ഭാര്യയും കുട്ടികളും ആത്മഹത്യചെയ്താല്‍ ഉത്തരവാദിത്വം എസ്ഡിപിഐക്കെന്ന് പ്രതി പദ്മരാജന്‍; രാഷ്ട്രീയവും തീവ്രവാദവും ഇവിടെ വിഷയമല്ലെന്ന് കോടതി

തലശ്ശേരി:നാളെ ഒരു അധ്യാപകനോ പൊതുപ്രവര്‍ത്തനോ ഇത്തരം ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി പാലത്തായി പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ അധ്യാപകന്‍ പദ്മരാജന്‍. ശിക്ഷയെക്കുറിച്ചുള്ള ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായി പദ്മരാജന്‍ പറഞ്ഞു. ഭാര്യയും കുട്ടികളും ആത്മഹത്യ ചെയ്താല്‍ പൂര്‍ണ ഉത്തരവാദിത്വം എസ്ഡിപിഐ നേതൃത്വത്തിനും മതതീവ്രവാദ സംഘടനകള്‍ക്കും ജമാഅത്തെ ഇസ്ലാമിക്കുമായിരിക്കും. മനസാ വാച കര്‍മണ അറിയാത്ത കേസ് തന്റെ പേരില്‍ കെട്ടിച്ചമച്ചതാണെന്നും പ്രതി പറഞ്ഞു.
ശിക്ഷയെക്കുറിച്ചാണ് അറിയേണ്ടതെന്ന് ജഡ്ജി പറഞ്ഞപ്പോള്‍ എന്നെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നതെന്നും ഇളയമകന് നടക്കാന്‍ പ്രയാസമുണ്ടെന്നും ഭാര്യക്ക് ജോലിയില്ലെന്നും പദ്മരാജന്‍ വിശദീകരിച്ചു. ഭാര്യയുടെ അച്ഛന്‍ കഴിഞ്ഞ ആഴ്ച മരിച്ചു. അവിവാഹിതയായ സഹോദരി ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണ്. പ്രായമായ അമ്മയുണ്ട്-ഇയാള്‍ പറഞ്ഞു. തീവ്രവാദവും രാഷ്ട്രീയവും ഇവിടെ വിഷയമല്ലെന്ന് ജഡ്ജി വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെങ്കില്‍ മേല്‍ക്കോടതിയുണ്ട്. ഹൈക്കോടതിയെ സമീപിക്കാം. കുട്ടികളുടെ നിയമപ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും ജഡ്ജി വ്യക്തമാക്കി. അധ്യാപകന് ഭാര്യയും ചെറിയ കുട്ടികളുമുണ്ടെന്നും ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പി. പ്രേമരാജന്‍ വാദിച്ചു.
അപ്പീല്‍ നല്‍കും- പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പി. പ്രേമരാജന്‍
മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. കാര്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കും. കെട്ടിച്ചമച്ച കേസാണ്. സാക്ഷിയും തെളിവും കൃത്രിമമായി ഉണ്ടാക്കിയതാണ്. അതിജീവിതയുടെ മൊഴിമാത്രം ആശ്രയിച്ചാണ് ശിക്ഷ വിധിച്ചത്. കേസിന് പിന്നിലുള്ള സാചര്യം അപ്പീല്‍ കോടതിയെ ബോധ്യപ്പെടുത്തും. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. മറ്റൊരു ബിജെപി നേതാവായ അധ്യാപകനെതിരെ സമാനമായ ആരോപണം അതിജീവിതയുടെ മാതാവ് നടത്തിയിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍റഹീം നടത്തിയ അന്വേഷണത്തില്‍ പരാതി കളവാണെന്ന് കണ്ടെത്തി. അദ്ദേഹത്തെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. കുട്ടിക്ക് രണ്ട് മാസം കൗണ്‍സലിങ് നല്‍കിയവരെയും വിസ്തരിച്ചു. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ച തെളിവുണ്ടാക്കി പോക്സോ ചുമത്തി കുറ്റപത്രം നല്‍കി. എഡിഎം കെ. നവീന്‍ ബാബുവിന്റെ കേസ് അട്ടിമറിച്ചതില്‍ ഉള്‍പ്പെടെ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ്-അഡ്വ. പി.പ്രേമരാജന്‍ പറഞ്ഞു.
Content Highlights: Palathayi case: Teacher Padmarajan found guilty. He pleads for leniency citing family responsibilities and claims the case is fabricated. Appeal to be filed.