അഭിരാം ഇൻസ്റ്റാഗ്രാം മറ്റൊരു പെൺകുട്ടിയുമായി ഷെയർ ചെയ്തു, ചാറ്റുകൾ അപ്രത്യക്ഷം; കൂടുതൽപ്പേർക്ക് പങ്കുണ്ടെന്ന് സംശയം

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയായ അഭിരാ(17)മിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാമെന്ന നിഗമനത്തിൽ അന്വേഷണസംഘം. നിലവിൽ പ്രതികളായ അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരൻ, ഉമർ മുസ്താർ, ഐ.ടി.ഐ. വിദ്യാർഥിനിയും മണക്കാട് സ്വദേശിനിയുമായ ആനന്ദ എന്നിവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി.
പ്രതികൾ മൊഴിമാറ്റുന്നത് അന്വേഷണസംഘത്തിനു തലവേദനയാകുന്നുണ്ട്. കൊലപാതകസമയത്ത് ആനന്ദ ഉണ്ടായിരുന്നതായി പ്രതികൾ ആദ്യം നൽകിയ മൊഴി പിന്നീട് മാറ്റി. ആനന്ദയെ രക്ഷിക്കാനായിരുന്നു ഇതെന്നാണ് സംശയം. സമാനമായി ഗുണ്ടയായ ഉമറിനെ രക്ഷിക്കാനും ആദ്യഘട്ടത്തിൽ തെറ്റായ മൊഴികൾ നൽകിയിരുന്നു. ആനന്ദ സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് പക്ഷേ പോലീസ് ഇപ്പോഴും ഉറപ്പിക്കുന്നില്ല. സംഭവത്തിൽ നാലാമതൊരാളുടെ പങ്ക് പോലീസ് ഏകദേശം ഉറപ്പിച്ചിട്ടുണ്ടെന്നാണറിയുന്നത്. ഇത് ഉമറിന്റെ സുഹൃത്താണെന്നാണ് വിവരം. കുറ്റകൃത്യംചെയ്യാൻ പോകുന്നതിനെപ്പറ്റി ഈ വ്യക്തിക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
കൂടുതൽ പ്രതികൾ ഉണ്ടായിരിക്കാനുള്ള സാധ്യതതന്നെയാണ് നാട്ടുകാരും മരിച്ച അഭിരാമിന്റെ വീട്ടുകാരും ആരോപിക്കുന്നത്. കൊല്ലപ്പെട്ട അഭിരാമിന്റെ ഫോണിലെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ അപ്രത്യക്ഷമായതിലും ദുരൂഹതയുണ്ട്. ഫോൺ ഇനിയും കണ്ടെത്തിയിട്ടില്ല. അഭിരാം തന്റെ അക്കൗണ്ട് മറ്റൊരു പെൺകുട്ടിയുമായി ഷെയർ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പെൺകുട്ടിയാണോ ചാറ്റുകൾ ഡിലീറ്റ് ചെയ്തതിനു പിന്നിലെന്നാണ് സംശയം. ഇവരിലേക്ക് അന്വേഷണമെത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതവരും.
പ്രതിയായ ആനന്ദയുടെ ഫോണിൽനിന്ന് സന്ദേശങ്ങളയച്ചാണ് അഭിരാമിനെ സംഭവസ്ഥലത്തെത്തിച്ചതും കൊലപാതകം നടപ്പാക്കിയതും. പ്രധാന പ്രതിയായ 17-കാരന്റെ നേതൃത്വത്തിൽ ഇരട്ടക്കൊലപാതകമാണ് പദ്ധതിയിട്ടിരുന്നതെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. അഭിരാമിനെയും സുഹൃത്തിനെയും കൊല്ലാനായിരുന്നു പദ്ധതി. പ്രതികൾ ഒരുക്കിയ കെണിയിൽ പക്ഷേ, അഭിരാം മാത്രം പെടുകയായിരുന്നു. സ്ഥലത്ത് വരാത്തതുകൊണ്ട് രക്ഷപ്പെട്ടയാളിൽനിന്ന് പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.
എല്ലാ പഴുതുകളുമടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഉടൻതന്നെ സമഗ്രചിത്രം വ്യക്തമാകുമെന്നും പോലീസ് പറയുന്നു. ക്രമസമാധാന ചുമതലയുള്ള ഡി.സി.പി.യുടെ മേൽനോട്ടത്തിൽ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
നെഞ്ചുലച്ച് അഭിരാം മടങ്ങി
‘‘മോനേ അഭിരാമേ... ഞങ്ങൾക്ക് ഇനി ആരുണ്ട് കൂട്ടിന്...’’ എന്ന മാതാപിതാക്കളുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. പ്രണയപ്പകയെ തുടർന്ന് പാങ്ങപ്പാറയിൽ ദാരുണമായി കൊല്ലപ്പെട്ട 17-കാരൻ അഭിരാമിനെ ഒരു നോക്കുകാണാൻ ഒട്ടേറെപ്പേരാണ് ഒഴുകിയെത്തിയത്. വൈകാരികമായ രംഗങ്ങൾക്കാണ് പാങ്ങപ്പാറ സംഗീത നഗറിലെ വീടും അന്ത്യകർമങ്ങൾ നടന്ന കഴക്കൂട്ടം ശാന്തിതീരവും സാക്ഷ്യം വഹിച്ചത്. പ്രിയപ്പെട്ടവന്റെ വേർപാട് വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് വാടകവീട്ടിൽ പൊതുദർശനത്തിനായെത്തിച്ചത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂട്ടക്കരച്ചിലോടെയാണ് മൃതദേഹം വീട്ടിൽ ഏറ്റുവാങ്ങിയത്. “എന്റെ മോനെ എന്തിനാണ് നീ പോയത്... ഞങ്ങൾക്കിനി ആരുണ്ട് എന്നാവർത്തിച്ച് അമ്മ ധർമ്മജയുടെ നിലവിളി വേദനക്കാഴ്ചയായി മാറി. അഭിരാമിനെ യാത്രയാക്കാനെത്തിയ സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു. കൊലക്ക് പിന്നിൽ കൂടുതൽ പേരുണ്ടെന്നും കുട്ടിക്ക് നീതി കിട്ടുന്നതുവരെ പോരാടുമെന്നും കരച്ചിലിനിടെ അഭിരാമിന്റെ മുത്തച്ഛൻ പറയുന്നുണ്ടായിരുന്നു.
നാട്ടുകാരും സുഹൃത്തുക്കളുമടക്കം ആയിരക്കണക്കിന് പേരാണ് വീട്ടിൽ തടിച്ചു കൂടിയത്. ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ വിലാപയാത്രയായി മൃതദേഹം കഴക്കൂട്ടം ശാന്തിതീരം ശ്മശാനത്തിലെത്തിച്ച് സംസ്കാരം നടത്തി.
അന്ത്യോപചാരം അർപ്പിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും എത്തി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വി.മുരളീധരൻ എം.എൽ.എ., സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, മുൻ എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, മാങ്കോട് രാധാകൃഷ്ണൻ, വി.കെ. പ്രശാന്ത് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.