അമ്മയെ കൊന്ന് മോർച്ചറിയിൽവെച്ച സംഭവം; ആരുടേതായിരുന്നു ആ ഫോൺകോൾ, മർദനം ഡോക്ടറും മറച്ചുവെച്ചോ?അന്വേഷണം

കടപ്ര (പത്തനംതിട്ട): അമ്മയെ മർദിച്ചുകൊന്ന് മോർച്ചറിയിൽവെച്ച സംഭവത്തിൽ മകനാണ് കുറ്റക്കാരൻ എന്ന് മനസ്സിലാക്കാൻ “പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയിക്കാണാൻ” പോലീസിനോട് പറഞ്ഞതാര്? പോലീസ് വിട്ടുപറയുന്നില്ലെങ്കിലും ബന്ധുക്കളിലാരോ എന്നുറപ്പ്. കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ടതാണെന്നും മകൻ ടിജോ തോമസിന് മുഖ്യപങ്കുണ്ടെന്നും സൂചന നൽകുന്നതായിരുന്നു കോൾ. നേരിട്ടങ്ങനെ പറഞ്ഞില്ലെന്നു മാത്രം.
ബുധനാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ഫോൺ സന്ദേശമാണ് കാര്യങ്ങളെ കൊലപാതകമാണെന്ന് കണ്ടെത്താൻ തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷിനും കോയിപ്രം എസ്.എച്ച്.ഒ. പങ്കജ് കൃഷ്‌ണനും പ്രധാന തുമ്പായത്. സംഭവത്തിൽ ടിജോ തോമസിനെയും കൂട്ടുകാരി റിൻസിമോളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കടുത്ത മദ്യപാനവും ലഹരി ഉപയോഗവും ദുർനടപ്പുമുള്ള ടിജോ ബന്ധുക്കളെ അകറ്റിനിർത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുണെയിൽ നഴ്‌സായ ഭാര്യയെ കാണാൻ ടിജോ പോയപ്പോഴാണ് തിരുവനന്തപുരംകാരിയായ റിൻസി മോളെ കണ്ടുമുട്ടിയത്. അവിടെനടന്ന ഒരു വിവാഹസത്‌കാരത്തിലായിരുന്നു കൂടിക്കാഴ്ച.
റിൻസിയുമായുള്ള അടുപ്പം നാട്ടിലെത്തിയപ്പോഴും സൂക്ഷിച്ച ടിജോ അവർക്കായി നാട്ടിൽ ഫ്ളാറ്റും സംഘടിപ്പിച്ചുകൊടുത്തു. ഇരുവരുടെയും ബന്ധം ടിജോയുടെ ഭാര്യ അറിഞ്ഞതോടെ ആറുമാസംമുമ്പ് അവർ വീടുവിട്ടുപോയി.
തക്കം പാർത്തിരുന്ന ടിജോയാകട്ടെ, രോഗബാധിതയായ അമ്മയെ നോക്കാൻ ഹോംനഴ്സ് എന്ന വ്യാജേന റിൻസി മോളെ വീട്ടിലെത്തിച്ചു. അമ്മയുടെ അസുഖം ‘ശല്യ’മായതോടെ അതുമായി ബന്ധപ്പെട്ട് ടിജോയുമായി റിൻസിമോൾ എന്നും വഴക്കുകൂടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയിൽ വഴക്കിനിടെ തടസ്സം പിടിക്കാനെത്തിയ പൊന്നമ്മയെ ടിജോ മർദിച്ചതാണ് മരണകാരണമായത്. ചൊവ്വാഴ്ച രാവിലെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എന്തുകൊണ്ട് മർദനമാണ് മരണകാരണമെന്ന് പരിശോധിച്ച ഡോക്ടർക്ക് മനസ്സിലായില്ലെന്നതും പോലീസ് അന്വേഷിക്കുന്നു.
പൊന്നമ്മയുടെ ദേഹത്ത് പരിക്കുകൾ ഉണ്ടായിരുന്നു. ഫോൺസന്ദേശം ലഭിച്ചതിനെത്തുടർന്ന് ജില്ലാപോലീസ് മേധാവി ആർ. ആനന്ദ് നിർദേശിച്ചപ്രകാരം ബന്ധുക്കൾ, അയൽവാസികൾ തുടങ്ങിയവരിലേക്ക് അന്വേഷണംനീണ്ടു. കുറ്റവാളി ടിജോയും പെൺസുഹൃത്തുമാണെന്ന് വ്യക്തമാകുകയുംചെയ്തു.
Content Highlights: 75-year-old Ponnamma Thomas was beaten to death by her son Tijo Thomas. An anonymous phone call to the Pathanamthitta District Police Chief acted as the crucial tip-off. Tijo's female friend Rinsimol, brought in as a fake home nurse, was also arrested. Police are investigating why the hospital doctors initially failed to report the physical injuries causing death.