പുട്ടുകുടത്തിൽ പൊടി കലക്കി, യുവതിയെ രാത്രി നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ

#സ്വന്തം ലേഖിക
പ്രകാശൻ, ഷമീർ
പ്രകാശൻ, ഷമീർ

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ സുഹൃത്തായ പ്രകാശന്‍ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചതെന്നും ഇതിനായി ഭര്‍ത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി. ഇതോടെയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. 

പുതുപ്പാടി സ്വദേശിനിയായ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അടിവാരം വാഴയില്‍ വീട്ടില്‍ വി. ഷെമീര്‍(34), ഇയാളുടെ സുഹൃത്ത് അടിവാരം മേലെപൊട്ടിക്കൈ പി.കെ. പ്രകാശന്‍(46) എന്നിവരെ താമരശ്ശേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് യുവതി പോലീസിനെ സമീപിച്ചത്.

കുടുംബത്തില്‍ പ്രശ്‌നമില്ലേ, അത് പരിഹരിക്കാം എന്നുപറഞ്ഞാണ് പ്രകാശന്‍ വീട്ടിലെത്തിയത്. ആദ്യം പുട്ടുകുടത്തില്‍ പൊടി കലക്കി ചുവപ്പ് നിറത്തിലാക്കി. ഇത് യുവതിയുടെ ശരീരത്തിലെ ബാധയുടെ ശക്തിയാണെന്ന് അവകാശപ്പെട്ട ഇയാള്‍ പുട്ടുകുടം പിന്നീട് തോട്ടില്‍ കൊണ്ടുപോയി ഒഴുക്കി. ഇതിനുശേഷമാണ് രാത്രി പ്രത്യേക പൂജ വേണമെന്ന് പ്രകാശന്‍ നിര്‍ദേശിച്ചത്.

വീടിന് വാതിലില്ലാത്തതിനാല്‍ വീടിന്റെ മുന്‍വശത്തും മുറിയിലും പുതിയ വാതില്‍വെക്കണമെന്ന് പ്രകാശന്‍ പറഞ്ഞിരുന്നു. ഇതിന് ഭര്‍ത്താവ് സമ്മതിച്ചു. പിന്നീട് യുവതിയെ ഫോണിൽ വിളിച്ച പ്രകാശന്‍, ഒറ്റയ്ക്ക് സംസാരിക്കണമെന്നും ആളൊഴിഞ്ഞിടത്തേക്ക് മാറിനിന്ന് സംസാരിക്കണമെന്നും പറഞ്ഞു. കുഴപ്പമില്ലെന്നും സംസാരിക്കാമെന്നും പറഞ്ഞതോടെയാണ് പ്രകാശന്‍ നഗ്നപൂജ ചെയ്യണമെന്ന് പറഞ്ഞത്.

എന്താണ് നഗ്നപൂജയെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ് ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ശരീരത്തില്‍ 'ഉഴിഞ്ഞ് പോക്കണ'മെന്നുമായിരുന്നു മറുപടി. എന്നാല്‍, ബാധകയറിയത് ഭര്‍ത്താവിന്റെ ശരീരത്തില്‍ അല്ലേയെന്നും എന്തിനാണ് തന്റെ ശരീരത്തില്‍ പൂജ നടത്തുന്നതെന്നും ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞാലേ ഭര്‍ത്താവ് പൂജയ്ക്ക് സമ്മതിക്കൂ എന്നായിരുന്നു പ്രകാശന്‍ പറഞ്ഞത്. തുടര്‍ന്ന് പൂജ നടത്താനായി ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചെന്നും യുവതി വെളിപ്പെടുത്തി. 

ഭര്‍ത്താവായ ഷെമീറിന് മറ്റൊരു ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടെന്നും യുവതി പറഞ്ഞു.

Content Highlights: woman forced to offer naked puja in thamarassery husband and his aide arrested