‘ഇൻസ്റ്റഗ്രാമിൽ വ്യാജപ്രചാരണം നടത്തി, മോശമായി ചിത്രീകരിച്ചു; കീർത്തനയെ ജിനീഷ് കുത്തിയത് കൊല്ലാനുറച്ചെന്ന് പോലീസ്

കോഴിക്കോട്: വടകര എം.ഡി.എം.എ കേസ് മുഖ്യ പ്രതിയായ കീർത്തനയെ ജീവിതപങ്കാളി ജിനീഷ് ആക്രമിച്ചത് കൊലപ്പെത്താനുള്ള ഉദ്ദേശത്തോടെയെന്ന് പോലീസ്. കീർത്തന ഇൻസ്റ്റഗ്രാമിലൂടെ അപമാനിക്കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്തതിന്റെ പേരിലുള്ള പകയായിരുന്നു ഇതിനുപിന്നിൽ. കേസിന്റെ തുടർ നടപടികൾക്കായി പോലീസിന് കൃത്യമായി വിവരം നൽകി സഹകരിച്ചിരുന്ന ആളായിരുന്നു ജിനീഷ്. അതുകൊണ്ടുതന്നെ ജിനീഷിനോട് കീർത്തനയ്ക്ക് ദേഷ്യമുണ്ടായിരുന്നു. കൂടാതെ, തന്റെ ജീവിതം കീർത്തന തകർത്തുവെന്ന തോന്നലും ജിനീഷിനുണ്ടായിരുന്നതായി വടകര പോലീസ് പറയുന്നു.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം കീർത്തന ജിനീഷിനൊപ്പമായിരുന്നു താമസം. ഇരുവരും വിവാഹിതരായതായി പറയുന്നുവെങ്കിലും നിയമപരമല്ലെന്ന് പോലീസ് പറഞ്ഞു. കീർത്തന ലഹരിക്കേസിൽ പെടുന്നതിന് മുൻപുതന്നെ ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നു. ലഹരിക്കേസിൽ പെട്ടതോടെ അത് വഷളാവുകയും ചെയ്തു.
ജാമ്യത്തിലിറങ്ങിയ ശേഷം ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ജിനീഷിനെതിരെ കീർത്തന വ്യാജ പ്രചാരണം നടത്തിയെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, കീർത്തന തനിക്കെതിരെ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയെന്നും ജനീഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ജൂലായ് 11-നാണ് എം.ഡി.എം.എ ഇടപാടുകളിൽ പണം അക്കൗണ്ട് വഴി സ്വീകരിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ പേരിൽ കീർത്തന അറസ്റ്റിലായത്. വടകര ആവിക്കൽ സ്വദേശി സഫ്‌വാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കീർത്തനയെ കസ്റ്റഡിയിലെടുത്തത്. സഫ്‌വാൻ എം.ഡി.എം.എക്കുള്ള പണം അയച്ചുകൊടുത്തത് കീർത്തനയുടെ അക്കൗണ്ടിലേക്കാണ്. ഇതുപോലെ ഒട്ടേറെ പേർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ച് കൊടുത്തതായും കണ്ടെത്തിയിരുന്നു.
ഇതിനുപുറമെ, പേരാമ്പ്ര ബിആർസിയിലെ കാവ്യ, നീഷ്മ തുടങ്ങി മറ്റ് രണ്ട് അധ്യാപികമാരും ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസും കേസിൽ അറസ്റ്റിലായിരുന്നു.
Content Highlights: Keerthana, the prime accused in the Vadakara MDMA case, was stabbed by her partner Ginish., The attack was motivated by alleged fake propaganda and defamation by Keerthana against Ginish on Instagram., Police revealed that their relationship soured after Keerthana's involvement in drug cases and cooperation with law enforcement.