'നിധി'യെ വേണമെന്ന് മാതാപിതാക്കൾ; ഉപേക്ഷിച്ചത് ചികിത്സിക്കാൻ പണമില്ലാത്തതിനാല്‍; ഇരുവരും കസ്റ്റഡിയിൽ

#സ്വന്തം ലേഖിക
•ഝാർഖണ്ഡ് സ്വദേശികളായ ദമ്പതിമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ഉപേക്ഷിച്ചുപോയ രണ്ടു മാസം പ്രായമായ കുഞ്ഞിനെ ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എസ്. സിനി, അങ്കമാലി മൂക്കന്നൂരിലെ അഡോപ്‌ഷൻ ഏജൻസിയിലെ സിസ്റ്റർ സുകൃതയ്ക്ക് കൈമാറുന്നു | ഫോട്ടോ:  ടി.കെ. പ്രദീപ് കുമാർ
•ഝാർഖണ്ഡ് സ്വദേശികളായ ദമ്പതിമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ഉപേക്ഷിച്ചുപോയ രണ്ടു മാസം പ്രായമായ കുഞ്ഞിനെ ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.എസ്. സിനി, അങ്കമാലി മൂക്കന്നൂരിലെ അഡോപ്‌ഷൻ ഏജൻസിയിലെ സിസ്റ്റർ സുകൃതയ്ക്ക് കൈമാറുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ

കൊച്ചി: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതിമാര്‍ പോലീസ് പിടിയില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ പണം നല്‍കാനില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതെന്നാണ് ഇവരുടെ മൊഴി. 

മാസം തികയാതെയായിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എന്‍ ഐ സി യുവില്‍ ഒരു മാസത്തോളം ചികിത്സിച്ചിരുന്നു. വലിയ തുക ചികിത്സക്കായി വേണമായിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു. അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. കുഞ്ഞിനെ തങ്ങള്‍ക്കൊപ്പം വളര്‍ത്താനാണ് ആഗ്രഹമെന്നും അക്കാര്യം പോലീസിനോട് ആവശ്യപ്പെടുമെന്നും പോലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ പ്രതികരിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ബാലനീതി വകുപ്പും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. അതേസമയം, മാതാപിതാക്കള്‍ പറഞ്ഞ സാഹചര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനുള്ള സാഹചര്യം ഇവര്‍ക്കുണ്ടോ എന്നതും പോലീസ് പരിശോധിക്കും. രക്ഷിതാക്കള്‍ക്കെതിരേ എടുത്ത കേസ് നിലനില്‍ക്കുമോയെന്ന് പരിശോധിച്ച ശേഷം മറ്റു നിയമനടപടികളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി.

ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചുപോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ സര്‍ക്കാര്‍ പിന്നീട് ഏറ്റെടുത്തിരുന്നു. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് നിധി എന്ന് പേരിടുകയും ചെയ്തിരുന്നു. 

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതിമാര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. 28 ആഴ്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന് ഒരുകിലോയില്‍ താഴെ മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഭാര്യ സുഖം പ്രാപിച്ചതോടെ ഇരുവരും കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Content Highlights: Jharkhand couple arrested in Kochi for abandoning their newborn baby in a hospital