'നോക്കാൻ വയ്യ, മടുത്തു', പ്രമോദ് അന്ന് പറഞ്ഞു; വീടിനുള്ളിൽ വെള്ളപുതപ്പിച്ച് സഹോദരിമാരുടെ മൃതദേഹങ്ങൾ

കോഴിക്കോട്: തടമ്പാട്ട്താഴം ഫ്‌ളോറിക്കൻറോഡിലെ വാടകവീട്ടില്‍ സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെയാണ് രണ്ട് മുറികളിലായി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സഹോദരനായ എം. പ്രമോദ്(62)നെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലര്‍ച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. ബന്ധുക്കളെത്തുമ്പോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ചേവായൂര്‍ പോലീസിലും വിവരം അറിയിച്ചു.
മരിച്ച രണ്ടുപേര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ശ്രീജയ കോവിഡിനുശേഷം തളര്‍ന്നു കിടക്കുകയായിരുന്നു.
അവിവാഹിതരായ മൂന്നു പേരും മൂന്ന് വര്‍ഷത്തോളമായി ഫ്‌ലോറിക്കന്‍ റോഡിലെ വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. നേരത്തേ നടക്കാവ് ഇംഗ്ലീഷ് പള്ളിയ്ക്ക് സമീപവും പിന്നീട് വേങ്ങേരിയിലുമാണ് ഇവര്‍ താമസിച്ചിരുന്നത്. ശ്രീജയ ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ചതാണ്. ഇവരുടെ പെന്‍ഷനിലാണ് മൂവരും ജീവിച്ചിരുന്നത്. പ്രമോദ് ഇലക്ട്രിക്കല്‍ ജോലികള്‍ക്കുപുറമേ ലോട്ടറിവില്‍പ്പനയും നടത്തിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
സഹോദരനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഡിസിപി അരുണ്‍ കെ. പവിത്രന്‍ പറഞ്ഞു.
പോലീസും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും എത്തി പരിശോധന നടത്തി. മെഡിക്കല്‍കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. ഉമേഷ്, ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ടി. മഹേഷ് തുടങ്ങിയവരും സംഭവസ്ഥലത്തെത്തി. പരേതരായ അപ്പുട്ടിയുടെയും യശോദയുടെയും മക്കളാണ്. സഹോദരങ്ങള്‍: വാസന്തി, ബാബു.
നോക്കാന്‍ വയ്യ, മടുത്തു
കോഴിക്കോട്: നോക്കാന്‍ വയ്യ, മടുത്തിട്ടുണ്ട്. കരിക്കാംകുളത്തെ രണ്ട് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ കാണാതായ സഹോദരന്‍ പ്രമോദ് നാട്ടുകാരോട് നേരത്തേ ഇങ്ങനെ പറഞ്ഞിരുന്നതായി ചേവായൂര്‍ പോലീസ്. മരിച്ച രണ്ടുപേര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ശ്രീജയ കോവിഡിനുശേഷം കിടപ്പിലായിരുന്നു. ഇരുവരുടെയും എല്ലാകാര്യങ്ങളും നോക്കിയിരുന്നത് പ്രമോദായിരുന്നു. ആരും സഹായിക്കാനില്ലാത്തതിന്റെ മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാകാം ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
ദുരൂഹ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് കരിക്കാംകുളം. മരിച്ചവരുടെ ബന്ധുവന്ന് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വന്നുനോക്കിയപ്പോള്‍ സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നെന്നാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ട അയല്‍വാസിയായ അരുണ്‍ പറഞ്ഞത്. തലേദിവസവും സമീപത്ത് താമസിച്ചിരുന്നവര്‍ പ്രമോദിനെ കണ്ടിട്ടുണ്ട്. പ്രമോദിന്റെ ഫോണ്‍ ലൊക്കേഷന്‍ ഫറോക്കാണെന്ന സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ തെളിഞ്ഞതോടെ ഇവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Content Highlights: Two sisters found dead under mysterious circumstances in Kozhikode.