'കൂട്ടബലാത്സംഗം, വെടിവെച്ച് പരിക്കേൽപ്പിച്ചു'; സ്ത്രീയുടെ പരാതി വ്യാജമെന്ന് പോലീസിന്റെ കണ്ടെത്തൽ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡല്‍ഹി: വെടിയേറ്റതായും കൂട്ടബലാത്സംഗത്തിനിരയായതായും ആരോപിച്ച് സ്ത്രീ നൽകിയ പരാതി വ്യാജമെന്ന് കണ്ടെത്തി പോലീസ്. വ്യാജമായി തെളിവുകള്‍ നിര്‍മിക്കുകയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ സ്ത്രീയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിന് ആസ്പദമായ സംഭവം. യുവതിക്കൊപ്പം വ്യാജ  തെളിവുകള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്ന ഡോക്ടറെയും ആശുപത്രി ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുപേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

തന്‍റെ അമ്മായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും വെടിയേറ്റെന്നും ചൂണ്ടിക്കാട്ടി മാര്‍ച്ച് 29-നാണ് സ്ത്രീയുടെ മരുമകൾ ബറേലി പോലീസിനെ സമീപിച്ചത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മടങ്ങുംവഴി അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും വെടിവെച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് സ്ത്രീയെ ഗാന്ധി ഉദ്യാനിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പോലീസ് ഉടൻതന്നെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് വ്യാപക പരിശോധന നടത്തുകയും ചെയ്തു. കൂടാതെ, സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. സ്ത്രീയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് വന്നതോടെയാണ് സംഭവത്തിൽ വലിയ ട്വിസ്റ്റ് ഉണ്ടായത്.

യുവതിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ബുള്ളറ്റ് വെടിവെപ്പിലൂടെയല്ല അകത്തെത്തിയതല്ലെന്നും ശസ്ത്രക്രിയയിലൂടെയാണ് ശരീരത്തിൽ സ്ഥാപിക്കുകയായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റ് ദേഹത്തിനുള്ളില്‍ വെയ്ക്കുകയും പിന്നീട് വെടിയേറ്റ പാട് സൃഷ്ടിക്കുന്നതിനായി നാണയം ചൂടാക്കി ദേഹം പൊളളിക്കുകയും ചെയ്യുകയായിരുന്നുവെന്നും കണ്ടെത്തി. 

സ്ത്രീ കെട്ടിച്ചമച്ച പരാതിയാണെന്നും ഇതിനായി മറ്റു രണ്ടുപേരും സഹായിച്ചതായും പോലീസ് തുടരന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പോലീസ്, സംഭവം നടന്നതായി പറയുന്ന സ്ഥലത്തെ സിസിടിവികളും പരിശോധനയ്ക്ക് വിധേയമാക്കി. കൂട്ടബലാത്സംഗത്തിനിരയായെന്ന് പറയുന്ന സമയത്ത് സ്ത്രീ ഒരു  ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നെന്നും കണ്ടെത്തി. 

തെളിവുകള്‍ തനിക്ക് എതിരാണെന്ന് വ്യക്തമായതോടെ യുവതി പോലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി. ജനപ്രതിനിധിയായ ഒരാളെയും അയാളുടെ മകനെയും ബ്ലാക്മെയിൽ ചെയ്തതായി സ്ത്രീയ്ക്കെതിരേ ഒരു കേസ് നിലവിലുണ്ട്. ഇതിന്‍റെ വിധി വരാനിരിക്കെ, ഇവരെ ഇരുവരെയും കുടുക്കനാണ് വ്യാജ പരാതി നല്‍കിയതെന്ന് സ്ത്രീ പോലീസിനോട് സമ്മതിച്ചു.

Content Highlights: up woman implants bullet in body and give fake complaint on gang rape