അഞ്ചുകോടി വിലവരുന്ന ആംബര്‍ഗ്രിസുമായി രണ്ടുപേര്‍ പിടിയില്‍;വനിതാ സുഹൃത്തില്‍നിന്ന് ലഭിച്ചതെന്ന് മൊഴി

കൊച്ചി: വില്പനയ്ക്കായി കൊച്ചിയിലെത്തിച്ച അഞ്ചു കോടി രൂപ വിലമതിക്കുന്ന തിമിംഗില ദഹന അവശിഷ്ടമായ ആംബര്‍ഗ്രിസ് കൊച്ചിയില്‍ പിടികൂടി. കലൂരിലെ ഹോട്ടലില്‍നിന്നും പാലക്കാട് സ്വദേശികളായ എന്‍. രാഹുല്‍, കെ.എന്‍. വിശാഖ് എന്നിവരെയാണ് 8.7 കിലോ ആംബര്‍ഗ്രിസുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കൊച്ചി മേഖലാ യൂണിറ്റ് പിടികൂടിയത്.
പാലക്കാട് നിന്ന് ഇരുവരും ഇരുചക്രവാഹനത്തിലാണ് കൊച്ചിയിലെത്തിയത്. കറുകപ്പിള്ളിയിലെ ഹോട്ടലില്‍ മുറിയെടുക്കാനെത്തി. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ മുറി കിട്ടിയില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടലിനു സമീപമെത്തിയ ഡി.ആര്‍.ഐ. സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചപ്പോഴാണ് ആംബര്‍ഗ്രിസ് കണ്ടെത്തിയത്.
ചാവക്കാടുള്ള വനിതാ സുഹൃത്തില്‍ നിന്നുമാണ് ഇത് ലഭിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. വില്പനയ്ക്കായാണ് കൊച്ചിയില്‍ കൊണ്ടുവന്നത്. ഇടപാടുകാരന്‍ ഹോട്ടലില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും അന്വേഷക സംഘത്തിന് ഇടപാടുകാരന്റെ നമ്പര്‍ ലഭിച്ചു. വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. കേസ് വനംവകുപ്പിന്റെ പെരുമ്പാവൂര്‍ ഫ്‌ലയിങ് സ്‌ക്വാഡിന് കൈമാറി.
Content Highlights: Two arrested with ambergris worth Rs 5 crore