സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് സംശയം; പോലീസ് ചോദ്യംചെയ്ത യുവാവ് മരിച്ചനിലയിൽ, പ്രതിയെത്തേടി പോലീസ്

ഇരിട്ടി: വീരാജ്പേട്ടയ്ക്കടുത്തുള്ള പാലങ്കലയിൽ യുവാവിനെ കാണാതായ സംഭവം കൊലപാതകമാണെന്ന് സംശയം. കരിനേരവണ്ട പൊന്നപ്പയെ (വിനു-41) ആണ് കാണാതായത്. ഒക്ടോബർ 21-ന് വീട്ടിൽനിന്ന് പോയ മകൻ പൊന്നപ്പ തിരിച്ചെത്തിയില്ല എന്ന് കാണിച്ച് അമ്മ 26-ന് വീരാജ്പേട്ട് റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു .
ഇതേതുടർന്ന് അടുത്തദിവസം പൊന്നപ്പയ്ക്കൊപ്പമുണ്ടായിരുന്ന തോറ ഗ്രാമത്തിലെ സോമയ്യ (മുദ്ദ) എന്നയാളെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. ഇതിനിടെ സോമയ്യ വിഷം അകത്തുചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. സോമയ്യയുടെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൊബൈൽഫോണിൽ പൊന്നപ്പയെ സോമയ്യയും മറ്റൊരാളും ചേർന്ന് കൊലപ്പെടുത്തിയതായുള്ള സൂചന ലഭിക്കുന്നത്. താനും മറ്റൊരാളും ചേർന്ന് പൊന്നപ്പയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി പ്രതി ഭാര്യയ്ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെത്തി.
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകകാരണം വ്യക്തമാകുകയുള്ളൂ. പോലീസ് ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്തതോടെ കൂടെയുണ്ടായിരുന്നു എന്ന് ഭാര്യക്ക് അയച്ച സന്ദേശത്തിൽ പറയുന്ന ആളെകൂടി പോലീസിന് കണ്ടെത്തേണ്ടതുണ്ട്. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
Content Highlights: Ponnappa (41) went missing from Palankala near Virajpet on October 21., Key suspect Somayya died by suicide after police interrogation., Police recovered a message sent to the suspect's wife confessing to the murder and burial., Search is underway for the second accused involved in the crime.