കുത്തേറ്റ് താഴെവീണപ്പോൾ കഴുത്തറുക്കാനും ശ്രമം; ജിത്തു ദിൽഷയെ കുത്തിയത് സൗഹാർദ്ദപരമായി സംസാരിച്ച് നിൽക്കുമ്പോൾ

#ന്യൂസ് ഡെസ്ക്
മരിച്ച ദിൽഷ | പ്രതി ജിത്തു | കോഴഞ്ചേരി മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ ദിൻഷ കൊല്ലപ്പെട്ടിടത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. പെൺകുട്ടിയുടെ ഷൂവും ജിത്തുവിന്റെ ഫോണും കാണാം.
മരിച്ച ദിൽഷ | പ്രതി ജിത്തു | കോഴഞ്ചേരി മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ ദിൻഷ കൊല്ലപ്പെട്ടിടത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. പെൺകുട്ടിയുടെ ഷൂവും ജിത്തുവിന്റെ ഫോണും കാണാം.

മാരാമൺ (പത്തനംതിട്ട): റിസോർട്ടിൽ ട്രെയിനി റിസപ്ഷനിസ്റ്റായി ജോലിചെയ്യുന്ന യുവതിയെ പുറത്തുനിന്നെത്തിയ യുവാവ് കുത്തിക്കൊന്നത് പ്രണയനൈരാശ്യം കാരണമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാരാമണിലെ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ ജോലി ചെയ്തിരുന്ന കൊല്ലം കുളത്തൂപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറം ദിൻഷാ മൻസിലിൽ കെ.ഷാജിയുടെ മകൾ ദിൻഷ (21) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കോഴഞ്ചേരി വെണ്ണപ്രപാറയിൽ ജിത്തു(27)വിനെ പോലീസ് സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.50 കൂടിയാണ് സംഭവം. ഈമാസം 11-നാണ് ദിൻഷ റിസോർട്ടിൽ ജോലിക്ക് കയറിയത്. യുവതിയെ പുറത്തേക്ക് വിളിച്ചിറക്കി സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിലാണ് പ്രതി പ്രകോപിതനായി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിൽ കുത്തിയത്. അതിക്രൂരമായാണ് ജിത്തു ദിൻഷയെ കൊലപ്പെടുത്തിയത്. കഴുത്തിൽ കുത്തിയതുകൂടാതെ കഴുത്തറക്കാനും ശ്രമിച്ചു. സംഭവത്തിനുതൊട്ടുമുമ്പ് ഇരുവരും സൗഹാർദ്ദപരമായാണ് സംസാരിച്ചതെന്ന് സി.സി.ടി.വി.ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.

പെട്ടെന്നാണ് പ്രതി പ്രകോപിതനാകുന്നതും കൈയിലുണ്ടായിരുന്ന കത്തിയെടുത്തു കുത്തിയതും. യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ജിത്തു എത്തിയതെന്ന് ഇതു വ്യക്തമാക്കുന്നു. മാരാമൺ റിസോർട്ടിന്റെ റസ്റ്ററന്റിലേക്കുള്ള പ്രധാനകവാടം ഒഴിവാക്കി ചെറിയ ഓഡിറ്റോറിയത്തിന് സമീപത്താണ് പ്രതി കൊലപാതകം നടത്തിയത്. ഓഡിറ്റോറിയത്തിന്റെ മുൻവശത്തുള്ള ആൽത്തറയ്ക്ക് സമീപം വെച്ചാണ് ഇരുവരും സംസാരിച്ചത്. ദിൻഷയെ അങ്ങോട്ടേക്ക് ഇയാൾ വിളിച്ചതാണെന്നു കരുതുന്നു.

ദാരുണമായ സംഭവത്തിന് മുമ്പ് ഇരുവരും റിസോർട്ടിനു പുറത്ത് അഞ്ചുമിനിറ്റോളം സംസാരിച്ചുനിന്നു. അതിനിടയ്ക്കാണ് പെൺകുട്ടിയെ ബലമായി പിടിച്ചുനിർത്തി കഴുത്തിൽ കുത്തിയത്. കുതറിമാറാൻ ശ്രമിച്ചപ്പോൾ വീണ്ടും രണ്ടുതവണ കൂടി കുത്തി. താഴെ വീണശേഷവും ആക്രമണം തുടർന്നു. നിലത്ത് വീണ പെൺകുട്ടിയെ വീണ്ടും കുത്തിയതിനുശേഷം കഴുത്തറക്കാനും ശ്രമിക്കുകയായിരുന്നു. ഈ സമയം ദൂരെമാറി ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

ബഹളംകേട്ട് സെക്യൂരിറ്റിക്കാരൻ ഓടിയെത്തിയപ്പോഴേക്കും പ്രതി കത്തിവീശി ഭയപ്പെടുത്തി. കൂടുതൽ ജീവനക്കാർ എത്തിയാണ് പ്രതിയെ കീഴ്‌പെടുത്തിയത്. ഇയാൾ കത്തി ഉപേക്ഷിച്ചശേഷമാണ് ജീവനക്കാർക്ക് പിടിക്കാനായത്. സംഭവം കണ്ട് ആദ്യം നടുങ്ങിയ ജീവനക്കാർ പ്രതിയെ പിടികൂടി കൈയും കാലും കെട്ടിയിട്ടാണ് പോലീസിന് കൈമാറിയത്. കോയിപ്രം പോലീസ് എത്തിയാണ് ദിൻഷയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിച്ചു.

കോഴഞ്ചേരിയിലെ സ്വകാര്യലോഡ്ജിൽ ജോലി ചെയ്യുമ്പോഴാണ് എട്ടുമാസം മുമ്പ് ജിത്തു ദിൻഷയെ പരിചയപ്പെട്ടത്. ആ ഘട്ടത്തിൽ ഇവിടെ പഠിക്കുകയായിരുന്നെന്നു പറയുന്നു. പരിചയം പിന്നീട് പ്രണയത്തിന് വഴിമാറി. പിന്നീടാണ് പെൺകുട്ടി മാരാമണിൽ ജോലിക്കെത്തിയത്. ദിൻഷ ട്രെയിനിയായി എത്തിയിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളൂവെങ്കിലും എല്ലാവരുമായും പെട്ടെന്ന് സൗഹൃദത്തിലായിരുന്നു. കോഴഞ്ചേരി കീഴുകരയുള്ള വീട്ടിൽ ജിത്തുവും അച്ഛനും മാത്രമാണ് താമസം. അമ്മയും സഹോദരനും വിദേശത്താണ്.

പ്രതിയെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തതേയുള്ളൂ. പ്രതി പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ സാവധാനം ചോദ്യംചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് പോലീസ്. കൊലപാതകം നടത്തിയതിന്റെ മാനസിക സമ്മർദ്ദത്തിലാണ് പ്രതിയെന്ന് പോലീസ് പറയുന്നു. പോലീസ് വീണ്ടും പ്രതിയെ ചോദ്യം ചെയ്യും. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷ്, കീഴ്വായ്പൂര് സി.ഐ. ജി.സുരേഷ് കുമാർ, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്ത് എത്തി.

ദിൻഷയുടെ മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നു.

നടുക്കം വിട്ടുമാറാതെ കുളത്തൂപ്പുഴ ഗ്രാമം

കുളത്തൂപ്പുഴ: കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിനോക്കിയിരുന്ന പെൺകുട്ടിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തിയതായുള്ള വിവരം നടുക്കത്തോടെയാണ് കുളത്തൂപ്പുഴ കേട്ടത്. കുളത്തൂപ്പുഴ നെല്ലിമൂട് കായിക്കര കുന്നുംപുറത്ത് ദിൻഷാമൻസിലിൽ ഷാജി-ഷീജാബീവി ദമ്പതിമാരുടെ ഏകമകൾ ദിൻഷ(20)യെയാണ് കഴിഞ്ഞദിവസം കോഴഞ്ചേരിയിലുള്ള സ്വകാര്യ റിസോർട്ടിൽവെച്ച് സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ, പഠനകാലത്തെ സുഹൃത്തായ പത്തനംതിട്ട കീഴൂക്കര സ്വദേശി ജിത്തുവിനെ സമീപത്തുണ്ടായിരുന്നവർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

പ്ലസ് ടു പഠനത്തിനു ശേഷം കോട്ടയത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ദിൻഷ, രണ്ടു മാസമേ ആകുന്നുള്ളൂ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിക്കുകയറിയിട്ട്. ആക്രിസാധനങ്ങൾ ശേഖരിച്ചു വില്പന നടത്തിവരുന്ന ഷാജി, മകളുടെ ആഗ്രഹമനുസരിച്ചു പഠിപ്പിക്കാൻ തന്റെ ഇല്ലായ്മയിലും ശ്രമച്ചിരുന്നതായി സമീപവാസികൾ പറയുന്നു. ഏതാനും ദിവസം മുൻപ് കുളത്തൂപ്പുഴയിലെത്തിയ ശേഷം ദിൻഷ ഏറെ സന്തോഷത്തോടെയാണ് തിരികെ ജോലിസ്ഥലത്തേക്കു മടങ്ങിയതെന്നും അയൽവാസികൾ ഓർക്കുന്നു.

Content Highlights: A young woman named Dinsha, working as a trainee receptionist at a resort in Maramon, was stabbed to death by her acquaintance, Jithu, due to unrequited love, according to police's preliminary findings. The incident occurred outside the resort where Jithu, after a brief conversation, attacked Dinsha with a knife, attempting to slit her throat; he was apprehended by resort staff and handed over to the police.