മൂന്നുമാസമായിട്ടും പരാതിയില്‍ നടപടിയില്ല; വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: ചക്കിട്ടപ്പാറ വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചക്കിട്ടപ്പാറ മുതുകാട് പൊയ്കയില്‍ മേരിയും മകള്‍ ജെസിയുമാണ് വില്ലേജ് ഓഫീസില്‍വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. വീട്ടിലേക്കുള്ള വഴി തുറന്ന് കിട്ടണമെന്ന് കാണിച്ച് വില്ലേജ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതായതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താലൂക്ക് സര്‍വേയറുടെ നിര്‍ദേശപ്രകാരം അയല്‍വാസി മതില്‍ കെട്ടിയെന്നും അതോടെ വീട്ടിലേക്കുള്ള വഴി ഇല്ലാതായെന്നുമാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വഴി തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് റവന്യൂ-വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കി. കൊയിലാണ്ടി തഹസില്‍ദാര്‍ 24 മണിക്കൂര്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ലെന്നാണ് ഇവരുടെ ആരോപണം.
ബുധനാഴ്ചയും പരാതിയില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ജെസിയും മകളും വില്ലേജ് ഓഫീസിലെത്തി. ഇതിനിടെ, പെരുവണ്ണാമൂഴി പോലീസും സ്ഥലത്തെത്തി. പെരുവണ്ണാമൂഴി പോലീസ് പരാതിക്കാരുമായും വില്ലേജ് അധികൃതരുമായും ചര്‍ച്ച നടത്തുന്നതിനിടെയാണ് ജെസിയും മകളും ബാഗില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ ബാഗില്‍നിന്ന് ഒരു കുപ്പി പെട്രോളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: suicide attempt by woman and daughter in chakkittappara village office