ഡാഷ്‌ക്യാമിൽ ഞെട്ടിക്കുന്ന ദൃശ്യം; ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗംചെയ്ത് സിഇഒയും ദമ്പതിമാരും

ജയ്പുർ: ഐടി ജീവനക്കാരിയെ കാറിലിട്ട് കൂട്ടബലാത്സംഗംചെയ്ത കേസിൽ ഐടി സ്ഥാപനത്തിന്റെ സിഇഒ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. ഉദയ്പുരിലെ സ്വകാര്യ ഐടി സ്ഥാപനത്തിന്റെ സിഇഒയായ ജിതേഷ് പ്രകാശ് സിസോദിയ, ഐടി സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് മേധാവി ശിൽപ സിരോഹി, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പ്രതികളുടെ സഹപ്രവർത്തകയും ഐടി സ്ഥാപനത്തിലെ മാനേജരുമായ യുവതിയാണ് ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവദിവസം കമ്പനി സിഇഒ ആയ സിസോദിയ ഉദയ്പുരിലെ ഹോട്ടലിൽ ഒരു ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു. പരാതിക്കാരിയും പ്രതികളും ഈ പാർട്ടിയിലുണ്ടായിരുന്നു. രാത്രി ഒൻപത് മണിക്ക് തുടങ്ങിയ പാർട്ടി അർധരാത്രി ഒന്നരയോടെയാണ് അവസാനിച്ചത്. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരും മദ്യപിക്കുകയുംചെയ്തിരുന്നു.
ഒന്നരയ്ക്ക് ആഘോഷങ്ങൾ അവസാനിച്ചശേഷം എല്ലാവരും മടങ്ങാൻ ആരംഭിച്ചു. ഇതിനിടെ പ്രതികൾ പരാതിക്കാരിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനംചെയ്ത് കാറിൽ കയറ്റി. തുടർന്ന് യാത്രയ്ക്കിടെ കാറിൽവെച്ചാണ് മൂവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
ഗൗരവ് സിറോഹിയാണ് കാർ ഓടിച്ചിരുന്നത്. ശിൽപയും ജിതേഷും പരാതിക്കാരിയും പിൻസീറ്റിലിരുന്നു. യാത്രയ്ക്കിടെ പ്രതികൾ സിഗരറ്റ് പോലെയുള്ള എന്തോ ഒരു സാധനം വാങ്ങാൻ കാർ നിർത്തി. തുടർന്ന് ഇത് പരാതിക്കാരിക്കും നൽകി. ഇതിനുപിന്നാലെ താൻ അബോധാവസ്ഥയിലായെന്നും പിന്നീട് ബോധം വീണ്ടെടുത്തശേഷമാണ് ബലാത്സംഗത്തിനിരയായെന്ന് മനസിലായതെന്നും പരാതിക്കാരിയുടെ മൊഴിയിലുണ്ട്.
ബോധം വീണ്ടെടുത്തപ്പോഴും പരാതിക്കാരി കാറിൽ തന്നെയായിരുന്നു. ഇതിനിടെയാണ് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റത് ശ്രദ്ധിച്ചത്. കാറിലെ ഡാഷ് ക്യാം പരിശോധിച്ചതോടെ പ്രതികൾ തന്നെ ഉപദ്രവിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പരാതിക്കാരി കണ്ടു. തുടർന്ന് ഡിസംബർ 23-ന് ഈ തെളിവുകളടക്കം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി നാലുദിവസത്തേക്ക് റിമാൻഡ്‌ചെയ്തതായി പോലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: Shocking gang-rape case in Udaipur: An IT employee was allegedly gang-raped in a car by her company`s CEO, executive head, and her husband. Three arrested. Police investigation ongoing.