ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്,പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ്

#മാതൃഭൂമി ന്യൂസ്‌
ദീപക്ക്, ഷിംജിത മുസ്തഫ
ദീപക്ക്, ഷിംജിത മുസ്തഫ

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ വടകര മുട്ടുങ്ങലിലെ ഷിംജിതാ മുസ്തഫയ്ക്ക് ഇന്ന് നിർണായക ദിനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കുന്ദമംഗലം കോടതി പരിഗണിക്കും. ജാമ്യഹർജിയിൽ വാദം പൂർത്തിയായതോടെ ചൊവ്വാഴ്ച വിധിപറയുമെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.

ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് മെഡിക്കൽ കോളേജ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദീപക്കുമായി മുൻപരിചയം ഇല്ലെന്നും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഷിംജിത നിലവിൽ മഞ്ചേരി ജയിലിലാണ്.

ഷിംജിത വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം പോലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.

അതേസമയം ഷിംജിത പ്രചരിപ്പിച്ച വീഡിയോക്കെതിരേ ബസിലെ യാത്രക്കാരി പോലീസിനെ സമീപിച്ചിരുന്നു. പോസ്റ്റ് ചെയ്ത വീഡിയോയിൽ താൻകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ആളുകൾ തെറ്റിദ്ധരിക്കുമെന്നതിനാൽ വീഡിയോ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. കണ്ണൂർ സിറ്റി സൈബർ പോലീസിലാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. അതിനിടെ ഈ പരാതിയുടെ വിശദാംങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പോലീസിന് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്.

പയ്യന്നൂരിൽ സ്വകാര്യബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് ജീവനൊടുക്കുകയായിരുന്നു.

Content Highlights: Verdict on Shimjitha`s bail plea in the suicide case of Deepak, who ended his life after a defamatory video. Police fear witness tampering.