തെലങ്കാന സ്വദേശിനിയെ കൊന്ന് US-ൽനിന്ന് മുങ്ങി; ഇൻ്റർപോളിൻ്റെ നീക്കം; മുൻകാമുകൻ തമിഴ്‌നാട്ടിൽ പിടിയിൽ

ചെന്നൈ: തെലങ്കാന സ്വദേശിയായ യുവതിയെ യുഎസിൽ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം ഇന്ത്യയിലേക്ക് മുങ്ങിയ അർജുനെ ഇന്റർപോൾ നൽകിയ വിവരങ്ങൾപ്രകാരമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വൈകാതെ തന്നെ യുഎസിന് കൈമാറും.
നികിതയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതിന് പിന്നാലെ യുഎസ് ഫെഡറൽ ഏജൻസികൾ അർജുൻ ശർമയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ഇന്റർപോളിനും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ കൈമാറി. തുടർന്ന് ഇന്ത്യയിലെയും യുഎസിലെയും അന്വേഷണ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് തമിഴ്‌നാട്ടിൽനിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ചെയ്തത്.
യുഎസിലെ മെരിലാൻഡിൽ ഡാറ്റ അനലിസ്റ്റായി ജോലിചെയ്യുന്ന നികിതയുടെ മുൻ കാമുകനാണ് അർജുൻ ശർമ. ജനുവരി രണ്ടിനാണ് നികിതയെ കാണാനില്ലെന്ന് പറഞ്ഞ് അർജുൻ ശർമ ഹൊവാഡ് കൗണ്ടി പോലീസിൽ പരാതി നൽകിയത്. പുതുവത്സരത്തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, പരാതി നൽകിയതിന്റെ പിറ്റേദിവസംതന്നെ അർജുൻ ശർമ യുഎസിൽനിന്ന് ഇന്ത്യയിലേക്ക് കടന്നു. ഇതോടെ സംശയം തോന്നിയ പോലീസ് മെരിലാൻഡ് ട്വിൻ ടവേഴ്‌സ് റോഡിലെ അർജുന്റെ അപ്പാർട്ട്‌മെന്റിൽ പരിശോധന നടത്തി. ജനുവരി മൂന്നാം തീയതി നടത്തിയ ഈ പരിശോധനയിലാണ് അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടനിലയിൽ നികിതയുടെ മൃതദേഹം കണ്ടെത്തിയത്.
ദേഹമാസകലം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. തുടർന്നാണ് അർജുൻ ശർമയെ പിടികൂടാനായി യുഎസ് ഏജൻസികൾ ഇന്റർപോളിന്റെ സഹായംതേടിയത്. അതേസമയം, എന്താണ് കൊലപാതകത്തിന്റെ കാരണമെന്നോ എങ്ങനെയാണ് കൃത്യം നടന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ഹൈദരാബാദിൽ പഠനം, യുഎസിൽ ജോലി...
യുഎസിലെ മെരിലാൻഡിലെ 'വേയ്ഡ ഹെൽത്തി'ൽ ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റാണ് കൊല്ലപ്പെട്ട നികിത ഗോഡിശാല. 2025 ഫെബ്രുവരിയിലാണ് നികിത ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ജോലിക്ക് കയറി ചുരുങ്ങിയകാലം കൊണ്ടുതന്നെ കമ്പനിയിലെ മികച്ച പ്രകടനത്തിന് 'ആൾ ഇൻ അവാർഡും' നികിത സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദിലെ ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് 2021-ലാണ് നികിത ഫാം ഡി പഠനം പൂർത്തിയാക്കിയത്. തുടർന്ന് യൂണിവേഴ്‌സിറ്റി മെരിലാൻഡിൽ ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. നേരത്തേ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ക്ലിനിക്കൽ ഡേറ്റ സ്‌പെഷ്യലിസ്റ്റായും നികിത ജോലിചെയ്തിരുന്നു. ഇതിനുശേഷമാണ് അമേരിക്കയിലേക്ക് പോയത്.
Content Highlights: Man accused of murdering a Telugu woman in the US arrested in Tamil Nadu after fleeing India. Inter-agency hunt led to capture.