ബിറ്റ്‌കോയിന്‍ കേസ്: ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 97 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കുന്ദ്രയുടെ സ്വത്ത് കണ്ടുകെട്ടിയത്. മുംബൈ ജുഹുവില്‍ ശില്പ ഷെട്ടിയുടെ പേരിലുള്ള ഫ്‌ളാറ്റ്, പൂണെയിലെ ബംഗ്ലാവ് എന്നിവയടക്കമുള്ള വസ്തുവകകള്‍ ഇ.ഡി. കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.
കുപ്രസിദ്ധമായ 'ഗെയിന്‍ ബിറ്റ്‌കോയിന്‍' തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്രക്കെതിരേയും നടപടിയുണ്ടായത്. 'വാരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ പേരില്‍ ഏകദേശം 6600 കോടി രൂപയുടെ തട്ടിപ്പാണ് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന്റെ മറവില്‍ നടന്നത്. മാസംതോറും നിശ്ചിത പ്രതിഫലം വാഗ്ദാനംചെയ്ത് ബിറ്റ്‌കോയിന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. വാരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രൊമോട്ടര്‍മാരായ അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍.
ഡല്‍ഹി പോലീസും മഹാരാഷ്ട്ര പോലീസും നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ബിറ്റ്‌കോയിന്‍ തട്ടിപ്പില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരനായ അമിത് ഭരദ്വാജില്‍നിന്ന് രാജ്കുന്ദ്രയ്ക്കും ബിറ്റ്‌കോയിന്‍ ലഭിച്ചതായി കണ്ടെത്തിയത്. യുക്രൈയിനില്‍ ബിറ്റ്‌കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കാനായാണ് 285 ബിറ്റ്‌കോയിനുകള്‍ രാജ്കുന്ദ്രയ്ക്ക് കൈമാറിയിരുന്നത്. ഈ പദ്ധതി യാഥാര്‍ഥ്യമായില്ലെങ്കിലും നേരത്തെ കൈമാറിയ ബിറ്റ്‌കോയിനുകളെല്ലാം രാജ്കുന്ദ്ര കൈവശം സൂക്ഷിക്കുകയായിരുന്നു. ഇതിന് ഏകദേശം 150 കോടിയോളം രൂപ മൂല്യമുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഗെയിന്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ സിംപി ഭരദ്വാജ്, നിതിന്‍ ഗൗര്‍, നിഖില്‍ മഹാജന്‍ എന്നിവരെയാണ് ഇ.ഡി. ഇതുവരെ അസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം, കേസിലെ മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവര്‍ ഇപ്പോഴും ഒളിവിലാണ്.
Content Highlights: shilpa shetty husband raj kundra assets seized by ed