ക്ഷേത്രത്തിനുള്ളിൽ മാലപൊട്ടിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ, ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി

എം.പി. ബിജുമോൻ
എം.പി. ബിജുമോൻ

പത്തനംതിട്ട: ക്ഷേത്രത്തിൽ കഴകം ജോലിചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരിയെ അറസ്റ്റുചെയ്തു. ഇലന്തൂർ പൂക്കോട് ഗുരുമന്ദിരത്തിനുസമീപം മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോൻ (52) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു ആക്രമണം. പതിവുപോലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുകയായിരുന്ന വിജയമ്മയുടെ (63)-നേരേയാണ് പൂജാരിയായ ബിജുമോൻ അതിക്രമം നടത്തിയത്.

ക്ഷേത്രത്തിന് കുറച്ചുമാറി ഇരുചക്രവാഹനം നിർത്തിയിട്ടശേഷം റബ്ബർത്തോട്ടം വഴി ഉള്ളിലെത്തിയ ഇയാൾ, ക്ഷേത്രത്തിലെ പട്ടുടയാടയിൽ മുളകുപൊടി തട്ടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു.

തുടർന്ന് സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയമ്മ കുതറിമാറി ബഹളംവെച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് വിജയമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർചെയ്തു.

പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതകക്കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽകേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇലവുംതിട്ട സ്റ്റേഷൻ ഹൗസ് ഒാഫീസർ കെ.ആർ. രാജേഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്, റിജു, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡുചെയ്തു.

Content Highlights: Temple priest M.P. Bijumon arrested for attacking a female temple worker. Chili powder thrown in the victim's eyes to steal her gold chain. Accused apprehended by locals and handed over to Elavumthitta police. Accused has prior criminal records including a murder case.