അന്നുരാത്രി റിഫ സന്തോഷത്തോടെയാണ് സംസാരിച്ചത്; മെഹ്നാസ് സഹകരിക്കാത്തതില്‍ ദുരൂഹതയെന്ന് കുടുംബം

റിഫ മെഹ്നു, മെഹ്‌നാസ് | Photo: https://www.instagram.com/rifa_mehnu_919/
റിഫ മെഹ്നു, മെഹ്‌നാസ് | Photo: https://www.instagram.com/rifa_mehnu_919/

കാക്കൂര്‍: ''തൂങ്ങിമരണമാണെങ്കിലും അതിന് തക്കതായ ഒരു കാരണം ഉണ്ടാവുമല്ലോ? വെറുതെ ഒരാള്‍പോയി തൂങ്ങി മരിക്കുകയൊന്നും ചെയ്യില്ലല്ലോ? അപ്പോ അതിന് എന്താണ് കാരണമെന്ന് പുറത്തുവരട്ടെ...''-യൂട്യൂബര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനോടുള്ള മാതാവ് ഷെറീനയുടെ പ്രതികരണം ഇങ്ങനെ.

''ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മെഹ്നാസ് പറയണം...''-ഷെറീനയുടെ വാക്കുകള്‍. പോലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്ന് കുടുംബം പറയുന്നു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസ് അന്വേഷണവുമായി മെഹ്നാസ് സഹകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു. തൂങ്ങിമരണമാണെങ്കിലും ഒരു കാരണവും കാരണക്കാരനും ഉണ്ടാവും. അത് കണ്ടെത്താനുള്ള ശ്രമം തുടരും. കൂടുതല്‍ പരിശോധനാഫലങ്ങള്‍ വരുന്നതോടെ അതില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷയെന്നും റാഷിദ് പറഞ്ഞു.

റിഫ മെഹ്നുവിന്റെ മാതാപിതാക്കളായ റാഷിദും ഷെറീനയും

ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ രാത്രിയില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് റിഫ ഫോണില്‍ സംസാരിച്ചതെന്ന് കുടുംബം പറയുന്നുണ്ട്. കൂടാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് കളവു പറഞ്ഞതും, കബറടക്കാന്‍ തിടുക്കം കൂട്ടിയതുമെല്ലാം സംശയം ബലപ്പെടുത്തുന്നതായും കുടുംബം ആരോപിക്കുന്നു.

റിഫയെ മെഹ്നാസ് തങ്ങളുടെ മുന്‍പില്‍വെച്ചുപോലും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും, ഇയാള്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ദുബായില്‍നിന്ന് റിഫയുടെ മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തിയ മെഹ്നാസ് കബറടക്കത്തിന് ശേഷം അന്നുതന്നെ റിഫയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാവസ്തുക്കളുമായി സ്വദേശമായ കാസര്‍കോട്ടേക്ക് പോയതിലും കുടുംബം സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് ഇതുവരെ മകനെപ്പോലും അന്വേഷിച്ചിട്ടില്ലെന്നും പറയുന്നു.

സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായാണ് രണ്ടു വയസ്സുള്ള മകനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി റിഫ ദുബായില്‍ ജോലിക്കായി പോകുന്നത്. നാട്ടിലേക്ക് വിളിക്കുമ്പോഴെല്ലാം മാതാപിതാക്കളോട് ഇക്കാര്യത്തെക്കുറിച്ച് പറയാറുള്ളതായും ഇരുവരും പറഞ്ഞു. അതുകൊണ്ടുതന്നെ മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് റാഷിദും ഷെറീനയും.

തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാക്കൂര്‍: യൂട്യൂബര്‍ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ മുറിപ്പാടുകള്‍ തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലംകൂടി ഇനി ലഭിക്കാനുണ്ട്.

റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. മാര്‍ച്ച് 18-ന് റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് രണ്ടുമാസം മുമ്പ് പാവണ്ടൂര്‍ ജുമാ മസ്ജിദില്‍ കബറടക്കിയ മൃതദേഹം മേയ് ഏഴിന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയുള്ള സൗഹൃദത്തെ തുടര്‍ന്നാണ് കാസര്‍കോട് സ്വദേശിയായ മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്.

റിഫയുടെ മരണവുമായി ബന്ധപ്പെട്ട് മെഹ്നാസിന്റെ പേരില്‍ കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണാകുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനാല്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെ, ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇത് കോടതിയുടെ പരിഗണനയിലാണ്.

Content Highlights: rifa mehnas death case