ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് പരാതി; ആംബുലന്‍സ് നഴ്‌സിങ് ഡ്യൂട്ടിക്കാരന്‍ അറസ്റ്റില്‍

കോട്ടയം: ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ആശുപത്രിയില്‍ ബഹളം വെയ്ക്കുകയും ചെയ്ത കേസില്‍ ആംബുലന്‍സിലെ നഴ്‌സിങ് ഡ്യൂട്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം ഭാഗത്ത് തോലാനിക്കല്‍ വീട്ടില്‍ ജോബി ജോസഫ് (43) എന്നയാളെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ശനിയാഴ്ച രാത്രിയില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറോട് കയര്‍ത്തുസംസാരിക്കുകയും രോഗികളെ ചികിത്സിക്കുന്നത് തടസ്സപ്പെടുത്തുകയുമായിരുന്നു. കൂടാതെ, ആശുപത്രിക്കുള്ളില്‍ ബഹളംവെയ്ക്കുകയും ചെയ്തു.
രാത്രി 11 മണിയോടുകൂടി അസുഖം കൂടുതലായ രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇയാള്‍ നഴ്‌സിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലന്‍സില്‍ കൊണ്ടുപോകുവാന്‍ ഡോക്ടര്‍ പറയുകയായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാള്‍ ഡോക്ടര്‍ക്ക് നേരെ കയര്‍ക്കുകയും ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഒ. ദിലീഷ് ടി, എസ്.ഐ. അജി പി. ഏലിയാസ്, എ.എസ്.ഐ. ഷീനാ മാത്യു, സി.പി.ഒ. സബീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Content Highlights: Nursing duty worker arrested in case of obstructing doctor's duty