കടയിൽനിന്ന് പണം കവർന്നു, പോലീസ് വിട്ടയച്ചതിന് പിന്നാലെ ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്തയാൾ പിടിയിൽ

കടയിൽനിന്ന് പണം കവരുന്നതിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്
കടയിൽനിന്ന് പണം കവരുന്നതിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

കോഴിക്കോട്: മിഠായിതെരുവിലെ ചെരുപ്പ് കടയിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടി. പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് വിട്ടയച്ചതിനു പിന്നാലെ നഗരത്തിൽനിന്ന് ബൈക്ക് മോഷ്ടിച്ചതോടെ വീണ്ടും പിടിയിലാകുകയായിരുന്നു.

എസ്എം സ്ട്രീറ്റിലെ സുഹറ ഫുട്‌വെയറിൽ ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മോഷണം നടന്നത്. സെയിൽസ്മാൻ മുകളിലത്തെ നിലയിലേക്ക് പോയപ്പോൾ കുട്ടി കൗണ്ടർ തുറന്ന് പണം കവരുകയായിരുന്നു. 5500 രൂപയാണ് മോഷ്ടിച്ചത്. 

ഷൂ വാങ്ങാനായാണ് കുട്ടി രാവിലെ 10 മണിയോടെ കടയിലെത്തിയത്. സെയിൽസ്മാൻ ഷൂകൾ എടുത്തുകാണിക്കുകയും തുടർന്ന് മുകളിൽ നിന്ന് മറ്റൊരു ഷൂ എടുക്കാൻ പോകുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി കൗണ്ടർ തുറന്ന് പണം എടുക്കുകയും തുടർന്ന് ഷൂ വാങ്ങി പണം നൽകി കുട്ടി കടയിൽനിന്ന് പോകുകയും ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.

തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളടക്കം ഉടമ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കുട്ടിയെ പിടികൂടിയെങ്കിലും  രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.

ഇതിന് പിന്നാലെ കുട്ടി നഗരത്തിലെ മറ്റൊരിടത്തെത്തി ഒരു ബൈക്കും മോഷ്ടിച്ചു. ഇത് നാട്ടുകാർ കൈയ്യോടെ പിടികൂടി. തുടർന്ന് കുട്ടിയെ പോലീസിന് കൈമാറി. നിലവിൽ മോഷണത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറാനുള്ള തീരുമാനം പരിഗണനയിലാണെന്ന് പോലീസ് വ്യക്തമാക്കി.


 

Content Highlights: minor boy arrested in theft case