ഗുജറാത്തിൽ പ്രാഥമികാവശ്യത്തിനായി വെളിയിലിറങ്ങിയ 15 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, 8 പേർ അറസ്റ്റിൽ

നവ്സാരി: ഗുജറാത്തിലെ നവ്സാരിയിൽ 15-കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരവും ഭാരതീയ ന്യായ് സംഹിത വകുപ്പ് പ്രകാരവും എട്ടുപേർക്കെതിരേ കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 10.30 ഓടെ പ്രാഥമികാവശ്യത്തിനായി വീടിന് വെളിയിലിറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് പെൺകുട്ടിയുടെ കുടുംബത്തെ അറിയാവുന്ന മൂന്നുപേർ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് രണ്ട് കിലോമീറ്ററിലേറെ ദൂരത്തിൽ പെൺകുട്ടിയെ അവർ എത്തിച്ചു. ഇവിടെ അഞ്ചുപേർകൂടി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഈ പ്രദേശത്ത് വെച്ച് എട്ടുപേരും ചേർന്ന് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികളിൽ ഏഴുപേർ 20-21 വയസ് പ്രായമുള്ളവരാണ്. ഒരാൾ പ്രായപൂർത്തിയാവാത്തയാളെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതിനു പിന്നാലെ കുടുംബം തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് രാവിലെ പെൺകുട്ടി വീട്ടിലെത്തിയതോടെയാണ് ക്രൂര ബലാത്സംഗത്തെക്കുറിച്ച് വീട്ടുകാരറിയുന്നത്. വ്യാഴാഴ്ചയോടെ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായി ചിക്ലി പോലീസ് അറിയിച്ചു. ഇവരെ റിമാൻഡ് ചെയ്ത് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
Content Highlights: Navsari Gang Rape: Eight Arrested in Horrific sexual Assault Case