‘ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം, ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി രാഹുൽ, മരുന്നെത്തിച്ചത് സുഹൃത്ത്’- യുവതിയുടെ മൊഴി

രാഹുൽ മാങ്കൂട്ടത്തിൽ | Photo: Facebook/Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ | Photo: Facebook/Rahul Mamkootathil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. രാഹുൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മരുന്നെത്തിച്ചത് രാഹുലിന്റെ സുഹൃത്താണെന്നും മൊഴിയിൽ പറയുന്നു.

പരാതിക്കാരി നൽകിയ മൊഴിയിൽ രാഹുൽ ഗർഭച്ഛിദ്രം നടത്താനായി ഭീഷണിപ്പെടുത്തിയതായി പറയുന്നു. കൂടാതെ, ഗർഭച്ഛിദ്രം നടത്താനായി ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കി എന്നും മൊഴിയിലുണ്ട്. മരുന്ന് എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്താണെന്നും യുവതി മൊഴി നൽകിയതായാണ് വിവരം. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പോലീസിനോട് പറഞ്ഞു. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയും ഡോക്റെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ഇതിനിടെ രാഹുലിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. രാഹുൽ മാങ്കൂട്ടത്തലിന്റെയും ഏറ്റവും അടുപ്പമുള്ള പ്രവർത്തകരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാ തരത്തിലുമുള്ള പൊതുബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. രാഹുലിൻറെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

എം.എൽ.എക്കെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പ്രതിഷേധങ്ങൾക്ക് സാധ്യതയേറിയിരിക്കുകയാണ്.

നിലവിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും ഭാഗത്തുനിന്നുള്ള പ്രതിഷേധ പരിപാടികൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്.  വിഷയം സജീവമായി തിരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാക്കി നിർത്തുക എന്നുള്ളത് ഇടത് സംഘടനകളുടെ പ്രധാന ലക്ഷ്യമാണ്. നേരത്തെ ഓഗസ്റ്റ് മാസത്തിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ ബി.ജെ.പിയുടെയും യുവമോർച്ചയുടെയും ഭാഗത്തുനിന്ന് പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.

പ്രതിഷേധം കണക്കിലെടുത്തുകൊണ്ട് അടൂർ പോലീസ് രാഹുലിന്റെ വീടിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ പോലീസുകാരെ എത്തിച്ച് വീടിന്റെ പ്രവേശന കവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ഉള്ളിലേക്ക് കടക്കുന്നത് തടയാനും കുടുംബാംഗങ്ങൾക്കോ മറ്റ് ബന്ധുക്കൾക്കോ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ജാഗ്രതയിലാണ് പോലീസ്.

Content Highlights: Woman alleges MLA Rahul Mamkoottathil forced an abortion, verified via video call, with medication supplied by his friend. Police are investigating.