വാളയാർ ആൾക്കൂട്ടക്കൊല: അറസ്റ്റിലായവർ സ്ഥിരം ക്രിമിനലുകൾ, പിടിയിലാവാനുള്ള പലരും നാടുവിട്ടു

രാംനാരായൺ, മർദനമേറ്റ് അവശനിലയിൽ കിടക്കുന്ന രാംനാരായൺ | Images: MBTV Screengrab
രാംനാരായൺ, മർദനമേറ്റ് അവശനിലയിൽ കിടക്കുന്ന രാംനാരായൺ | Images: MBTV Screengrab

പാലക്കാട്: അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ ഛത്തീസ്ഗഢ് സ്വദേശി രംനാരായൺ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായവർ മറ്റ് നിരവധി കേസുകളിലും പ്രതിയെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്‌ കോടതി-ഒന്നിൽ വാളയാർ സ്റ്റേഷൻ എസ്എച്ച്ഒ എൻ.എസ്. രാജീവ് സമർപ്പിച്ച റിപ്പാർട്ടിലാണ് ഈ വിവരമുള്ളത്. പ്രതികൾക്കെതിരേ ബിഎൻഎസ് 103(1) വകുപ്പ് അനുസരിച്ച് കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

പോലീസ് റിപ്പോർട്ട് പ്രകാരം കേസിലെ ഒന്നാംപ്രതി അട്ടപ്പള്ളം കല്ലങ്കാട് അനുവിനെതിരേ വാളയാർ സ്റ്റേഷനിൽ പത്തും കസബ സ്റ്റേഷനിൽ അഞ്ചും അടക്കം 15 കേസുകളുണ്ട്. മാരകായുധങ്ങളുമായുള്ള ആക്രമണം, അടിപിടി എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. രണ്ടാംപ്രതി പ്രസാദിനും മൂന്നാംപ്രതി മുരളിക്കുമെതിരേ വാളയാർ സ്റ്റേഷനിൽ‌ രണ്ടുവീതം കേസുകളുണ്ട്. നാലാംപ്രതി ആനന്ദനെതിരേ വാളയാർ പോലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. അഞ്ചാം പ്രതി വിപിൻ പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ രണ്ടു കേസുകളിലും വാളയാർ സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.

17-ന് ഉച്ചയ്ക്ക് ഒരുമണിക്കും നാലുമണിക്കും ഇടയിലുള്ള സമയത്താണ് രാംനാരായണന് മർദനമേറ്റതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പോലീസെത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കയറ്റി അയക്കുകയായിരുന്നു. രാത്രി 7.40 ആണ് ആശുപത്രിയിലെ പോലീസ് ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥൻ വാളയാർ സ്റ്റേഷനിൽ വിളിച്ച് രാംനാരായൺ മരിച്ച വിവരം അറിയിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ രാംനാരായണെ പരിശോധിച്ച ഡോ. സുബിൻ ഫ്രാൻസിസിനെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിച്ചതായും എസ്എച്ച്ഒയുടെ റിപ്പോർ‌ട്ടിലുണ്ട്. ക്രൈംബ്രാഞ്ച് സംഘം പൂർണ അന്വേഷണച്ചുമതല ഏറ്റെടുക്കുന്ന മുറയ്ക്ക് റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ‌വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. കേസിലെ മറ്റുപ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ‌ക്കും ക്രൈംബ്രാഞ്ച് സംഘം നേതൃത്വം നൽകും.

ആൾക്കൂട്ടക്കൊല: ഇനിയും പടികൂടാൻ പത്തിലേറെപ്പേർ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാറിനെ(31) ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ പിടിയിലാവാനുള്ള പലരും നാടുവിട്ടു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക പരിശോധനകളിലാണ് അറസ്റ്റ് ഭയന്ന് പത്തിലേറെപ്പേർ ഒളിവിൽ പോയതായി കണ്ടെത്തിയത്. 15 പേരോളം രാം നാരായണിനെ മർദിച്ചെന്നാണ് പ്രാഥമിക വിവരം. വാളയാർ പോലീസ് അറസ്റ്റ് ചെയ്തത് അഞ്ചുപേരെ മാത്രമാണ്. ഇവർ‌ റിമാൻഡിലാണ്.

പിടിയിലായവരിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ചില സ്ത്രീകളും രാംനാരായണെ വടികൊണ്ട് തല്ലിയതായി സൂചനയുണ്ട്. സ്വന്തം താമസസ്ഥലത്തുനിന്ന് വഴിതെറ്റിയെത്തിയ രാംനാരായൺ തൊഴിലുറപ്പുതൊഴിലാളികൾ‌ പണിചെയ്തിരുന്ന മാതാളികാട് ഭാഗത്ത് എത്തിയപ്പോഴാണ് സംഘംചേർന്ന് പിടികൂടി മർദനമാരംഭിച്ചത്.

സംഭവസ്ഥലത്ത് ചിത്രീകരിച്ച ചില വീഡിയോ ദൃശ്യങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കേസിലുൾപ്പെട്ടവരടക്കം വീഡിയോകളിൽ ഗ്രൂപ്പുകളിൽനിന്നും മൊബൈൽഫോണുകളിൽനിന്നും ഡിലീറ്റ് ചെയ്തത് കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന് തടസ്സമായിട്ടുണ്ട്. കൂടുതൽ വീഡിയോ ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചുവരികയാണ്. ജില്ലാ ക്രൈംബ്രാ‍‌ഞ്ച് ഡിവൈഎസ്‌പിയായ പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരമുതൽ മണിക്കൂറുകളോളം കൊടിയ മർദനം തുടർ‌ന്ന സംഘം രാംനാരായൺ മരിച്ചെന്ന് സംശയിച്ചാണ് പോലീസിനെ വിവരമറിയിച്ചത്. വാളയാർ സ്റ്റേഷനിൽ നിന്നെത്തിയ പോലീസിനും സംഭവത്തിൽ വലിയ വീഴ്ചയുണ്ടായതായി സൂചനകളുണ്ട്.

സംഭവം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞിട്ടും വാഹനത്തിൽ ഒപ്പം പോകുന്നതിനോ രാംനാരായണെ ആശുപത്രിയിൽ നേരിട്ടെത്തിക്കുന്നതിനോ പോലീസ് തയ്യാറായില്ലെന്ന് വാളയാർ എസ്എച്ച്ഒ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്‌ കോടതിൽ സമർപ്പിച്ച അറസ്റ്റിലായ അഞ്ചു പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വകാര്യ ആംബലൻസ് വിളിച്ച് പരിസരവാസികളോടൊപ്പം ജില്ലാ ആശുപത്രിയിലേക്ക് കയറ്റിവിടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ രാംനാരായൺ മരിച്ചെന്ന സൂചനയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ബുധനാഴ്ച രാത്രി ജില്ലാ ആശുപത്രിയിലെത്തിച്ച രാംനാരായൺ 7.40-ന് മരിച്ചതായി ആശുപത്രിയിലെ ഡോക്ടർ പോലീസ് ഔട്ട് പോസ്റ്റിൽ റിപ്പോർട്ട് ചെയ്തശേഷമാണ് വാളയാർ പോലീസ് സംഭവത്തിൽ എന്തെങ്കിലും ചെയ്യാനായി രംഗത്തിറങ്ങുന്നതു തന്നെ. ഇതിനിടെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവർ പലരും രക്ഷപ്പെടുകയും ചെയ്തു. പതിനഞ്ചോളം പേരെ അന്നുതന്നെ കസ്റ്റിഡിയിലെടുത്തെങ്കിലും ഏറെപ്പേരെയും പിന്നീട് വിട്ടയച്ചു.

Content Highlights: Palakkad mob killing: Arrested individuals in Ramnarayan`s death case have prior criminal records. Police report reveals more accused on the run. Investigation ongoing.