യുഎസിൽ രണ്ട് മലയാളിയുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയിൽ

പട്ടിക്കാട് (തൃശ്ശൂർ): അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. കാലിഫോർണിയായിലെ മിൽപിറ്റാസിൽ ശനിയാഴ്ചയാണ് സംഭവം.
തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്ത് അനില പോലീസിന്റെ കസ്റ്റഡിയിലായി. വിലങ്ങന്നൂർ സ്വദേശി വിജീഷ് ആണ് മരിച്ച അഞ്ജനയുടെ ഭർത്താവ്. ഏക മകൾ വാമിക.
ഫ്ലാറ്റിന്റെ താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് നിർത്താതെ പോയ കാർ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞു. വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിയാതിരുന്ന ഭർത്താവ് ഫ്ലാറ്റിൽ ചെന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ ആനിനെ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.
മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നെന്ന് അഞ്ജനയുടെ വീട്ടുകാർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും ഭർത്താവ് വിജീഷും കാലിഫോർണിയയിൽ ജോലിചെയ്ത് വരികയാണ്.
Content Highlights: Two Malayali women, Anjana from Thrissur and Ann from Kottayam, were killed in California., Their friend Anila has been taken into police custody in connection with the murders., The incident occurred on Saturday in Milpitas, California., The exact motive behind the brutal attack remains unclear as the investigation continues.