മൂന്ന് ജീവനെടുത്തത് അന്ധവിശ്വാസം; വിശന്നപ്പോൾ കാടിറങ്ങി, പോലീസിനെ കുഴപ്പിച്ചത് 36 മണിക്കൂർ

#എം. മുജീബ് റഹ്‍മാൻ
നെന്മാറ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെന്താമര പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലിന്റെ വരാന്തയിൽ ഉത്തരവ് ലഭിക്കുന്നതിനായി കാത്തിരിക്കുമ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. ആദ്യമെടുത്ത ഫോട്ടോ ശരിയായില്ലെന്ന് പറഞ്ഞ് ചെന്താമര മാറ്റിയെടുപ്പിക്കുകയും ചെയ്തു | ഫോട്ടോ: പി.പി. രതീഷ്
നെന്മാറ ഇരട്ടക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെന്താമര പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലിന്റെ വരാന്തയിൽ ഉത്തരവ് ലഭിക്കുന്നതിനായി കാത്തിരിക്കുമ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. ആദ്യമെടുത്ത ഫോട്ടോ ശരിയായില്ലെന്ന് പറഞ്ഞ് ചെന്താമര മാറ്റിയെടുപ്പിക്കുകയും ചെയ്തു | ഫോട്ടോ: പി.പി. രതീഷ്

നെന്മാറ: പോത്തുണ്ടി ബോയൻ ഉന്നതിയിൽ ഇരട്ടക്കൊലപാതകത്തിനുശേഷം കാടുകയറിയ ചെന്താമരയെ ഒടുവിൽ വീഴ്‌ത്തിയത് കടുത്ത വിശപ്പ്. ഒന്നരദിവസം പോലീസിനെ വട്ടംചുറ്റിച്ച ചെന്താമര വിശപ്പ് സഹിക്കാതെവന്നപ്പോഴാണ് കാടിറങ്ങിവന്നതും, യൂണിഫോമില്ലാതെ അന്വേഷണത്തിനെത്തിയ പോലീസിനുമുന്നിൽ കുടുങ്ങിയതും.

നെന്മാറപോലീസ് സ്‌റ്റേഷനിൽ എത്തിച്ചയുടൻ പോലീസിനോട് ചെന്താമര ആദ്യം ആവശ്യപ്പെട്ടതും ഭക്ഷണമായിരുന്നു. താനൊരു കടുവയാണെന്ന് സ്വയം ചിന്തിക്കുന്നതായി ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായപ്പോൾ ചെന്താമര പോലീസിന് നൽകിയ മൊഴിയിലുണ്ടായിരുന്നു. ചുറ്റും ശത്രുക്കളാണെന്നും അവർ ആക്രമിക്കാൻ വരികയാണെന്നും അയാൾ വിശ്വസിച്ചു.

ഭാര്യയും മക്കളും പിണങ്ങിപ്പോയത് മന്ത്രവാദത്തിന്റെ ഫലമായാണെന്നും താൻ ആറുമാസത്തിനകം ചത്തുപോകാനുള്ളത് അയൽക്കാർ ’ചെയ്തിട്ടുണ്ടന്നും’ ചെന്താമര വിശ്വസിച്ചിരുന്നു. അതേസമയം, ചെന്താമരയുടെ സ്വഭാവ രീതികളിൽ മനസ്സുമടുത്താണ് താനും മകളും ഉപേക്ഷിച്ചു പോന്നതെന്ന് ഭാര്യ പോലീസിന് മൊഴികൊടുത്തിരുന്നു.

പോലീസിനെ കുഴപ്പിച്ചത് 36 മണിക്കൂർ

കൊലപാതകത്തിന്‌ ശേഷം ചെന്താമര പോത്തുണ്ടി വനമേഖലയിലേക്ക് കടന്നതോടെ പ്രദേശത്തുള്ളവർ കടുത്ത ഭീതിയിലായിരുന്നു. ആദ്യ കൊലപാതകത്തിനുശേഷം പരോളിൽ നാട്ടിലെത്തിയ ചെന്താമര പലരോടും നാലുപേരെക്കൂടി കൊല്ലാനുണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു.

സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി കാടുകയറിയതോടെ തിരിച്ചെത്തിയാൽ വീണ്ടും അക്രമം കാണിക്കുമെന്ന് വിശ്വസിച്ച്‌ പ്രദേശവാസികൾ ഭീതിയിലായി. പോലീസിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് പോത്തുണ്ടി വനമേഖലയിലും റബ്ബർത്തോട്ടങ്ങളിലും മാട്ടായിലെ കുന്നുകളിലും ഉൾപ്പെടെ തിരച്ചിൽ നടത്തി.

വനമേഖലയിലെ തിരച്ചിലിന് ഡ്രോണും ഉപയോഗിച്ചു. കൊലപാതകശേഷം ചെന്താമര അയ്യപ്പൻ കുന്നിനു സമീപമുള്ള പോത്തുണ്ടി കനാലിന്റെ ഓവുചാലിലാണ് പകൽ ഒളിച്ചിരുന്നത്. രാത്രി കാടുകയറി മറയുകയായിരുന്നു. ഇതാണ് ആദ്യഘട്ടത്തിൽ പോലീസിന്റെ തിരച്ചിലിന് തിരിച്ചടിയായത്.

ഒടുവിൽ കെണിയിൽക്കുടുങ്ങി

2019 ഓഗസ്റ്റ് 30-ന് അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയപ്പോഴും ചെന്താമര ഓടിയൊളിച്ചത് ഇതേ കാട്ടിലേക്കായിരുന്നു. അന്ന് വിശപ്പ് സഹിക്കാതെ വന്നതോടെയാണ് രാത്രി കാടിറങ്ങി സഹോദരന്റെ വീട്ടിലേക്ക് ഭക്ഷണം തേടിയെത്തിയത്. ഈ വിവരമറിഞ്ഞെത്തിയാണ് പോലീസ് അന്ന് ചെന്താമരയെ പിടികൂടിയത്.

2025 ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊന്നശേഷവും ചെന്താമര പഴയതന്ത്രം തന്നെയാണ് പ്രയോഗിച്ചത്. എന്നാൽ, സഹോദരന്റെ വീട്ടിലേക്കെത്തുമെന്ന നിഗമനത്തിൽ പോലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

രാത്രിയിൽ കാടിറങ്ങിവന്ന പ്രതി സഹോദരന്റെ വീടിനുചുറ്റും പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതോടെ രക്ഷപ്പെടാനായി പാടവരമ്പിലൂടെ സ്വന്തംവീട്ടിലേക്ക് വരുന്നവഴിയാണ് യൂണിഫോമിലല്ലാതെ നിരീക്ഷണംനടത്തിയ പോലീസിനുമുന്നിൽപ്പെട്ടത്. പിടികൂടി ആദ്യം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെന്മാറ പോലീസ് സ്റ്റേഷനിലും എത്തിച്ചതോടെ പോലീസിനും ആശ്വാസമായി.

Content Highlights: Chethamara arrested for the murder of Sudhakaran and Lakshmi in January 2025. The suspect spent 36 hours hiding in the Pothundi forest area. Driven by extreme hunger, the suspect was captured while attempting to return home. The suspect exhibited signs of delusional behavior, claiming to be a tiger. Police used advanced surveillance, including drones, to track the suspect.