ഹോംസ്‌റ്റേ ലൈസന്‍സിന് 2000 രൂപ കൈക്കൂലി; ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആലപ്പുഴ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസംവകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റുചെയ്തു. ആലപ്പുഴ ജില്ലാ ടൂറിസം ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ. ഹാരിസ്(55) ആണ് പിടിയിലായത്. ഹോംസ്റ്റേ ലൈസന്‍സ് അനുവദിക്കുന്നതിനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. വെള്ളിയാഴ്ച പുന്നമട ഫിനിഷിങ് പോയിന്റിലെ ഓഫീസില്‍നിന്നാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡു ചെയ്തു.
മാരാരിക്കുളം സ്വദേശി വി. മണിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഹോംസ്റ്റേ ലൈസന്‍സിനായി മണി ഓണ്‍ലൈനായി അപേക്ഷിച്ചിരുന്നു. ദിവസങ്ങളായിട്ടും ലൈസന്‍സ് കിട്ടിയില്ല.
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയാലേ ലൈസന്‍സ് അനുവദിക്കൂവെന്നറിഞ്ഞ മണി ടൂറിസം ഓഫീസിലെത്തി. അപ്പോള്‍ ഹാരിസ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈയില്‍ മുന്നൂറുരൂപയേ ഉള്ളൂവെന്നു പറഞ്ഞപ്പോള്‍ 5,000 രൂപയുമായി വരാന്‍ പറഞ്ഞു. ഈ വിവരം മണി വിജിലന്‍സില്‍ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം ആദ്യഗഡുവായി 2,000 രൂപ നല്‍കുമ്പോഴാണ് ഹാരിസ് പിടിയിലായത്.
നിരന്തരം കൈക്കൂലി വാങ്ങുന്ന ഹാരിസിനെക്കുറിച്ച് വിജിലന്‍സ് എസ്.പി. വി.ജി. വിനോദ്കുമാറിന് ഒട്ടേറെ പരാതി ലഭിച്ചിരുന്നു. മണിയുടെ പരാതിയെത്തിയപ്പോള്‍ തെളിവോടെ പിടികൂടുകയായിരുന്നു. പ്രതിയുടെ കാളാത്ത് കന്നിട്ടയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല.
ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥി, ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് കുമാര്‍, രാജേഷ്, എസ്.ഐ.മാരായ സ്റ്റാന്‍ലി തോമസ്, സുരേഷ് കുമാര്‍, ബസന്ത്, എ.എസ്.ഐ. ജയലാല്‍ തുടങ്ങിയവര്‍ അറസ്റ്റിനും റെയ്ഡിനും നേതൃത്വം നല്‍കി.
Content Highlights: tourism department officer arrested for taking bribe in alappuzha