ലൈഫ് മിഷനും സ്വപ്‌ന സുരേഷുമടക്കം 6 പ്രതികൾ; വടക്കാഞ്ചേരി ഫ്‌ളാറ്റ് കേസിൽ സിബിഐ കുറ്റപത്രം| EXCLUSIVE

#ബിജു പങ്കജ്
സ്വപ്ന സുരേഷ് | ചിത്രം: അജി വി.കെ., മാതൃഭൂമി | ലൈഫ് മിഷൻ പദ്ധതിയുടെ ലോഗോ (ഫയൽചിത്രം)
സ്വപ്ന സുരേഷ് | ചിത്രം: അജി വി.കെ., മാതൃഭൂമി | ലൈഫ് മിഷൻ പദ്ധതിയുടെ ലോഗോ (ഫയൽചിത്രം)

തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയ ക്രമക്കേടിൽ ലൈഫ് മിഷനും സ്വപ്‌ന സുരേഷുമടക്കം 6 പ്രതികൾക്കെതിരെ ആദ്യകുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്‌ന സുരേഷും ശിവശങ്കറുമടക്കം ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് വിവാദമായതോടെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്റെ ഫ്‌ളാറ്റ് സമുച്ചയ ക്രമക്കേടും പുറത്തുവന്നത്. വടക്കാഞ്ചേരി മുൻ എം.എൽ.എ. അനിൽ അക്കരയുടെ പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്.

കേരളത്തിലെ പ്രളയബാധിതർക്ക് ഫ്‌ളാറ്റ് നിർമിക്കുന്നതിനും ആശുപത്രി സമുച്ചയം പണിയുന്നതിനുമായി യു.എ.ഇയിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് 21 കോടി രൂപയാണ് നൽകിയത്. ലൈഫ് മിഷനും റെഡ് ക്രസന്റും ഒപ്പുവെച്ച കരാർ പ്രകാരമാണ് ഈ പണം നൽകിയത്. കൊച്ചി സ്വദേശിയായ സന്തോഷ് ഈപ്പന്റെ യുണിടാക് ബിൽഡേഴ്‌സ്, സെയ്ൻ വെഞ്ച്വേഴ്‌സ് എന്നീ കമ്പനികൾക്കാണ് ഫ്‌ളാറ്റ് സമുച്ചയം പണിയാനായി കരാർ നൽകിയത്.

ഈ ഇടപാടിൽ വൻക്രമക്കേട് നടന്നതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി യുണിടാക് ബിൽഡേഴ്‌സ് ഉടമസ്ഥനായ സന്തോഷ് ഈപ്പൻ ആണ്. രണ്ടാം പ്രതി സന്തോഷ് ഈപ്പന്റെ തന്നെ കമ്പനിയായ സെയ്ൻ വെഞ്ച്വേഴ്‌സ്. മൂന്നാം പ്രതിയായി ലൈഫ് മിഷനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, സ്വർണക്കടത്തുകേസിൽ ഉൾപ്പെട്ട സന്ദീപ് നായരാണ് നാലാം പ്രതി. യു.എ.ഇ. കോൺസുലേറ്റ് പി.ആർ.ഒ. ആയിരുന്ന സരിത്താണ് അഞ്ചാം പ്രതി. സ്വപ്‌ന സുരേഷ് ആറാം പ്രതി.

ആശുപത്രി നിർമാണത്തിനായി ലൈഫ് മിഷൻ ടെൻഡർ പോലും വിളിക്കാതെയാണ് സന്തോഷ് ഈപ്പന്റെ കമ്പനിക്ക് കരാർ കൊടുത്തതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഹാബിറ്റാറ്റ് എന്ന കമ്പനിക്കായിരുന്നു കരാർ ലഭിക്കേണ്ടിയിരുന്നത്. അതിൽ തിരിമറി നടത്തിയാണ് സന്തോഷ് ഈപ്പന് കരാർ കൊടുത്ത്.

സന്നദ്ധ പ്രവർത്തനങ്ങൾക്കായി റെഡ് ക്രസന്റ് നൽകിയ 21 കോടി രൂപയിൽ നാലരക്കോടി രൂപ സന്ദീപും സരിത്തും സ്വപ്‌നയും സന്തോഷ് ഈപ്പനും ഉൾപ്പെട്ട പ്രതികൾ കമ്മീഷനായി തട്ടിയെടുത്തു. ലാഭം എന്ന നിലയിൽ സന്തോഷ് ഈപ്പൻ പിന്നെയും അഞ്ചു കോടി കൂടി വകമാറ്റി എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്‌. ബാക്കിവന്ന 10 കോടി രൂപയുടെ പണി മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് സിബിഐയുടെ കണ്ടെത്തൽ.

11 കോടിയോളം രൂപയുടെ തിരിമറിയാണ് നടന്നിരിക്കുന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രിൻസിപ്പസൽ സെക്രട്ടറി എം. ശിവശങ്കർ, അന്നത്തെ ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് എന്നിവർക്കെതിരെയും സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ ലഭിക്കാത്തതാണ് സി.ബി.ഐ. നേരിടുന്ന പ്രധാന വെല്ലുവിളി.

ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെതിരെ നടക്കുന്ന വിജിലൻസ് അന്വേഷണവും സിബിഐയുടെ തെളിവുശേഖരണത്തിന് തടസ്സമാകുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി എടുത്തിരുന്നു. സിബിഐ പലതവണ ആവശ്യപ്പെട്ടിട്ടും ഈ ഫയലുകൾ നൽകാൻ വിജിലൻസ് തയ്യാറായില്ല. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെ വിജിലൻസിന്റെ പക്കൽനിന്നും ഫയലുകൾ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ.

Content Highlights: CBI filed a chargesheet against 6 accused in the Wadakkanchery Life Mission project scam. The project involved a 21 crore funding from Red Crescent for flood victims. Allegations of 11 crore corruption including kickbacks and unauthorized contract awards. Key accused include Santhosh Eappen, Swapna Suresh, and Sandeep Nair. Ongoing investigation into M. Sivasankar and U.V. Jose regarding missing secretariat files.