‘മുത്തശ്ശിയുടെ മൃതദേഹം വീപ്പയിൽ സിമന്റിട്ട് മൂടി’; ഭാര്യയെ കുടുക്കാനുള്ള പ്ലാൻ പൊളിഞ്ഞു, ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ

#ന്യൂസ് ഡെസ്ക്
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന

അഹമ്മദാബാദ്: അകന്നു കഴിയുന്ന ഭാര്യയെ കൊലപാതക കേസിൽ കുടുക്കാനുള്ള ഭർത്താവിന്റെ നീക്കം പാളിയതോടെ ചുരുളഴിഞ്ഞത് മൂന്ന് കൊലപാതകങ്ങൾ. 2022-ൽ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ നടന്ന മൂന്ന് ദാരുണ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരൊറ്റ പരാതിയിലെ അന്വേഷണത്തിൽ അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ മാധവദാസ് ഭക്തിറാം സാധു, ഭാര്യ ഊർമിള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സൂറത്തിലെ കോസംബയിൽ ശാന്താബെൻ ഗംഭീർഭായ് വാസവ എന്ന വയോധിക കൊല്ലപ്പെട്ടതായും മൃതദേഹം വീട്ടിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും ആരോപിച്ച് മാധവദാസ് പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ശാന്താബെന്റെ പേരക്കുട്ടിയും തന്റെ ഭാര്യയുമായ ഊർമിളയും അവരുടെ ബന്ധുവായ യുവാവും ചേർന്നാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു മാധവദാസിന്റെ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാൾക്ക് കുറ്റകൃത്യത്തെ കുറിച്ച് യാതൊരു വിവരങ്ങളും അറിയില്ലെന്ന് പോലീസിന് വ്യക്തമായി. തുടർന്നാണ് മാധവദാസിനെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇതിനിടെ മാധവദാസ് നൽകിയ മൊഴികളിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ട്രിപ്പിൾ കൊലപാതകങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്.

എട്ടു മാസങ്ങൾക്ക് മുൻപ് ഭാര്യ ഊർമിള മകനെയും പണവും ആഭരണങ്ങളുമായി തന്നിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയതിലുള്ള വ്യക്തിവൈരാഗ്യം മൂലമാണ് ഊർമിളയെയും ബന്ധുവിനെയും വധശിക്ഷ ലഭിക്കാവുന്ന കേസിൽ കുടുക്കാൻ മാധവദാസ് വ്യാജ പരാതി നൽകിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

2022-ൽ ഊർമിളയുടെ സഹോദരിയായ ഭഗവതീബെൻ കമലേഷ്ഭായ് വാസവയെ സ്വത്തും പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതിനായാണ് പ്രതികൾ കൊലപ്പെടുത്തിയത്. ക്ഷയരോഗ ബാധിതയായ ഭഗവതീബെനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചിടുകയായിരുന്നു.

ഇതിനുശേഷം സ്വത്തുക്കൾ പൂർണ്ണമായി കൈക്കലാക്കാൻ മുത്തശ്ശിയായ ശാന്താബെൻ ഗംഭീർഭായ് വാസവയെ കൊലപ്പെടുത്തി. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഇൻഡസ്ട്രിയൽ സിമന്റ് ഉപയോഗിച്ച് ഒരു ബാരലിൽ അടച്ചു വെക്കുകയായിരുന്നു. പിന്നീട് മൃതദേഹാവശിഷ്ടങ്ങൾ മാറ്റി പറമ്പിൽ കുഴിയെടുത്ത് മൂടിയതായി പ്രതികൾ സമ്മതിച്ചു.

മാധവദാസിന്റെ അമ്മ മഞ്ജുളാബെൻ ഭക്തിറാം സാധുവിനെയാണ് പ്രതികൾ പിന്നീട് കൊലപ്പെടുത്തിയത്. തളർന്നു കിടപ്പിലായിരുന്ന അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി ദമ്പതികൾ ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു. കൊലപാതക പരമ്പരയ്ക്കുശേഷം സ്വർണവും പണവുമായി അകന്നുകഴിയാൻ തുടങ്ങിയതിനെ തുടർന്നാണ് മാധവദാസിന് ഭാര്യയോട് വൈരാഗ്യം തോന്നിയത്. പോലീസിൽ നേരിട്ടെത്തി പരാതി കൊടുത്ത് കുടുക്കാനുള്ള ശ്രമമായിരുന്നു അയാൾ പിന്നീട് നടത്തിയത്.

രണ്ട് പ്രതികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും തെളിവുകളും ശേഖരിക്കാൻ ഫോറൻസിക് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Content Highlights: Husband filed a false complaint to frame his estranged wife for murder., Police interrogation revealed a series of three murders committed in 2022., Victims include the wife's sister, grandmother, and the husband's own mother., Motive involved property theft, gold, and personal grudges., Ahmedabad city crime branch arrested the prime accused couple.