‍ന്നു. 'നീ ആരാണ്, നീ എന്റെ കൂടെവരുന്നോ' എന്നായിരുന്നു ഏഴുവയസ്സുകാരന്റെ അടുത്തചോദ്യം. ഇതോടെ ആണ്‍കുട്ടിയെ വിളിച്ച് ചോദ്യംചെയ്‌തെന്നും തുടര്‍ന്ന് സുരക്ഷാജീവനക്കാരന്‍ ഇടപെട്ട് കുട്ടിയെക്കൊണ്ട് മാപ്പ് പറയിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. പക്ഷേ, പാതിമനസ്സോടെയാണ് കുട്ടി മാപ്പ് പറഞ്ഞതെന്നും യുവതി പറഞ്ഞു. 

ഒരുകുട്ടി ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് തമാശയല്ലെന്നും ഇതൊന്നും തനിക്ക് തമാശയായി കാണാനാകില്ലെന്നും യുവതി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി. ഇതൊന്നും തിരുത്തിയില്ലെങ്കില്‍ പീഡനമായി മാറുമെന്നും നല്ല കുടുംബപശ്ചാത്തലമുള്ള കുട്ടിയാണെന്നും തമാശയാണെന്നും പറഞ്ഞ് സംഭവം ലഘൂകരിക്കാനാണ് സുരക്ഷാജീവനക്കാരന്‍ അടക്കം ശ്രമിച്ചതെന്നും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ യുവതിയെ അനുകൂലിച്ച് ഒട്ടേറെപേരാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്. പുതുതലമുറയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചും കുട്ടികളെ എങ്ങനെ നല്ലരീതിയില്‍ വളര്‍ത്തണമെന്നത് സംബന്ധിച്ചും പലരും ഈ വിഷയത്തിൽ അഭിപ്രായംകുറിക്കുകയുംചെയ്തു. 
 

Content Highlights: A woman shared a video alleging harassment by a 7-year-old boy in her housing society.