34 വർഷത്തിനുശേഷം വിധി; മുന്നയെ കൊലപ്പെടുത്തിയത് തന്നെ, പക്ഷേ പ്രതികളെ ശിക്ഷിക്കാൻ തെളിവില്ല

കൊച്ചി: പാലക്കാട്ടെ അബ്കാരി മുന്ന വധക്കേസിൽ വിചാരണനേരിട്ട മൂന്നുപ്രതികളെയും സി.ബി.ഐ. പ്രത്യേക കോടതി വിട്ടയച്ചു. ഒന്നാംപ്രതി പാലക്കാട് കോട്ടപ്പുറം പാറക്കോട്ടിൽ വിജയൻ (84), സഹോദരപുത്രനും രണ്ടാം പ്രതിയുമായ പി.കെ. സുധീർ (69), മൂന്നാം പ്രതി ശ്രീകൃഷ്ണപുരത്തെ ജോർജ് മംഗളം (74) എന്നിവരെയാണ് നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിൽ ജഡ്ജി പി.കെ. മോഹൻദാസ് വിട്ടയച്ചത്.
ഏറെക്കാലം രാഷ്ട്രീയവിവാദങ്ങൾക്ക് വഴിയൊരുക്കിയ കേസിൽ 34 വർഷത്തിനുശേഷമാണ് വിധി. കേരളത്തിന്റെ ക്രിമിനൽ വിചാരണചരിത്രത്തിൽ ഏറ്റവും കൂടുതൽനീണ്ട കേസുകളിലൊന്നാണിത്.
1992 ഏപ്രിൽ 10-നാണ് മുന്ന സഞ്ചരിച്ച കാർ കത്തിയനിലയിൽ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം പിന്നീടാണ് മുന്നയുടേതാണെന്ന് തിരിച്ചറിഞ്ഞത്. അബ്കാരി കരാറുകാർക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്നായിരുന്നു കണ്ടെത്തൽ. ലേലത്തിൽ മുന്ന പങ്കെടുക്കാതിരിക്കാൻ പ്രതികൾ ഒന്നരലക്ഷം രൂപ വാഗ്ദാനംചെയ്തതായും പിന്നീട് ആ തുക തിരികെവാങ്ങാൻ ഗൂഢാലോചന നടത്തി മുന്നയെ കൊലപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
ശ്രീകൃഷ്ണപുരത്തെ പാർക്കോ അബ്കാരി ഗ്രൂപ്പിലെ പാർട്ണർമാരായ മുൻ എം.എൽ.എ. പി. കുമാരന്റെ മകനാണ് പി.കെ. സുധീർ. കുമാരനും പ്രതിയായിരുന്നെങ്കിലും അന്തിമകുറ്റപത്രത്തിൽ സി.ബി.ഐ. ഒഴിവാക്കുകയായിരുന്നു.
യഥാർഥ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും വ്യാജരേഖകൾ നിർമിച്ചതായി സി.ബി.ഐ. ആരോപിച്ചിരുന്നു. ഇവരെ വിചാരണ ചെയ്യണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. ഇതോടെ കേസ് ദുർബലമാകുകയും അന്വേഷണം ഇഴയുകയും ചെയ്തു. തെളിവുകൾ പലതും നഷ്ടപ്പെട്ടതിനൊപ്പം പ്രതികളിൽ ചിലരും സാക്ഷികളും മരിച്ചു. 2005-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടങ്ങിയത് 2011 സെപ്റ്റംബറിലാണ്.
ഇപ്പോൾ വിട്ടയച്ചവർക്കെതിരേ കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളൊന്നും തെളിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മുന്നയുടെ മരണം പൊള്ളലേറ്റോ ശ്വാസം മുട്ടിയോ അല്ലെന്നും തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്നും കൊലപാതകം തന്നെയാണെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു.
Content Highlights: CBI special court acquits all three accused in the 1992 Munna murder case due to lack of evidence.