ആഡംബര ജീവിതത്തിന് കുഞ്ഞുങ്ങളുടെ മാല മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ ജിബിൻരാജ്
അറസ്റ്റിലായ ജിബിൻരാജ്

വിഴിഞ്ഞം: പ്രദേശവാസികളായ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയംവെച്ച് ആഡംബര ജീവിതം നയിച്ചുപോന്ന രണ്ടുയുവാക്കൾ പിടിയിലായി. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന മാല കവർന്ന കേസിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ഒൻപതാം തീയതി ഉച്ചയോടെയാണ് മോഷണം നടന്നത്. കുഞ്ഞിന്റെ അമ്മ പള്ളിയിൽപോയ സമയംനോക്കി വീട്ടിലെത്തിയ പതിനേഴുകാരൻ മാല കൈക്കലാക്കുകയായിരുന്നു. 

തുടർന്ന് സുഹൃത്തായ ജിബിൻരാജിനെ വിളിച്ച് പത്താം തീയതി മുക്കോലയിലുള്ള ഒരു സ്വർണപണയ സ്ഥാപനത്തിൽ 35,000 രൂപയ്ക്ക് മാല പണയം വെച്ചു. ഇതിൽ ജിബിൻരാജ് 25,000 രൂപയും പതിനേഴുകാരൻ 10,000 രൂപയും വീതിച്ചെടുത്തു. ഈ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജിബിൻരാജിന്‍റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് പിടിയിലായത്. അറസ്റ്റിലായ  ജിബിൻരാജ് ഇതേ സ്ഥാപനത്തിൽ ഏഴിലധികം സ്വർണാഭരണങ്ങൾ പണയം വെച്ചിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പതിനേഴുകാരനെ വിട്ടയച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് ജുവനൈൽ കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിൽ എസ്.ഐ റെജി തോമസ്, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒ വിനയകുമാർ, സി.പി.ഒ രെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: Two youths arrested for stealing a 4-gram gold chain from a toddler in Vizhinjam., Stolen gold was pawned for Rs 35,000 to fund a luxury lifestyle., Police investigation revealed multiple other gold items were pawned by the accused., The primary accused is in remand, and the case of the minor is being transferred to the Juvenile Court.