വനിതാ യൂട്യൂബറുടെ വീട്ടിലെ കവർച്ച: നാലുപേർ അറസ്റ്റിൽ, 98 പവൻ ആഭരണങ്ങൾ കണ്ടെടുത്തു

വീഡിയോയിൽനിന്നുള്ള ദൃശ്യം | അറസ്റ്റിലായവർ
വീഡിയോയിൽനിന്നുള്ള ദൃശ്യം | അറസ്റ്റിലായവർ

നാഗർകോവിൽ: വനിതാ യൂട്യൂബറുടെ വീട്ടിൽനിന്ന് ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ശ്രീവൈകുണ്ഠം സ്വദേശി പാണ്ടി (30), മുക്കൂടൽ സ്വദേശി മുരുകൻ (28), ആലങ്കുളം സ്വദേശി മുരുകേശൻ (38), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരാണ് പിടിയിലായത്. മോഷണം പോയതിൽ 98 പവൻ ആഭരണങ്ങൾ കണ്ടെടുത്തു.

വീട്ടിലെ പണവും ആഭരണങ്ങളും പ്രദർശിപ്പിച്ചുകൊണ്ടുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന മധുമിതയുടെ വീട്ടിൽനിന്നാണ് 118 പവൻ ആഭരണവും പണവും മോഷണം പോയത്. വ്യവസായിയായ ഭർത്താവ് വിനോദ് കുമാറുമായി കഴിഞ്ഞ 24-ന് തിരുനെൽവേലിയിൽ പോയി രാത്രി വൈകി വീട്ടിൽ എത്തിയപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത്. പിൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്.

രാജാക്കമംഗലം പോലീസ് കേസെടുത്തു. എസ്.പി. അൻഷൂൽ നാഗറിന്റെ നിർദേശപ്രകാരം ഡിവൈ.എസ്‍.പി. പ്രകാശ്, ഇൻസ്പെക്ടർ ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഏഴ് പ്രത്യേകസംഘം തിരച്ചിൽ നടത്തിയാണ് പ്രതികളെ പിടികൂടിയത്.

160-ഓളം നിരീക്ഷണക്യാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് ശ്രീവൈകുണ്ഠം സ്വദേശി പാണ്ടിയും മുക്കൂടൽ സ്വദേശി മുരുകനും പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ടുപേരുടെ വിവരങ്ങൾ ലഭിച്ചത്. പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നു.

Content Highlights: Police arrested four individuals in connection with the theft of jewelry and cash from a female YouTuber's home in Nagercoil. The theft involved 118 sovereigns of jewelry and cash, stolen after the YouTuber posted videos showcasing her valuables on social media. The arrests were made following an investigation led by a special team, which reviewed over 160 surveillance camera recordings to identify the suspects.