ഗുരുവായൂർ എക്സ്പ്രസിൽ കടത്തിയ 35.92 ലക്ഷം രൂപ പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ

അറസ്റ്റിലായ പ്രസന്നൻ
അറസ്റ്റിലായ പ്രസന്നൻ

പുനലൂർ :  രേഖകളില്ലാതെ തീവണ്ടിയിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെ (52) കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ, കൊല്ലം - ചെങ്കോട്ട പാതവഴി മധുരയിൽ നിന്നും ഗുരുവായൂരിലേക്ക് വന്ന തീവണ്ടിയിൽ നിന്നാണ് പണം കണ്ടെടുത്തത്. 500 രൂപയുടെ 72 കെട്ടുകളായി തോൾബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാഗ് കൈവശം വച്ചിരുന്ന പ്രസന്നനോട്  ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.ശ്രീകുമാർ, സീനിയർ സിവിൽ  ഓഫീസർമാരായ ഷെമീർ, സജി, സിവിൽ ഓഫീസർമാരായ അരുൺ മോഹൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് എസ്.എച്ച്.ഒ. പറഞ്ഞു. 

കൊല്ലം-ചെങ്കോട്ട പാത വഴി തീവണ്ടികളിൽ രേഖകളില്ലാതെ പണം കടത്തുന്നത് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 16 -ന് ചെന്നൈ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്.) പിടിച്ചെടുത്തിരുന്നു. മധുര കാമരാജ്ശാല സ്വദേശി എസ്.സുരേഷി (65) നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Content Highlights: Rs 35.92 Lakh Seized at Punalur Railway Station