10 കോടി രൂപയുടെ ആംബര്‍ഗ്രീസ് വിദേശത്തേക്ക് കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

അനില്‍കുമാര്‍, പ്രസാദ്
അനില്‍കുമാര്‍, പ്രസാദ്

കൊണ്ടോട്ടി: 10 കോടിയോളം രൂപ വിലവരുന്ന ആംബര്‍ഗ്രീസുമായി കാസര്‍കോട് സ്വദേശികളായ രണ്ടു യുവാക്കളെ വിമാനത്താവളപരിസരത്തുനിന്ന് പിടികൂടി. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍കുമാര്‍ (40), എടനീര്‍ തട്ടാന്‍മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം വരുന്ന ആംബര്‍ഗ്രീസാണ് ഇവരില്‍നിന്ന് പിടികൂടിയത്. കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കര്‍ണാടക സ്വദേശികളില്‍നിന്നാണ് ഇവരിത് വാങ്ങിയതെന്നാണ് വിവരം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടുനിന്ന് കോടികളുടെ ആംബര്‍ഗ്രീസ് പിടികൂടിയിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ വനം വകുപ്പിന് കൈമാറും.

ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷറഫിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ മനോജ്, എസ്.ഐ. നൗഫല്‍ എന്നിവരടങ്ങിയ ജില്ലാ ഡാന്‍സാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two arrested with ambergris in kondotty