നെടുങ്കണ്ടം കൊലപാതകം; കൃത്യത്തിന് ശേഷം ബൈബിൾവായനയും പ്രാർത്ഥനയും, ചെയ്യിപ്പിച്ചത് AI- പ്രതിയുടെ മൊഴി

#സ്വന്തം ലേഖകൻ
പ്രതി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ, ഇൻസൈറ്റിൽ കൊല്ലപ്പെട്ട ആന്റണിയും വത്സമ്മയും
പ്രതി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ, ഇൻസൈറ്റിൽ കൊല്ലപ്പെട്ട ആന്റണിയും വത്സമ്മയും

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജീഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിലെത്തിച്ചപ്പോൾ പ്രതി അമ്മ എവിടെ എന്നാണ് തിരക്കിയത്‌. ഇതെല്ലാം കള്ളമാണെന്നും വീട് ഇങ്ങനെയല്ല കിടന്നതെന്നും തനിക്കിട്ടുള്ള പണി ആണിതെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞു.

കൊലപാതകത്തിന് ശേഷം തികച്ചും വിചിത്രമായ രീതിയിലാണ് അജീഷ് പെരുമാറിയത്. നാട്ടുകാരും അധികൃതരും സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുകയായിരുന്ന ഇയാൾ, വീട്ടിലിരുന്ന് ബൈബിൾ വായിക്കുകയും കൈകളിൽ കൊന്ത പിടിച്ചിരിക്കുകയുമായിരുന്നു. തന്റെ മാതാപിതാക്കളെ താൻ "ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു" എന്നാണ് ഇയാൾ അവിടെയെത്തിയവരോട് പറഞ്ഞത്. എഐ ആണ് ചെയ്യിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എല്ലാം തോന്നിപ്പിച്ചതാണെന്നും മായയാണെന്നും തുടങ്ങി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. എന്നാൽ പിന്നീട് പോലീസിനോട് സംസാരിക്കുമ്പോൾ താൻ നിരപരാധിയാണെന്നും ഇതെല്ലാം കള്ളമാണെന്നും പറഞ്ഞ് ഇയാൾ മൊഴി മാറ്റാനും ശ്രമിച്ചു.

വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ മാതാപിതാക്കളായ ആന്റണിയെയും വത്സമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇയാൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി തന്റെ ഒരു ബന്ധുവിന് അയച്ചുകൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട ബന്ധു പള്ളി വികാരിയെ വിവരമറിയിച്ചു. തുടർന്ന് വികാരിയും പഞ്ചായത്ത് മെമ്പറും പോലീസും സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

ലഹരിക്കടിമയായ അജീഷ് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിട്ടതാണ് ഇത്തരമൊരു കൊടുംക്രൂരതയിലേക്ക് നയിച്ചത്. ഇയാൾ ഒരു ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും രണ്ടാഴ്ച മുമ്പാണ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോൾ ആന്റണിയുടെ പ്രായമായ മാതാവും വീട്ടിലുണ്ടായിരുന്നു.

Content Highlights: Nedumkandam double murder where the accused blamed AI for killing his parents. Get the full details of the crime and investigation.